|    Oct 16 Tue, 2018 7:56 am
FLASH NEWS

ലഹരിവില്‍പന തടയാന്‍ പോലിസും വനംവകുപ്പും റെയ്ഡ് ശക്തമാക്കും

Published : 28th August 2016 | Posted By: SMR

പത്തനംതിട്ട: ഓണക്കാലത്ത് കഞ്ചാവ്, വ്യാജമദ്യ, ലഹരി വില്‍പന തടയുന്നതിന് പോലിസ്, വനം വകുപ്പുകളുടെ സഹകരണത്തോടെ റെയ്ഡ് ശക്തമാക്കും. ജില്ലാകലക്ടര്‍ ആര്‍ ഗിരിജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാവികസനയോഗത്തിലാണ് തീരുമാനം.
പുനലൂര്‍ മൂവാറ്റുപുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് മൈലപ്രയിലെ ഏഴു കുടുംബങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടി സപ്തംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍(എല്‍എ) അറിയിച്ചു. കോയിപ്രം പഞ്ചായത്തിലെ ആന്താലിമണ്‍ കുടിവെള്ള പദ്ധതിയുടെ രണ്ടു മോട്ടോറുകളും പ്രവര്‍ത്തനരഹിതമായത് നന്നാക്കാന്‍ നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പറഞ്ഞു.
കുടിവെള്ള പദ്ധതി ബ്‌ളോക്ക് പഞ്ചായത്തിന് കൈമാറിയതിനാല്‍ വാട്ടര്‍ അതോറിറ്റിക്ക് അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടുണ്ട്. പദ്ധതി പഞ്ചായത്തിന് കൈമാറുന്നത് ഉചിതമായിരിക്കുമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു. പന്തളം ക്ഷേത്രത്തിനടുത്തെ തൂക്കുപാലം നന്നാക്കുന്നതിന് നടപടി  ഉണ്ടാവണമെന്ന് പന്തളം നഗരസഭാധ്യക്ഷ ടി കെ സതി പറഞ്ഞു. റവന്യു വകുപ്പ് നഗരസഭയ്ക്ക് പാലം വിട്ടുനല്‍കിയാല്‍ അറ്റകുറ്റപ്പണി നടത്താമെന്ന് പന്തളം നഗരസഭാ സെക്രട്ടറി അറിയിച്ചു. ശബരിമലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ കെട്ടിടം പൊളിക്കുന്നത് 31ന് ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കലക്ടറേറ്റില്‍ നിന്ന് പുറത്തേക്ക് വരുന്ന വഴിയുടെ വീതി കൂട്ടുന്നതിനുള്ള എസ്റ്റിമേറ്റ് നഗരസഭ തയ്യാറാക്കണം.
ഓമല്ലൂര്‍ പന്ന്യാലി കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ കുടിവെള്ള പൈപ്പ് ലൈനിന്റെ പണിക്കുള്ള തുക ജില്ലാ പഞ്ചായത്ത് നല്‍കും. അടുത്ത കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അന്യസംസ്ഥഥാന തൊഴിലാളി ക്യാംപുകളില്‍ എല്ലാ മാസവും സ്‌ക്വാഡ് പരിശോധന നടത്തും. കോന്നി, കലഞ്ഞൂര്‍, മുല്ലശേരി, ഈറ്റിമൂട്ടില്‍പ്പടി എന്നിവിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ കെഎസ്ടിപി മുറിച്ചുമാറ്റും. ആറന്‍മുള വള്ളംകളി ദിവസം ഫയര്‍ഫോഴ്‌സിന്റെ സ്റ്റാന്‍ഡ്‌ബൈ യൂനിറ്റുണ്ടാവും.
പന്തളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടങ്ങളുടെ വൈദ്യുതീകരണം ആശുപത്രി മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് ചെയ്യും. കൊടുമണ്‍ പ്ലാന്റേഷന്റെ കാടുപിടിച്ച സ്ഥലം വൃത്തിയാക്കാന്‍ പ്ലാന്റേഷന്‍ മാനേജര്‍ക്ക് കത്തു നല്‍കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. പന്തളം മുതല്‍ കുരമ്പാല വരെയുള്ള തെരുവ് വിളക്കുകള്‍ തെളിയിക്കുന്നതിന് നഗരസഭ ടെന്‍ഡര്‍ വിളിച്ചതായി സെക്രട്ടറി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss