|    Jan 21 Sat, 2017 5:37 am
FLASH NEWS

ലയനം എതിര്‍ത്തു: എസ്ബിടി ഉദ്യോഗസ്ഥനു സ്ഥലംമാറ്റം

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തെ എതിര്‍ത്തതിന്റെ പേരില്‍ മുതിര്‍ന്ന എസ്ബിടി ഉദ്യോഗസ്ഥനെതിരേ പ്രതികാരനടപടി. എസ്ബിടി ചീഫ് ജനറല്‍ മാനേജര്‍ എസ് ആദികേശവനെയാണ് കഴിഞ്ഞ ചൊവ്വാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹൈദരാബാദിലെ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിലേക്കു സ്ഥലംമാറ്റിയത്. പകരം ഉത്തരേന്ത്യക്കാരനായ ഒരു ഉദ്യോഗസ്ഥനെയാണു നിയമിച്ചിരിക്കുന്നത്. സ്ഥലംമാറ്റത്തിനും ലയനനീക്കത്തിനുമെതിരേ എസ്ബിടി എംപ്ലോയിസ് യൂനിയന്റെ നേതൃത്വത്തില്‍ പൂജപ്പുരയിലെ എസ്ബിടി ആസ്ഥാനത്തും മറ്റു കേന്ദ്രങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.
ചീഫ് ജനറല്‍ മാനേജര്‍ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കേണ്ടിയിരുന്നത് മൂന്നു വര്‍ഷമാണെങ്കിലും ഒന്നര വര്‍ഷത്തിനിടെയാണു സ്ഥലംമാറ്റം. ബാങ്കിന്റെ ലയനത്തിനായി എസ്ബിഐ സ്വീകരിച്ച നിയമവിരുദ്ധമായ നടപടികളെ എതിര്‍ത്തതിനാണു പ്രതികാരനടപടിയെന്നാണു ജീവനക്കാരുടെ സംഘടനകളുടെ ആരോപണം. ആഗസ്ത് 11ന് ഇരു ബാങ്കുകള്‍ക്കുമിടയിലെ ലയന ചര്‍ച്ചകള്‍ക്കു മധ്യസ്ഥനായി ആദികേശവനെ എസ്ബിടി ഔദ്യോഗികമായി നിയമിച്ചിരുന്നു. തുടര്‍ന്ന് ആഗസ്ത് 18ന് മുംബൈയില്‍ നടന്ന എസ്ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ലയനത്തിനെതിരേ അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
എസ്ബിടിയിലെ രണ്ടാമത്തെ ഉയര്‍ന്ന തസ്തികയിലുള്ള ആദികേശവനെ സ്ഥലംമാറ്റത്തില്‍ സാമാന്യമര്യാദകള്‍ പോലും ലംഘിക്കപ്പെട്ടതായി എസ്ബിടി എംപ്ലോയിസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു. അടുത്തിടെ തിരുവനന്തപുരത്ത് നടന്ന എടിഎം തട്ടിപ്പുകളില്‍ എസ്ബിടിയുടെ ശാഖകള്‍ അല്ലാതിരുന്നിട്ടും ഇടപാടുകാരുടെ പിരിഭ്രാന്തി അകറ്റുന്നതിനും നഷ്ടം നികത്താനും ആദികേശവന്‍ എടുത്ത നിലപാടുകള്‍ പ്രശംസിക്കപ്പെട്ടിരുന്നു. അതേസമയം, എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിലും സ്ഥലംമാറ്റത്തിനുമെതിരേ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സേവ് എസ്ബിടി ഫോറം ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, എസ്ബിടി എംപ്ലോയീസ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, സെക്രട്ടറി ആര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ നേതൃത്വത്തിലാണു നിവേദനം നല്‍കിയത്. സംഭവത്തില്‍ ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. ലയനത്തിനെതിരേ നിലപാട് സ്വീകരിച്ചതിന് ചീഫ് ജനറല്‍ മാനേജരെ പ്രതികാര നടപടിയുടെ ഭാഗമായി ഹൈദരാബാദിലേക്ക് സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക