|    Apr 26 Thu, 2018 11:00 pm
FLASH NEWS

ലഹരി വര്‍ജനവുമായി വിമുക്തി മിഷന്‍; പ്രാരംഭ നടപടികള്‍ക്ക് തുടക്കം

Published : 2nd December 2016 | Posted By: SMR

പാലക്കാട്: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കി മയക്കുമരുന്ന് ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന ലഹരിവര്‍ജന മിഷന്‍ ‘ വിമുക്തി’ ബോധവല്‍ക്കരണ പരിപാടി തുടങ്ങും. ലഹരി ഉപഭോഗത്തിനെതിരെ ശക്തമായി പ്രചാരണം നടത്തി ലഹരി വസ്തുക്കളുടെ ശേഖരണം, കൈമാറ്റം , ഉറവിടം എന്നിവ കണ്ടെത്തി ഇല്ലായ്മ ചെയ്യുന്നതിനായി ബഹുജന പങ്കാളിത്തത്തോടുകൂടിയാണ് ‘ വിമുക്തി’ക്ക് രൂപം നല്‍കുക. സ്റ്റുഡന്റ് പോലിസ് കെഡറ്റ്‌സ്്, സ്‌ക്കൂള്‍-കോളജ് ലഹരി വിരുദ്ധ ക്ലബ്ബുകള്‍, എന്‍.എസ്.എസ്, കുടുംബശ്രീ, ലൈബ്രറി കൗണ്‍സില്‍, ലഹരി വിരുദ്ധസംഘടനകള്‍, യുവജന-മഹിളാ സംഘടനകള്‍ എന്നിവര്‍ പദ്ധതിയുടെ ഭാഗമാവും. യുവാക്കളില്‍ ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നതാണ് ലഹരിവര്‍ജന മിഷന്റെ ലക്ഷ്യം. ജില്ലയില്‍ വിമുക്തി പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ജില്ലാ കലക്ടറാണ് സമിതിയുടെ കണ്‍വീനര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ സമിതിയുടെ ഉപാധ്യക്ഷയാണ്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ ജോയിന്റ് കണ്‍വീനറും ജില്ലയിലെ എംപി, എംഎല്‍എ മാര്‍ , വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍, കുടുംബശ്രീ , ഗ്രന്ഥശാല സംഘം , കലാ-കായിക-സാംസ്‌കാരിക-സാഹിത്യ- സന്നദ്ധ സംഘടന- മാധ്യമരംഗത്തെ പ്രതിനിധികള്‍ എന്നിവര്‍ സമിതി അംഗങ്ങളുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ പ്രസിഡന്റ് അധ്യക്ഷനായും വാര്‍ഡ്തലത്തില്‍ തദ്ദേശിയനായ പൗരപ്രമുഖന്‍ അധ്യക്ഷനായും സമിതികള്‍ രൂപവത്കരിക്കും. മിഷന്റെ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും യോഗം ചേരും.മദ്യം -മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വിവിധ സംഘടനകളുടെ ഏകോപനം,ഹെല്‍പ് ലൈന്‍ കോള്‍ സെന്ററുകള്‍. തിരദേശ-ആദിവാസി മേഖലകളില്‍ പ്രത്യേക കാംപെയ്ന്‍ , യുവാക്കളെ കായികമേഖലയിലേക്ക് ആകര്‍ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍,  സ്‌കൂളുകളിലെ അവര്‍ റെസ്‌പോന്‍സിബിലിറ്റി  റ്റു ചില്‍ഡ്രന്‍ ( ഒആര്‍.സി) പദ്ധതിയുടെ ശാക്തീകരണം, നൂതനമായ വിവര വ്യാപനം , ആന്റി-നര്‍ക്കോട്ടിക് സ്‌ക്വാഡ് ശക്തിപ്പെടുത്തല്‍, കൗണ്‍സലിങ്, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ഉള്‍പ്പെടുത്തി ‘ വ്യക്തിത്വ വികാസ് ‘ പരിപാടികള്‍ എന്നിവയാണ് മിഷന്‍ ലക്ഷ്യമിടുന്നത്.ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടുത്തി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഡീ-അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത് കൂടാതെ നിലവിലുള്ള സെന്ററുകളുടെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കും. കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി , ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ മാത്യുസ് ജോണ്‍, അസി.എക്‌സൈസ് കമ്മീഷനര്‍ വിപിസുലേഷ്‌കുമാര്‍, സിഐമാരായ ബിചന്ദ്രന്‍, എരമേഷ്, ആര്‍എം വിനീത് കാരാണി, പിഅനില്‍കുമാര്‍, വിനോദ് കുമാര്‍, കെ. ജയപാലന്‍, ലഹരി വിരുദ്ധസമിതി പ്രവര്‍ത്തകര്‍ , വിവിധ വകുപ്പ് മേധാവികള്‍ , സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss