|    Aug 21 Tue, 2018 10:46 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ലഹരിക്ക് അലോപ്പതി മരുന്നുകളുടെ ദുരുപയോഗം കൂടുന്നു

Published : 1st August 2018 | Posted By: kasim kzm

റജീഷ്  കെ  സദാനന്ദന്‍
മഞ്ചേരി: അലോപ്പതി മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിക്കുമ്പോള്‍ പ്രതിരോധമില്ലാതെ സര്‍ക്കാര്‍. പരിശോധനകള്‍ കാര്യക്ഷമമാക്കാനും മരുന്നുകളുടെ ദുരുപയോഗം തടയാനും നിലവില്‍ സംവിധാനങ്ങളില്ല. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരുടെ കുറവാണ് പ്രധാന വെല്ലുവിളി. പരിശോധനകള്‍ നാമമാത്രമായതോടെ അലോപ്പതി മരുന്നുകളുടെ ദുരുപയോഗം വിദ്യാര്‍ഥികള്‍ക്കിടയില്‍ വര്‍ധിക്കുന്നു. പ്രശ്‌നം സങ്കീര്‍ണമാവുമ്പോള്‍ മരുന്നു വിപണനത്തിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കണമെന്ന ആവശ്യവും ശക്തമാവുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്കിടയിലാണ് അലോപ്പതി മരുന്നുകള്‍ ലഹരിക്കായി ഉപയോഗിക്കുന്ന പ്രവണതയേറുന്നതെന്ന് എക്‌സൈസ് വകുപ്പ് അടുത്തിടെ പിടികൂടിയ കേസുകളെല്ലാം സൂചിപ്പിക്കുന്നു. നിട്രാസെപാം, എംഡിഎംഎ തുടങ്ങിയ മരുന്നുകളുമായാണ് ലഹരി വില്‍പന സംഘങ്ങള്‍ ഭൂരിഭാഗം കേസുകളിലും പിടിയിലാവുന്നത്. മാനസികാരോഗ്യത്തിനു വെല്ലുവിളി നേരിടുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വിതരണം ചെയ്യാന്‍ പാടില്ലാത്ത മരുന്നുകളാണ് ലഹരി മാഫിയയില്‍ നിന്നു സുലഭമായി ലഭിക്കുന്നത്. മരുന്നുവിതരണത്തിലെ നിരീക്ഷണക്കുറവും ജാഗ്രതയില്ലായ്മയും ഫലപ്രദമായി മുതലെടുക്കുകയാണിവര്‍.
ലഹരി സ്വഭാവമുള്ള മരുന്നുകളുടെ ദുരുപയോഗത്തിലേക്ക് പലപ്പോഴും വിദ്യാര്‍ഥികളും യുവാക്കളുമാണ് ആകൃഷ്ടരാവുന്നത്. വിദ്യാലയ പരിസരങ്ങളിലും കലാലയങ്ങള്‍ കേന്ദ്രീകരിച്ചും ലഹരി മാഫിയ പ്രവര്‍ത്തിക്കുന്നതും ഇതേ ലക്ഷ്യത്തോടെയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. അലോപ്പതി മരുന്നുകളുടെ അമിത ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ അവബോധമില്ലായ്മ യാണ് പലപ്പോഴും ഇരകളെ സൃഷ്ടിക്കുന്നത്. ഇത്തരം മരുന്നുകള്‍ മദ്യം പോലെയുള്ള മറ്റു ലഹരിവസ്തുക്കളോടൊപ്പം ചേര്‍ത്തുപയോഗിക്കുന്നവരും കുറവല്ല. തലച്ചോറിനെയും കേന്ദ്ര നാഡീവ്യൂഹത്തെയും ബാധിക്കുന്ന ലഹരിമരുന്നുകള്‍ ശാരീരികവും മാനസികവുമായുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ അതീവഗുരുതരമാണ്.
മരുന്നുകളുടെ ഉപയോഗവും വില്‍പനയും കൃത്യമായി പരിശോധനാവിധേയമാക്കാന്‍ നിലവിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണ്. ആവശ്യത്തിന് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരില്ലാത്തതാണ് മിക്ക ജില്ലകളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഞ്ചി ല്‍ താഴെ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മാത്രമാണ് മിക്ക ജില്ലകളിലുമുള്ളത്.
ജീവനക്കാരുടെ കുറവും പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വാഹനങ്ങളില്ലാത്തതും ഉദ്യോഗസ്ഥരെ കുഴക്കുമ്പോള്‍ വിഷയത്തില്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള ഇടപെടലാണ് അനിവാര്യമെന്ന് ജീവനക്കാര്‍തന്നെ പറയുന്നു. ആതുരാലയങ്ങളിലേക്ക് ചികില്‍സയ്ക്കായി എത്തി ഒപി കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്ത് പരിശോധനാ ചീട്ട് കൈവശപ്പെടുത്തി ഡോക്ടര്‍ പരിശോധിക്കുന്നതിനു മുമ്പ് ആവശ്യമായ ലഹരിമരുന്നുകളുടെ പേരുകള്‍ കുറിച്ച് ഇത്തരം മരുന്നുകള്‍ കൈക്കലാക്കുന്ന രീതിയാണ് ലഹരിമാഫിയ അവലംബിക്കുന്നത്. ഇതു തടയാന്‍ സര്‍ക്കാര്‍ ആതുരാലയങ്ങളിലും സ്വകാര്യ ആതുരാലയങ്ങളിലും സംവിധാനമില്ല. ഇതിന് ആധാര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss