|    Jun 18 Mon, 2018 4:37 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ലളിത് മോദി മുതല്‍ വിജയ് മല്യ വരെ

Published : 17th June 2016 | Posted By: mi.ptk

ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 6,700 കോടി രൂപ വാങ്ങി സ്വന്തം ഭാര്യ സോണിയയോടൊപ്പം മുങ്ങിയ ജതിന്‍ മേത്ത എന്ന വജ്രവ്യാപാരിയെക്കുറിച്ച് കേന്ദ്ര ഭരണകൂടം ഇതുവരെ പ്രതികരിച്ചതായി കാണുന്നില്ല. പൊതു സ്വത്ത് കൈക്കലാക്കുന്നതില്‍ വലിയ മിടുക്ക് കാണിക്കുന്ന ഗൗതം അദാനിയുടെ ബന്ധുവാണ് ഗുജറാത്തില്‍നിന്നുള്ള വജ്രവ്യാപാരി. സ്വാഭാവികമായും പ്രധാനമന്ത്രിയുടെയും ഇഷ്ടക്കാരന്‍. വജ്രവ്യവസായത്തിന്റെ ആസ്ഥാനമാണ് ഗുജറാത്ത്. പ്രതിദിനം കോടികള്‍ വരുമാനമുള്ള വജ്രവ്യവസായികള്‍ക്ക് ഭരണകൂടത്തിനുമേല്‍ വലിയ സ്വാധീനമാണ്.ഇന്ത്യന്‍ പൗരത്വം തന്നെ ഉപേക്ഷിച്ചാണ് വജ്രദമ്പതിമാര്‍ രാജ്യം വിട്ടതെന്നു റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നല്ല കാശ് നിക്ഷേപിച്ചാല്‍ പൗരത്വം നല്‍കുന്ന ഒരുപാട് രാജ്യങ്ങള്‍ ലോകത്തുണ്ട്. ആരെ കൊന്നിട്ടാണ്, എന്തു തട്ടിപ്പു നടത്തിയാണ് പണമുണ്ടാക്കിയതെന്നുമവര്‍ അന്വേഷിക്കില്ല. വജ്ര വ്യവസായികളാവട്ടെ അണ്ടര്‍ ഇന്‍വോഴ്‌സിങും ഓവര്‍ ഇന്‍വോഴ്‌സിങും നടത്തി നികുതി വെട്ടിക്കുന്നതില്‍ മിടുക്കരാണ്. ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ് പൊതുമേഖലാ-സ്വകാര്യ ബാങ്കുകളില്‍നിന്ന് എത്ര പണം തട്ടിയെടുത്തു എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. അയാളെ തിരികെയെത്തിക്കാന്‍ കഴിയുമോ എന്നു കണ്ടറിയേണ്ടതുണ്ട്. അത്തരക്കാരെ തിരികെ കൊണ്ടുവന്നു വിചാരണ ചെയ്തു ശിക്ഷിക്കുന്നതില്‍ പൊതുവില്‍ കേന്ദ്ര ഭരണകൂടം പരാജയപ്പെടുന്നതായിട്ടാണ് അനുഭവം. ഇച്ഛയില്ലായ്മയാണ് പ്രധാന തടസ്സം. നിയമം പറയുന്നതുപോലെയുള്ള കൃത്യമായ രേഖകള്‍ തയ്യാറാക്കി വിദേശ രാജ്യങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിലുള്ള കാലതാമസം പലപ്പോഴും മനപ്പൂര്‍വമാണ്. ബാങ്കുകളില്‍ നിന്നു കോടികള്‍ വായ്പയെടുക്കുമ്പോള്‍ അതിലൊരു നിശ്ചിത ശതമാനം ഉന്നത ബാങ്കുദ്യോഗസ്ഥന്‍മാരുടെയും രാഷ്ട്രീയക്കാരുടെയും കീശയിലെത്തുന്നു. ഉന്നത ബ്യൂറോക്രസിയില്‍ അവര്‍ക്കുള്ള സ്വാധീനവും ചെറുതായിരിക്കില്ല. അതിനാല്‍ കുറ്റവാളികളെ തിരികെയെത്തിക്കാനുള്ള ഫയലുകള്‍ അലമാരയില്‍ സുഖസുഷുപ്തിയിലായിരിക്കും. അല്ലെങ്കില്‍ പ്രതികള്‍ ദാവൂദ് ഇബ്രാഹീമോ അബു സലീമോ ആയിരിക്കണം.സൈന്യത്തിന്റെ നേവല്‍ വാര്‍ റൂമില്‍ നിന്ന് രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യമായ വിവരങ്ങള്‍ ആയുധ വ്യാപാരികള്‍ക്കു ചോര്‍ത്തിക്കൊടുത്ത രവിശങ്കരനെ ഇപ്പോള്‍ ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ. ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഗള്‍ഫ് നാടുകളിലേക്ക് ഓടിച്ചെന്നു ശക്തി കൂടിയ ശിവകാശി പടക്കം നിര്‍മിക്കുന്നതിനെ പറ്റി ഗൂഢാലോചന നടത്തി എന്നാരോപിച്ചു ഭീകരരെ പിടികൂടുന്ന എന്‍ഐഎക്കു പോലും അയാളൊരു വിഷയമല്ല. 2006ല്‍ സിബിഐ അയാള്‍ക്കെതിരേ കേസെടുത്തു. രഹസ്യം ചോര്‍ന്നത് ഒമ്പതു വര്‍ഷം മുമ്പാണ് എന്നത് ഓര്‍ക്കണം. രാജ്യം കണ്ട ഏറ്റവും പ്രമാദമായ ചാരവൃത്തിയിലെ മുഖ്യപ്രതി ഇപ്പോഴും ലണ്ടനില്‍ സുഖമായി കഴിയുന്നു. 2014ല്‍ അയാളെ ഇന്ത്യക്കു വിട്ടുകൊടുക്കാനുള്ള ബ്രിട്ടിഷ് ഗവണ്‍മെന്റിന്റെ ഉത്തരവ് ഒരു കോടതി റദ്ദാക്കി. ഇന്ത്യയില്‍ കേസ് തുടങ്ങിയിട്ടുപോലുമില്ല എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ തന്നെയുള്ള ശങ്കരന് അനുകൂലമായുള്ള ഈ കോടതിവിധിക്കെതിരേ കേന്ദ്രസര്‍ക്കാരോ സിബിഐയോ അപ്പീല്‍ നല്‍കുന്നില്ലത്രേ. സിബിഐയുടെ പക്കല്‍ വാര്‍റൂം ലീക്കില്‍ ശങ്കരനുള്ള പങ്കിനെ പറ്റി വേണ്ട വിവരങ്ങള്‍ ഉണ്ടെന്നു ബ്രിട്ടിഷ് കോടതിയില്‍ ക്രൗണ്‍ പ്രോസിക്യൂഷന്‍ ഓഫിസ് തന്നെയാണു വിധിച്ചത്. കിം ഫലം? ഇന്ത്യക്കാര്‍ക്കു വേണ്ടെങ്കില്‍, പണം വരുമെങ്കില്‍ ഏതു ക്രമിനലിനെയും സ്വാഗതം ചെയ്യുന്ന സായിപ്പന്‍മാര്‍ക്ക് എന്തു പ്രശ്‌നം. തമാശ വേറയുമുണ്ട്. ശങ്കരന്റെ കൂട്ടുപ്രതികളായ മൂന്നു നാവിക ഉദ്യോഗസ്ഥന്മാര്‍ കുല്‍ബുശന്‍ പ്രഥാന്‍, വിജേന്ദ്രറാണ, വി കൊജോ, വ്യോമസേനയിലെ സംബാലാല്‍ സുര്‍വെ, ആയുധ വ്യാപാരിയായ അഭിഷേക് വര്‍മ എന്നിവര്‍ കേസില്‍ വിചാരണ നേരിടുകയാണ്. ഏതാണ്ട് 7,000 പേജ് വരുന്ന രാജ്യരക്ഷാ രേഖകള്‍ ചോര്‍ത്തിക്കൊടുത്തുവെന്നതാണ് കുറ്റം. അഭിഷേക് വര്‍മ നേവിയിലും വ്യോമസേനയിലുമുള്ള ഉന്നതന്മാര്‍ക്കു കോടികള്‍ കൈമാറിയതിന്റെ രേഖകളും പ്രോസിക്യൂഷന്റെ കൈയിലുണ്ട്.വലിയ തട്ടിപ്പുകാരൊക്കെ അധികൃതരുടെ കണ്ണു വെട്ടിച്ചോ മൗനസമ്മതം വാങ്ങിയോ ലണ്ടനിലേക്കാണു കടക്കാറ്. ലണ്ടനിലും സമീപത്തുമൊക്കെ താമസിക്കാന്‍ ആഡംബര വസതിയും പരിചാരകരും നേരത്തേ തയ്യാറാക്കിയിരിക്കുന്നതിനാല്‍ ജീവിതം സുഖകരമായി മുമ്പോട്ടു പോവും. രവിശങ്കരന്‍ ഈയിനത്തില്‍ ഒരു ചെറിയ കളിക്കാരന്‍ മാത്രമായിരിക്കും. റഷ്യയില്‍നിന്നു കമ്മ്യൂണിസ്റ്റ് സഖാക്കന്മാര്‍ കിട്ടിയ തക്കം നോക്കി രാജ്യം കൊള്ളയടിച്ചു നേരെ ലണ്ടനിലെത്തിയിരുന്നു. കൂടെ കോടിക്കണക്കില്‍ ഡോളര്‍ ഉണ്ടായിരുന്നു എന്ന് അനുക്തസിദ്ധം. അന്നു പ്രസിഡന്റായിരുന്ന ബോറിസ് യെല്‍ത്‌സിന്‍ രാജ്യത്തിന്റെ ഗേറ്റുകളൊക്കെ തുറന്നിട്ട അവസരമായിരുന്നു അത്. പിന്നീട് പുടിന്‍ ഭരണാധികാരിയായി ഗേറ്റടച്ചപ്പോള്‍ ചില വമ്പന്‍ തുരപ്പന്മാര്‍ അവിടെ ജയിലിലായി. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ നയം വളരെ സ്ഫുടമാണ്. വലിയ മനുഷ്യാവകാശ ലംഘനം നടത്തരുതെന്ന് ഒരു നിബന്ധനയുണ്ട് എന്നു മാത്രം. രാഷ്ട്രീയാഭയത്തിനു കൈയില്‍ പൂത്ത പണം വേണം. ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള പല തിരുടന്മാരും ലണ്ടനിലാണു താമസം. ഇന്ത്യയിലെ ഇരുമ്പയിരും ബോക്‌സൈറ്റും കവര്‍ന്നെടുക്കുന്ന വീരന്മാര്‍ പ്രവാസി ഇന്ത്യക്കാര്‍ എന്ന പേരടിച്ച് അവിടെ താമസിക്കുന്നു. അതുകൊണ്ടു പല ഗുണവുമുണ്ട്. ശ്വസനവായുവരെ മലിനമായ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നു വിട്ടുനില്‍ക്കാം; ഇന്ത്യയില്‍ നിയമലംഘനം നടത്തുമ്പോള്‍ ബ്രിട്ടനിലെ താമസം ഒരു പരിരക്ഷയാണ്.  യുബി ഗ്രൂപ്പ് ചെയര്‍മാന്‍ വിജയ് മല്യ ആദ്യം പറഞ്ഞ തിരുടന്മാരില്‍ പെട്ടതാണ്. പുള്ളിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മേധാവിയായിരുന്ന ലളിത് മോദിയും ഒരേ ഇനം ജീവിവര്‍ഗംതന്നെ. രണ്ടു കൂട്ടര്‍ക്കും കേന്ദ്രഭരണകൂടത്തിന്റെ സംരക്ഷണമുണ്ടായിരുന്നു. ഭരിക്കുന്നത് കോണ്‍ഗ്രസ് ആയിരുന്നാലും ബിജെപി ആയിരുന്നാലും നോട്ടടിക്കുന്നത് റിസര്‍വ് ബാങ്ക് തന്നെയാണ്. അതിനാല്‍ രാഷ്ട്രീയക്കാര്‍ എപ്പോഴും സംരക്ഷണവലയം തീര്‍ക്കും. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ സംരക്ഷണയിലാണ് വലിയ ബിസിനസുകാരനായിരുന്ന മോദി രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റും പിന്നെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഉന്നതനുമായത്. നമ്മുടെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ അടുത്ത സുഹൃത്തായ മോദിക്ക് സ്വന്തം ഭാര്യയുടെ ചികില്‍സയ്ക്കു വേണ്ടി പോര്‍ച്ചുഗലില്‍ പോവാനുള്ള അനുമതി നല്‍കുന്നതിനു ശുപാര്‍ശക്കത്തയച്ചത് സിന്ധ്യയും സ്വരാജുമാണ്. അതിന്റെയൊക്കെ പ്രതിഫലവും അവര്‍ക്കുണ്ട്. മോദിയും മല്യയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ക്രിക്കറ്റ് തട്ടിപ്പില്‍ പങ്കാളികളായിരുന്നു. മാര്‍ച്ചില്‍ മുംബൈയിലെ ഒരു പ്രത്യേക കോടതി മോദിയെ തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ തുടങ്ങാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് അനുവാദം നല്‍കി. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നാലിനങ്ങളില്‍ തട്ടിപ്പു നടത്തി മോദി ഏതാണ്ട് 500 കോടി രൂപ അടിച്ചെടുത്തതായി പറയുന്നു. 1985ല്‍ യുഎസില്‍ പഠിക്കുമ്പോള്‍ മയക്കുമരുന്നു വില്‍പനയ്ക്കു ശ്രമിച്ചതിന്റെ പേരില്‍ മോദിക്ക് രണ്ടു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചിരുന്നു. അധികൃതരുമായി സഹകരിച്ചതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്തു. നിര്‍ബന്ധ സാമൂഹിക സേവനം നടത്തുന്നതിനിടയില്‍ അനാരോഗ്യം പറഞ്ഞു കോടതിയുടെ അനുവാദത്തോടെ യുഎസ് വിടുകയായിരുന്നു അയാള്‍. ബിജെപി നേതാക്കളുമായി അടുത്ത ബന്ധമുള്ള മോദിയുടെ പേരില്‍ കുറ്റംചുമത്താന്‍ വരെ അധികൃതര്‍ക്കു മടിയായിരുന്നു. അവസാനം സമ്മര്‍ദ്ദം കൂടിയപ്പോള്‍ കേസെടുക്കാമെന്നായി. അതിനിടയ്ക്കു കിളി പറന്നിരുന്നു. ഇന്റര്‍പോളില്‍ അധികൃതര്‍ ഒരപേക്ഷ കൊടുത്തു. വിളറിയ നീലയിലുള്ള ഒരു ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇന്റര്‍പോള്‍ പുറപ്പെടുവിച്ചു. വല്ലവനും കണ്ടാല്‍ പിടിച്ച് ഇന്റര്‍പോള്‍ ഓഫിസിലെത്തിച്ചാല്‍ നോക്കാമെന്ന അര്‍ഥമേ അതിനുണ്ടായിരുന്നുള്ളൂ. മോദിയാരാ മോന്‍! സ്‌പെയിനിലെ ബാഴ്‌സിലോനയില്‍ ഒരു മല്‍സരം കാണാനെത്തിയ മോദി ഇന്റര്‍പോള്‍ മേധാവി റൊണാള്‍ഡ് നോബിളുമായി നില്‍ക്കുന്ന ഒരു പടമെടുത്ത് ഇന്‍സ്റ്റാഗ്രാമിലിട്ടു. വിവാദമായപ്പോള്‍ നോബിള്‍ പറഞ്ഞത് മോദിക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നു താനറിഞ്ഞില്ല എന്നായിരുന്നു. പക്ഷേ, നോബിളും അനിയന്‍ ജെയിംസും മോദിയുമായി സ്ഥിരമായി ഇമെയില്‍ സന്ദേശം കൈമാറുന്ന വിവരം പിന്നീടു പുറത്തായി. അതിലൊന്ന് യുഎസില്‍ ഒരു വസ്തു വാങ്ങുന്ന കാര്യമായിരുന്നു. മറ്റേ മോദി പ്രധാനമന്ത്രിയായതോടെ ലളിതിനെ പിടിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ മെല്ലെയായി. മോദിയുടെ പാസ്‌പോര്‍ട്ട് പിന്‍വലിച്ച നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയതു കഴിഞ്ഞ വര്‍ഷം. മോദിക്കു വേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാള്‍ സുഷമാസ്വരാജിന്റെ പുത്രി തന്നെയായിരുന്നു. അതിനിടയിലാണ് വിജയ്മല്യ ലണ്ടനിലെത്തുന്നത്. ഏതാണ്ട് 7,000 കോടിയാണ് മല്യ പലതരം പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഉള്ളതും ഇല്ലാത്തതുമായ ഈടു നല്‍കി തട്ടിയെടുത്തത്. മല്യയുടെ ആസ്തികള്‍ക്കൊക്കെ ഉള്ളതില്‍ കവിഞ്ഞ മൂല്യം കാണിച്ചായിരുന്നു ബാങ്കുകള്‍ വായ്പ കൊടുത്തത്. കള്ളുകച്ചവടമായിരുന്നു മല്യയുടെ പ്രധാന വരുമാനമാര്‍ഗം. അതിന്റെ ലാഭം കുന്നുകൂടിയപ്പോള്‍ മദിരയും മദിരാക്ഷിയും കൊള്ളലാഭവുമുള്ള പല മേഖലകളിലേക്കും തിരിഞ്ഞു. കിങ്ഫിഷര്‍ എന്ന പേരില്‍ ഒരു എയര്‍ലൈന്‍സ് ഉണ്ടാക്കിയത് ഡക്കാന്‍ എയറിനെ ഒതുക്കിയാണെന്നു കേട്ടിരുന്നു. അച്ചാ ദിന്‍ ആഘോഷിക്കുന്നതിനായിരുന്നു കിങ്ഫിഷര്‍ ബ്രാന്‍ഡ്. പകിടകളി മൂത്തപ്പോള്‍ കടം വന്നു. പെരുംകടം. ആസ്തി പരിശോധിച്ചപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ വായ്പ തന്നെ തിരിച്ചെടുക്കുക പ്രയാസമായി. ഇന്ത്യയില്‍ സ്റ്റേയും അപ്പീലും റിവിഷന്‍ പെറ്റീഷനുമായി എത്രയും കാലം വമ്പന്മാര്‍ക്കു പിടിച്ചുനില്‍ക്കാം. അതിനിടയ്ക്ക് രാജ്യസഭാ എംപി സ്ഥാനം കൂടി അടിച്ചെടുത്ത വിജയ് എന്‍ആര്‍ഐ പദവിയും കൈവശം വച്ചിരുന്നു. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ടപ്പോഴാണ് ലണ്ടനിലേക്ക് ‘ഒളിച്ചു’കടന്നത്. ഒളിച്ചുവെന്നത് അധികൃതരുടെ ഭാഷ്യമാണ്. മൂപ്പിലാന്‍ ഇമിഗ്രേഷന്റെ എല്ലാ ചട്ടങ്ങളും പൂര്‍ത്തിയാക്കിയാവണം ഫസ്റ്റ്ക്ലാസ് ലൗഞ്ചിലേക്കു കയറിയത്. പിന്നെ ഗേറ്റില്‍ വച്ചു പിടിക്കാന്‍ പറ്റിയ ഉരുപ്പടിയല്ലല്ലോ മല്യ. ഇന്ത്യ 42 രാജ്യങ്ങളുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. മറ്റ് ഒമ്പതു രാജ്യങ്ങളുമായി ധാരണയിലുമേര്‍പ്പെട്ടിരിക്കുന്നു. എന്നാല്‍ അന്യ രാജ്യത്ത് താമസിക്കുന്നവരോ അന്യ രാജ്യക്കാരോ ആയ വമ്പന്‍മാരെ തിരികെ കൊണ്ടു വരുന്നതില്‍ കേന്ദ്ര ഗവണ്‍മെന്റ് പരാജയപ്പെടുകയായിരുന്നു. യൂനിയന്‍ കാര്‍ബൈഡിന്റെ മേധാവിയായ വാറന്‍ ആന്‍ഡേഴ്‌സനെ ഭോപ്പാല്‍ വാതകദുരന്തത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തുവെങ്കിലും നാലു ദിവസത്തിനകം അയാളെ പറഞ്ഞുവിടുകയായിരുന്നു. അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന നരസിംഹറാവുവാണ് മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങിനെ ടെലഫോണില്‍ വിളിച്ച് ആന്‍ഡേഴ്‌സനെ മോചിപ്പിക്കാന്‍ കല്‍പിച്ചത്. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഏതാണ്ട് 15,000 പേര്‍ കൊല്ലപ്പെട്ട ഭോപ്പാല്‍. 2003ല്‍ ആന്‍ഡേഴ്‌സനെ വിട്ടുനല്‍കാന്‍ സിബിഐ ഹരജി നല്‍കി. ഫ്‌ളോറിഡയിലെ കടല്‍ത്തീരത്ത് വമ്പന്‍ വസതിയില്‍ ആഡംബരപൂര്‍ണമായ ജീവിതം നയിച്ചിരുന്ന ആന്‍ഡേഴ്‌സന്‍ എവിടെയെന്നു സിബിഐ അന്വേഷിച്ചില്ല. 92ാമത്തെ വയസ്സില്‍ അയാള്‍ മരണമടഞ്ഞപ്പോള്‍ ഏജന്‍സി വാര്‍ത്ത വായിച്ചു സിബിഐ ഫയല്‍ കെട്ടിവച്ചുകാണും. ആന്റേഴ്‌സന്‍ മരിച്ചതറിഞ്ഞപ്പോള്‍ വാതകദുരന്തത്തില്‍ ജീവന്‍ ബാക്കിയായവര്‍ അയാളുടെ പടത്തില്‍ തുപ്പി ദേഷ്യം തീര്‍ത്തുവത്രേ. നിയമപരമായ കര്‍ശന വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാണ് ഒരു കുറ്റവാളിയെ വിട്ടുകിട്ടാന്‍ മറ്റൊരു രാജ്യത്തെ സമീപിക്കേണ്ടത്. ചില രാജ്യങ്ങള്‍ വധശിക്ഷ നല്‍കുന്ന രാജ്യങ്ങളിലേക്കു കുറ്റവാളികളെ കൈമാറില്ല. പോര്‍ച്ചുഗലിലായിരുന്ന അബു സലീം എന്ന അധോലോക നേതാവിനെയും ഭാര്യ മോണിക്കയെയും ഇന്ത്യക്കു വിട്ടു കൊടുക്കുമ്പോള്‍ വധശിക്ഷയോ 25 വര്‍ഷത്തിലധികം തടവോ ഉള്ള കുറ്റകൃത്യങ്ങള്‍ക്ക് അവരെ വിചാരണ ചെയ്യരുതെന്ന കോടതി നിബന്ധന ഇന്ത്യ അംഗീകരിച്ചിരുന്നു. 2005ല്‍ ഇരുവരും രാജ്യത്തെത്തിയതോടെ ഇന്ത്യ നിലപാടു മാറ്റി. അബു സലീമിന്റെ പേരില്‍ കൊലക്കുറ്റമടക്കം പലതും ചുമത്തി. പിന്നീട് സുപ്രിം കോടതി ഇടപെട്ടതോടെയാണ് സിബിഐ ആ കളി തല്‍ക്കാലം നിര്‍ത്തിയത്. വിജയ് മല്യയുടെ കാര്യത്തില്‍ സിബിഐയോ ഭരണകൂടമോ അതിയായ ഉല്‍സാഹം കാണിക്കുമെന്നു കരുതുക വയ്യ. നിയമപരമായ നൂലാമാലകള്‍ക്കപ്പുറം ഒരു ഭരണകൂടത്തിന്റെ രാഷ്ട്രീയ സ്വാധീനമാണ് പലപ്പോഴും കുറ്റവാളികളെ വിട്ടുകിട്ടുന്നതിനു സഹായിക്കുക. യുഎഇയില്‍ നിന്ന് 17 പരല്‍ മീനുകളെ നാടകീയമായും അല്ലാതെയും ഇന്ത്യയിലേക്കെത്തിച്ചതിനു പിന്നില്‍ സമ്മര്‍ദ്ദവും യുഎഇ ഭരണകൂടത്തിന്റെ ആന്തരികമായ ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. ഇന്ത്യന്‍ മാധ്യമപ്പരുന്തുകള്‍ക്കു വേണ്ടതും അത്തരക്കാരെയാണ്. വിജയ് മല്യ പരല്‍മീനല്ല എന്നതാണു പ്രധാനം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss