|    Jan 16 Mon, 2017 4:39 pm

ലഹരിയോട് വിടപറഞ്ഞ് ബൈരക്കുപ്പ

Published : 19th October 2016 | Posted By: Abbasali tf

പനമരം: കമ്പനി നദിയോട് ചേര്‍ന്ന കര്‍ണാടക ഗ്രാമമായ ബൈരക്കുപ്പ ലഹരിമുക്തമാവുന്നു. നാടന്‍ചാരായം, കഞ്ചാവ്, സ്പിരിറ്റ് എന്നിവയോട് ഗ്രാമം മുഖംതിരിച്ചു. ബൈരക്കുപ്പയെ അറിയുന്നവര്‍ ഇതു വിശ്വസിക്കുന്നില്ലെങ്കിലും വലിയ മാറ്റമാണ് ഇവിടെയുണ്ടായത്. ഏതാനും സ്ത്രീകളുടെ പരിശ്രമത്തിന്റെയും ചെറുത്തുനില്‍പിന്റെയും ഫലമാണിത്. കബനി നദിയും കൊടും കാടും അതിര്‍ത്തി നിശ്ചിയിക്കുന്ന ബൈരക്കുപ്പയില്‍ നിന്ന് ഏറ്റവുമടുത്ത പോലിസ് സ്‌റ്റേഷന്‍ 40 കിലോമീറ്റര്‍ അകലെയാണ്. തൊട്ടടുത്ത ബാവലിയില്‍ നിന്ന് 20 കിലോമീറ്റര്‍ മാറി തോല്‍പ്പെട്ടിയിലാണ് വയനാട്ടിലെ പോലിസ് സ്‌റ്റേഷന്‍. ഇതുകൊണ്ടു തന്നെ ബൈരക്കുപ്പ ഒറ്റപ്പെട്ടുകിടക്കുന്നു. ഇക്കാരണത്താല്‍ ലഹരി മാഫിയകള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള അവസരങ്ങളുണ്ടായി. ചുറ്റും നിബിഡവനമായതിനാല്‍ കഞ്ചാവ് വളര്‍ത്താനും പ്രദേശത്തെ സാമൂഹികവിരുദ്ധര്‍ക്കു കഴിഞ്ഞു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ബൈരക്കുപ്പയെ സാമൂഹിക വിരുദ്ധരുടെ താവളമാക്കി.നാടന്‍ചാരായവും കഞ്ചാവും വിദേശമദ്യവും വീട്ടുസാധനങ്ങള്‍ പോലെ അങ്ങാടിയില്‍ വില്‍ക്കാന്‍ തുടങ്ങി. മാര്‍ക്കറ്റില്‍ മല്‍സ്യം വില്‍ക്കുന്ന ലാഘവത്തോടെ പത്തും പന്ത്രണ്ടും വയസ്സായ കുട്ടികള്‍ അങ്ങാടിയിലൂടെയും പാതയോരത്തും ചാരായവും കഞ്ചാവും വിറ്റുനടക്കുന്നത് മുന്‍കാലങ്ങളില്‍ പതിവ് കാഴ്ചയായിരുന്നു. ഇതു പൂര്‍ണമായി ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. വനിതാ മെംബര്‍മാരുടെയും മറ്റ് സ്ത്രീകളുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി. പിന്നെ കച്ചവടക്കാരെയും ഏജന്റുമാരെയും നേരില്‍ കണ്ട് കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തി. അതിനു ശേഷം ബീച്ചനഹള്ളി പോലിസിനെയും അറിയിച്ചു. ഇതോടെയാണ് ബൈരക്കുപ്പയിലെ അശാന്തി ഇല്ലാതായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക