|    Oct 20 Fri, 2017 5:03 am

ലഹരി മാഫിയയുടെ പിടിയിലമര്‍ന്ന് അരീക്കോട് ഊര്‍ങ്ങാട്ടിരി

Published : 11th August 2017 | Posted By: fsq

 

അരീക്കോട്: ഊര്‍ങ്ങാട്ടിരി, അരീക്കോട്, കിഴുപറമ്പ്, ഒതായി ഭാഗങ്ങളിലെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു. പ്രൊഫഷനല്‍ കോളജുകളിലെ വിദ്യാര്‍ഥികള്‍ വരെ ഈസ്റ്റ് വടക്കും മുറി കല്ലരട്ടിക്കല്‍ ഭാഗങ്ങളില്‍ കഞ്ചാവിന്റെ ആവശ്യ കാരായി എത്താറുണ്ട്. അരീക്കോട്, ഊര്‍ങ്ങാട്ടിരി പ്രദേശങ്ങളില്‍നിന്ന് അടുത്തിടെയാണ് വന്‍തോതില്‍ കഞ്ചാവ് പോലിസ് പിടിച്ചെടുത്തത്. ജില്ലയിലെ മുഖ്യ വിതരണക്കാരായ ഈസ്റ്റ് വടക്കുംമുറി സ്വദേശി കാരിപറമ്പന്‍ സമജ്, പൂവ്വത്തിക്കല്‍ പൂളക്കചാലില്‍ അസീസ് എന്ന അറബി അസീസ് എന്നിവരില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. കന്നുകാലി കച്ചവടത്തിന്റെ മറവില്‍ ഇതരസംസ്ഥാനത്തുനിന്ന് കഞ്ചാവെത്തിക്കുന്നയാളാണ് അസീസ്. അരീക്കോട് ഈസ്റ്റ്, വടക്കുംമുറി കല്ലരട്ടിക്കല്‍, കിണറടപ്പന്‍ ഭാഗങ്ങളില്‍ വ്യാപക വില്‍പന നടത്തിയിരുന്നയാളാണ് കാരിപറമ്പന്‍സമജ്. പശു, ആട് കച്ചവടത്തിന്റെ മറവില്‍ ആവശ്യക്കാരെന്ന വ്യാജേന വീട്ടിലെത്തി വില്‍പന നടത്തുന്ന രീതിയായതുകൊണ്ട് ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. ഈസ്റ്റ് വടക്കുംമുറി, കല്ലരട്ടിക്കല്‍ ഭാഗങ്ങളില്‍ യുവാക്കള്‍ക്കും പണത്തിന് ബുദ്ധിമുട്ടുള്ളവര്‍ക്കും പണം നല്‍കുന്നതുകൊണ്ട് പോലിസിന്റെ ഈ ഭാഗങ്ങളിലെ സാന്നിധ്യം ഇവര്‍ വിളിച്ചറിയിക്കും. ഇതുമൂലം പോലിസിന് പ്രതികളെ പിടിക്കാന്‍ കഴിയാറില്ല. മാസങ്ങള്‍ക്കുമുമ്പ് ഒന്നരക്കിലോ കഞ്ചാവ് വിദ്യാര്‍ഥിനിയില്‍ നിന്ന് അരീക്കോട് പോലിസ് പിടിച്ചെടുത്തെങ്കിലും പ്രതിയായ കല്ലരട്ടിക്കല്‍ സ്വദേശി ബഷീര്‍ ഒളിവിലാണ്. അരീക്കോട്, ഊര്‍ങ്ങാട്ടിരി ഭാഗങ്ങളിലെ കഞ്ചാവ് വില്‍പന നടത്തുന്ന പ്രധാന പ്രതികളാണ് ഇവര്‍, നിരവധി കേസുകള്‍ ഇവര്‍ക്കെതിരേ നിലവിലുണ്ടെങ്കിലും ജാമ്യത്തിലിറങ്ങിയാല്‍ വീണ്ടും വില്‍പന തുടരുകയാണ്. പൂവ്വത്തിക്കല്‍ ചൂളാട്ടിപ്പാറ മുതല്‍ വേഴക്കോട്,കുരിക്കലംമ്പാട്, തെഞ്ചേരി കേന്ദ്രീകരിച്ച്  വില്‍പന ഇപ്പോഴും തുടരുന്നതാണ് സൂചന. ഈ ഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് കരിയര്‍മാര്‍. കഞ്ചാവ് വില്‍പനയ്‌ക്കെതിരേ പരാതിപ്പെടാന്‍ സാധാരണക്കാര്‍ക്ക് പേടിയാണ്. ഈ ഭാഗങ്ങളില്‍ വ്യാജമദ്യ വില്‍പനയും വാറ്റും നടക്കുന്നതായാണ് വിവരം. ചൂളാട്ടിപ്പാറ ചെമ്പ്രകോണ്‍ ഭാഗത്ത് വൈകീട്ട് ആറിനു ശേഷം സ്ത്രീകള്‍കള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍ ഭയമാണ്. കഞ്ചാവ് മുഖ്യ വിതരണക്കാര്‍ വിദ്യാര്‍ഥികളെ കരിയര്‍മാരാക്കിത്തുടങ്ങിയിട്ടുണ്ട്. അടുത്തിടെ ഊര്‍ങ്ങാട്ടിരി, അരീക്കോട് ഭാഗങ്ങളില്‍ വിദ്യാര്‍ഥികളെ പിടികൂടി പോലിസ് താക്കീത് ചെയ്ത് വിട്ടിരുന്നു. കഞ്ചാവ് വില്‍പനക്കാര്‍ ആകര്‍ഷമായ ഓഫര്‍ നല്‍കി വിദ്യാര്‍ത്ഥികളെ വശത്താക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ഥികളെ കരിയര്‍മാരാക്കുകയാണ്. ഇഷ്ടം പോലെ പണവും മൊബൈല്‍ ഫോണും ബൈക്കും നല്‍കി കുട്ടികളെ കരിയറാക്കുകയാണ് ഇവരുടെ രീതി. ഒപ്പം ഇവരെ ലഹരിക്കടിമകളാക്കി മാറ്റും. കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ തന്നെ ശ്രദ്ധിക്കണമെന്ന് അരീക്കോട് എസ്‌ഐ സിനോദ് പറഞ്ഞു. കുട്ടികളിലെ സ്വഭാവമാറ്റം ശ്രദ്ധയില്‍പെട്ടാല്‍ പ്രത്യേകം നിരീക്ഷിക്കണം. പരിസര പ്രദേശങ്ങളില്‍  കഞ്ചാവ് വില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ പോലിസില്‍ വിവരമറിയിക്കാത്തതാണ് വ്യാപകമാവാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക