|    Jan 18 Wed, 2017 1:31 pm
FLASH NEWS

ലഹരിവലയില്‍ അകപ്പെട്ട് സുല്‍ത്താന്‍ബത്തേരി

Published : 19th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സമുണ്ടാക്കുന്ന വിധത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ലഹരിമാഫിയ കൊഴുക്കുന്നു. റസിഡന്‍സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ചും മറ്റുമാണ് വില്‍പന.
വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതോടെ ആവശ്യക്കാര്‍ക്ക് നേരിട്ടെത്തിച്ച് കൊടുക്കുന്ന സംഘങ്ങളാണ് വ്യാപകമാവുന്നത്.
ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നവരെ കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി പോലിസ് പിടികൂടിയിരുന്നു. ടൗണില്‍ നിരോധിത പാന്‍മസാല എത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായത്.
ഇവരുടെ ഗോഡൗണ്‍ റെയ്ഡ് ചെയ്ത് 5,000ത്തോളം പാക്കറ്റ് നിരോധിത പാന്‍മസാലയും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് കോളനിയില്‍ ലഹരിവസ്തുക്കള്‍ വില്‍പന നടത്താനെത്തിയവരെ റസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പിടികൂടുകയായിരുന്നു.
സ്‌കൂട്ടറില്‍ ലഹരിവസ്തുക്കളുമായി എത്തിയ രണ്ടംഗ സംഘത്തെ ചോദ്യം ചെയ്യുന്നതിനിടെ സംഘത്തില്‍പ്പെട്ട ഒരാള്‍ പ്രദേശവാസികളിലൊരാളെ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പോലിസ് എത്തിയപ്പോഴേക്കും ഇവര്‍ സ്‌കൂട്ടര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുല്‍ത്താന്‍ ബത്തേരി പള്ളിക്കണ്ടി സ്വദേശി ആദം (33), ഫാരിസ് (39) എന്നിവരെ പിടികൂടിയത്. തുടര്‍ന്ന് ഫയര്‍ലാന്റ് കോളനിയില്‍ ഇവര്‍ വാടകയ്‌ക്കെടുത്ത ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 4,170 പാക്കറ്റ് ഹാന്‍സ് പിടികൂടി.
പുറമെ സംഘം വില്‍പനയ്ക്കായി ബാഗില്‍ കൊണ്ടുവന്ന 162 പാക്കറ്റ് കൂള്‍ലിപ്പ്, 750 പാക്കറ്റ് മറ്റ് നിരോധിത ലഹരിവസ്തുക്കള്‍ എന്നിവയും പിടിച്ചെടുത്തു. ഇവര്‍ക്കെതിരേ രണ്ടു കേസുകളെടുത്തതായി സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണി പറഞ്ഞു.
ഗോഡൗണ്‍ റെയ്ഡിന് അഡീഷനല്‍ എസ്‌ഐമാരായ സാജു, പൗലോസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹരീഷ്, ബിനു, രവി, സജീഷ് എന്നിവരും നേതൃത്വം നല്‍കി. നിരോധിത പാന്‍മസാല എത്തിച്ച് വില്‍പന നടത്തുന്നതിനിടെ പിടിയിലായവര്‍ക്കും ഇത്തരത്തില്‍ പാന്‍മസാല വില്‍പന നടത്തുന്നവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഫെയര്‍ലാന്റ് കോളനിവാസികള്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 41 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക