|    Feb 23 Fri, 2018 12:35 am
FLASH NEWS

ലഹരി-മദ്യ വര്‍ജനം; ജില്ലയില്‍വിമുക്തി മിഷന്‍ 23ന് ആരംഭിക്കും

Published : 20th January 2017 | Posted By: fsq

 

കോട്ടയം: മദ്യവര്‍ജനത്തിന് ഊന്നല്‍ നല്‍കുന്നതിനും മയക്കു മരുന്നുപയോഗം ഇല്ലാതാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിമുക്തി ലഹരി വര്‍ജന മിഷന് 23ന് ജില്ലയില്‍ തുടക്കമാവുമെന്ന് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷനര്‍ സുരേഷ് റിച്ചാര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. അടുത്ത കാലത്തു നടത്തിയ പഠനം അനുസരിച്ച് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം ഏഴു ശതമാനമാണ്. പെണ്‍കുട്ടികളുടെ ഇടയില്‍ ഇതു രണ്ടു ശതമാനവും. സംസ്ഥാന ശരാശരി 15 ശതമാനമാണ്. ആണ്‍കുട്ടികളുടെ സംസ്ഥാന ശരാശരി 13ഉം പെണ്‍കുട്ടികളുടെ സംസ്ഥാന ശരാശരി ആറും ശതമാനമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത 73 സ്‌കൂളുകളില്‍ നിന്നുള്ള 1560 വിദ്യാര്‍ഥികളാണ് സര്‍വേയില്‍ പങ്കെടുത്തത്. സ്‌കൂളുകളിലും സമൂഹത്തിലുമുള്ള നിയമപരമല്ലാത്ത ലഹരിയുടെ ഉപയോഗം ഇല്ലാതാക്കുക, അനുവദിക്കപ്പെട്ട അളവുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നിയമപാലന പ്രവര്‍ത്തനങ്ങളും മദ്യ വര്‍ജനത്തിനു ജനങ്ങളെ പ്രേരിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, ആവശ്യമുള്ളവര്‍ക്ക് ഡി അഡിക്്ഷന്‍ സെന്ററുകള്‍, റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ എന്നിവയുടെ പ്രയോജനം ഉറപ്പുവരുത്തുക തുടങ്ങി ലഹരി വസ്തുക്കളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കിയാണ് വിമുക്തി മിഷന്‍ നടപ്പാക്കുന്നത്. ഒരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും മിഷന്റെ സുഗമമായ നടത്തിപ്പിന് കമ്മിറ്റികള്‍ ഉണ്ടായിരിക്കും.വാര്‍ഡ് മെംബര്‍മാര്‍, പഞ്ചായത്തുതല മിഷന്‍ കോഡിനേറ്റര്‍, സ്‌കൂള്‍-കോളജ് തലവന്മാര്‍, കുടുംബശ്രീ കോഡിനേറ്റര്‍മാര്‍, ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്- വായനശാലാ ഭാരവാഹികള്‍ തുടങ്ങിയവരും കമ്മിറ്റിയുടെ അംഗങ്ങളായിരിക്കും. മിഷന്റെ പ്രവര്‍ത്തന ഏകോപനത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്‌സണും നഗരസഭാധ്യക്ഷര്‍  വൈസ് ചെയര്‍പേഴ്‌സന്‍മാരും കലക്ടര്‍ കണ്‍വീനറുമായി ജില്ലാതല എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. എക്‌സൈസ് ഡപ്യൂട്ടി കമ്മീഷനര്‍ ജോയിന്റ് കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജില്ലാ കോഡിനേറ്ററും വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ അംഗങ്ങളുമാണ്. സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍, നാഷനല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍, എസ്പിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഹയര്‍ സെക്കന്‍ഡറി-കോളജുകളുടെ പ്രതിനിധികളും കുടുംബശ്രീ, എക്‌സൈസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് തുടങ്ങി വിവിധ വകുപ്പതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss