|    Dec 11 Tue, 2018 12:12 am
FLASH NEWS

ലയോര മേഖലയില്‍ ഡെങ്കിപ്പനി പിടിമുറുക്കുന്നു

Published : 3rd June 2018 | Posted By: kasim kzm

നിലമ്പൂര്‍: മലയോരമേഖലകളില്‍ ഡെങ്കിപ്പനി പിടിമുറുക്കുന്നു. പോത്തുകല്ല് പഞ്ചായത്തിനു പുറമേ വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുത്തേടം, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മേഖലയില്‍ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം 138 ഓളമായി. ഇതില്‍ 90 ഓളം കേസുകള്‍ പോത്തുകല്ല് പഞ്ചായത്തിലെ കുറുമ്പലങ്ങോട് വില്ലേജില്‍ മാത്രമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സതേടിയവരുടെ മാത്രം കണക്കാണിത്.
നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലും നിലവില്‍ ചികില്‍സയിലുള്ളവരുണ്ട്. വഴിക്കടവില്‍ അഞ്ച്, എടക്കര രണ്ട്, മുത്തേടം ഒന്ന്, ചുങ്കത്തറ രണ്ട്, നിലമ്പൂര്‍ നഗരസഭ മൂന്ന്, കരുളായി രണ്ട്, അമരമ്പലം രണ്ട് എന്നീങ്ങനെയാണ് ഡെങ്കിപ്പനി ബാധിതരുടെ കണക്ക്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക് ഇതാണെങ്കിലും രോഗികളുടെ എണ്ണം ഇതിലും വളരെ കൂടുതലാണ്. സ്വകാര്യാശുപത്രികളിലും ചികില്‍സ തേടിയവര്‍ നിരവധിയാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികില്‍സയിലുള്ളവര്‍ 11 പേരാണ്. മാര്‍ച്ച് മുതല്‍ മെയ് വരെ ജില്ലാ ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച് ചികില്‍സതേടിയവര്‍ 88 ആണ്. ഡെങ്കി സ്ഥിരീകരിക്കുന്നതിനായി ഇതില്‍ പനിബാധിതരായ 10 പേരുടെ രക്തസാംപിള്‍ പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്ക് അയച്ചിരുന്നു. മുഴുവന്‍ പേര്‍ക്കും ഡെങ്കിയാണെന്നായിരുന്നു പരിശോധന ഫലം. രക്തസാംപിള്‍ ഇനി പരിശോധനയ്്ക്ക് അയക്കേണ്ടതില്ലെന്നും സംശയിക്കപ്പെടുന്നവര്‍ക്ക് ഡെങ്കിപ്പനിയുടെ ചികില്‍സ നല്‍ക്കാനുമാണ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള നര്‍ദേശം. മാര്‍ച്ച് മധ്യത്തോടെയാണ് നിലമ്പൂര്‍ മേഖലയില്‍ ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എസ്റ്റേറ്റുകളുള്ള മേഖലയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍. രോഗത്തെക്കുറിച്ച് ഇപ്പോഴും ജനങ്ങള്‍ക്കിടയില്‍ മതിയായ ബോധമില്ലായ്മയും ജാഗ്രതക്കുറവുണ്ടെന്നും ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു.
പനി മൂര്‍ച്ഛിക്കുപ്പോള്‍ മാത്രമാണ് വൈദ്യസഹായം തേടുന്നത്. കൂടുതല്‍ പേരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. അനാവശ്യ ടെസ്റ്റുകളും മറ്റുമായി വന്‍ തുകയാണ് ഇവര്‍ക്ക് നഷ്ടമാവുന്നത്. നിലമ്പൂര്‍ ബ്ലോക്കിനു കീഴില്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ.അബ്ദുള്‍ ജലീലിന്റെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ശബരീശന്റെയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ കടുത്ത ജാഗ്രതയില്‍ പ്രതിരോധ പ്രവര്‍ത്തന രംഗത്തുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുകയും മരണം സംഭവിക്കുകയും ചെയ്ത പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യവകുപ്പ് ജീവനക്കാരുടെ പ്രതിരോധപ്രവര്‍ത്തനം കൂടുതലുമുള്ളത്. കുറുമ്പലങ്ങോട് വില്ലേജില്‍ കഴിഞ്ഞ ദിവസം ആരോഗ്യപ്രവര്‍ത്തകര്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രതിരോധ പ്രവര്‍ത്തനം ഏറെ ഗുണകരമായിട്ടുണ്ട്. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു മതിയായ സഹകരണം ലഭിക്കുന്നില്ലെന്ന ആക്ഷേപം ഇവര്‍ക്കിടയിലുണ്ട്. വീടിന്റെ പരിസരങ്ങള്‍ പോലും ശുചീകരിക്കാന്‍ കുടുംബങ്ങള്‍ അമാന്തം കാണിക്കുകയാണ്.
ആരോഗ്യപ്രവര്‍ത്തകരും ആശാവര്‍ക്കര്‍മാരും മറ്റും സ്ഥലത്തെത്തി പരിസരശൂചീകരണം നടത്തേണ്ട അവസ്ഥയിലാണ് സ്ഥിതിയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ബന്ധപ്പെട്ട ജനപ്രതിനിധികളും ഈ കാര്യത്തില്‍ ജനങ്ങളെ കൂടുതല്‍ ബോധവന്‍മാരാക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss