|    Jan 20 Fri, 2017 11:36 am
FLASH NEWS

ലഹരി ഉപയോഗത്തില്‍ കൊച്ചി മൂന്നാം സ്ഥാനത്ത്; ദിവസവും 100 കേസുകള്‍ വീതം രജിസ്റ്റര്‍ ചെയ്യുന്നു

Published : 23rd July 2016 | Posted By: SMR

കൊച്ചി: ഇന്ത്യയില്‍ ലഹരി ഉപയോഗത്തില്‍ അമൃത്‌സര്‍, പൂനെ എന്നീ നഗരങ്ങള്‍ കഴിഞ്ഞാല്‍ കൊച്ചി നഗരത്തിനാണ് മൂന്നാം സ്ഥാനമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. സെന്റ് തെരേസാസ് കോളജിന്റെയും ജനസേവ ശിശുഭവന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ലഹരി വിമുക്ത കൂട്ടായ്മയുടെയും ജനസേവ കൗണ്‍ലിങ് സെന്ററിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ തീരാശാപമായി മാറിയ ലഹരി ഇല്ലാതാക്കാന്‍ സമൂഹം ഒന്നടങ്കം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിന് അധ്യാപകരും രക്ഷിതാക്കളും സദാ ജാഗരൂകരാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേരളത്തില്‍ ഓരോ ദിവസവും 100 കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 40 ദിവസത്തിനുള്ളില്‍ 4000 വ്യാജമദ്യ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. രണ്ടായിരത്തോളം കഞ്ചാവ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ 10,000 പേരില്‍ സ്ത്രീകളും ഉള്‍പ്പെടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.
ലഹരി ഗുളികകളുടെ ഉപയോഗവും സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. ആഘോഷ പരിപാടികളിലും മറ്റും ഇത്തരം ഗുളികകള്‍ നല്‍കുന്നത് ഫാഷന്‍ ആയി മാറിയിട്ടുണ്ട്. വിദ്യാര്‍ഥികളിലെ മയക്കുമരുന്ന് ഉപയോഗം നിര്‍മാര്‍ജനം ചെയ്യാന്‍ അധ്യാപകര്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍, കോളജ് പരിസരങ്ങളിലെ മയക്കുമരുന്ന് വില്‍പന കേന്ദ്രങ്ങളെപ്പറ്റി വിവരം ലഭിക്കുന്ന അധ്യാപകര്‍ പോലിസിനെ അറിയിക്കണം. കുട്ടികള്‍ക്ക് മയക്കുമരുന്നെത്തിക്കുന്ന ഇടപാടുകാര്‍ക്കെതിരേ എല്ലായ്‌പ്പോഴും ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ഹൈസ്‌കൂളുകളിലും 500 കോളജുകളിലും ഉടന്‍ പരാതിപ്പെട്ടി സ്ഥാപിക്കും. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെപ്പറ്റിയുള്ള വിവരം പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാവും. 9447178000 എന്ന തന്റെ മൊബൈല്‍ നമ്പറിലേക്ക് ഏത് സമയത്തും മയക്കുമരുന്നിനെപ്പറ്റിയുള്ള വിവരം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥിനികളുടെ ചോദ്യങ്ങള്‍ക്കും എക്‌സൈസ് കമ്മീഷണര്‍ മറുപടി നല്‍കി. എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോളജ് ഡയറക്ടര്‍ സിസ്റ്റര്‍ വിനീത അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍, ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി, ജനസേവ ഭാരവാഹികളായ അഡ്വ. ചാര്‍ളിപോള്‍, ജോബി തോമസ്, ജിലോ കല്ലറയ്ക്കല്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക