|    Jul 23 Mon, 2018 11:18 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ലഹരി വസ്തുക്കളുടെ വ്യാപനം തടയല്‍ : നടപടികള്‍ വ്യക്തമാക്കണമെന്ന് സുപ്രിംകോടതി

Published : 20th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്ത് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്നതു തടയാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം വരുത്തുന്ന ദൂഷ്യഫലങ്ങളെ തടയുന്നതിനു ബോധവല്‍ക്കരണമടക്കം സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ ദേശീയ അടിസ്ഥാനത്തിലുള്ള സര്‍വേ പൂര്‍ത്തീകരിക്കാനും ഇതനുസരിച്ച് കഴിഞ്ഞ ആറുമാസത്തെ വിവരങ്ങളുടെ ഒരു അവലോകനം തയ്യാറാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. കൂടാതെ നാലു മാസത്തിനുള്ളില്‍ ദേശീയതലത്തില്‍ ലഹരിഉപയോഗത്തിനെതിരേ പദ്ധതി ആവിഷ്‌കരിക്കണമെന്നും സുപ്രിംകോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. രാജ്യത്ത് ലഹരിക്കടിമപ്പെട്ട് ആത്മഹത്യകള്‍ സംഭവിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ ജഗദീശ്വര്‍ റെഡ്ഡി എന്നയാള്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. രാജ്യത്ത് ഓരോ ദിവസവും 10 പേര്‍ ലഹരിക്കടിമപ്പെട്ട് ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്ന് ഹരജിക്കാരന്‍ സുപ്രിംകോടതിയെ അറിയിച്ചു.  മഹാരാഷ്ട്ര, കേരളം, തിമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള ആത്മഹത്യകളില്‍ മുന്നില്‍നില്‍ക്കുന്നതായി ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളുണ്ടെന്നും ഹരജിക്കാരന്‍ കോടതിയില്‍ വ്യക്തമാക്കി.2014ല്‍, ലഹരിക്കടിമയായി ആത്മഹത്യ ചെയ്ത കേസുകളില്‍ കേരളം മൂന്നാം സ്ഥാനത്തും തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണെന്ന് എന്‍സിആര്‍ബിയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടി ഹരജിക്കാരന്‍ വാദിച്ചു. ഒന്നാംസ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 2014ല്‍ 1372 ആത്മഹത്യകളും തൊട്ടുപിറകെയുള്ള തമിഴ്‌നാട്ടില്‍ 552ഉം കേരളത്തില്‍ 475 ആത്മഹത്യകളും നടന്നുവെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.ഹുക്ക ബാറുകള്‍, പൊതുമദ്യശാലകള്‍ എന്നിവ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു നിര്‍ദേശം നല്‍കണമെന്നും ഹരജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss