|    Sep 25 Mon, 2017 2:48 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ലഹരി ഉപയോഗം: ബോധവല്‍ക്കരണവുമായി കലാകാരന്‍മാര്‍

Published : 10th July 2016 | Posted By: SMR

തിരുവനന്തപുരം: ലഹരിക്കെതിരേ ബോധവല്‍ക്കരണവുമായി കലാകാരന്‍മാര്‍. ലഹരിയില്‍ മുങ്ങുന്ന കേരള മനസ്സാക്ഷിയെ തൊട്ടുണര്‍ത്താന്‍ നല്ലവീട്, നല്ലനാട് എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന സ്‌റ്റേജ് ഷോ 13ന് വൈകീട്ട് 5.15ന് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ അരങ്ങേറുമെന്ന് നടന്‍ പ്രേംകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ കെ ശൈലജ അധ്യക്ഷയാവും. എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ചലച്ചിത്രതാരങ്ങള്‍, പിന്നണിഗായകര്‍, സീരിയല്‍-നാടക കലാകാരന്‍മാര്‍, സംഗീത സംവിധായകര്‍, മിമിക്രി താരങ്ങള്‍, ജനനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ സ്‌റ്റേജ് ഷോയില്‍ അണിനിരക്കും. കലാകേരളത്തിന്റെ ബാനറില്‍ സംവിധായകന്‍ അനില്‍ നാഗേന്ദ്രനാണ് നല്ലവീടിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
സ്വരലയ, കേരള സര്‍വകലാശാല യൂനിയന്‍ സഹകരണത്തോടെയാണ് സ്‌റ്റേജ് ഷോയുടെ ഉദ്ഘാടനം. കെ എസ് ചിത്ര ഷോയുടെ അവതരണ ഗാനം ആലപിക്കും. താരങ്ങളായ പ്രേംകുമാര്‍, രമേഷ് പിഷാരടി, ഋതേഷ്, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ കലാവിരുന്നൊരുക്കും. കൈതപ്രം ദാമോദരന്‍ നമ്പൂതിരുടെ നേതൃത്വത്തില്‍ ശ്രീകാന്ത്, പി കെ മേദിനി, വൈക്കം വിജയലക്ഷ്മി, കാവാലം ശ്രീകുമാര്‍, ശ്രീറാം, കല്ലറ ഗോപന്‍, കൈതപ്രം ദീപാങ്കുരന്‍ ഉള്‍പ്പെടെയുള്ള നിരവധി പിന്നണിഗായകര്‍ ഒന്നിക്കുന്ന ഗാനമേളയുണ്ടാവും.
സി ജെ കുട്ടപ്പന്‍ നയിക്കുന്ന നാടന്‍പാട്ടുകളുടെ അവതരണവുമുണ്ടാവും. കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, കളരി കലാകാരന്‍മാരും അരങ്ങിലെത്തും. നാടകം, സ്‌കിറ്റ്, മിമിക്രി അവതരണവുമുണ്ടാവും. യൂനിവേഴ്‌സിറ്റി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ എസ് ആര്‍ഷിത, ജനറല്‍ സെക്രട്ടറി ആര്‍ അമല്‍, കലാകേരളം കോ-ഓഡിനേറ്റര്‍ ടി എം അജയകുമാര്‍, വി എന്‍ റോയി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക