|    Dec 11 Tue, 2018 9:42 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനിക നീക്കം

Published : 5th December 2018 | Posted By: kasim kzm

തെല്‍അവീവ്: ലബ്‌നാന്‍ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈനിക നീക്കം ആരംഭിച്ചു. ലബ്‌നാനില്‍ നിന്ന് ഇസ്രായേലിലേക്ക് ഹിസ്ബുല്ല സായുധര്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കണ്ടെത്തി ഉപയോഗശൂന്യമാക്കി മാറ്റാനാണ് സൈനിക നീക്കമെന്ന് ഇസ്രായേല്‍ സൈന്യത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതിര്‍ത്തിയില്‍ ഇസ്രായേല്‍ ഭാഗത്തുള്ള പ്രദേശങ്ങളില്‍ മാത്രമാവും സൈനികനീക്കമെന്നും ലബ്‌നീസ് പ്രദേശങ്ങളിലേക്ക് ഇതു കടക്കില്ലെന്നും ഇസ്രായേല്‍ സൈനിക വക്താവ് ലെഫ്. കേണല്‍ ജൊനാതന്‍ കോണ്‍റികസ് പറഞ്ഞു. അതിര്‍ത്തി കടന്നു ഹിസ്ബുല്ലകള്‍ തുരങ്കം നിര്‍മിക്കുന്നതിനു ലബ്‌നീസ് സര്‍ക്കാരാണ് ഉത്തരവാദികളെന്നും ഇസ്രായേല്‍ സേന ആരോപിച്ചു.
ഇസ്രായേലിന്റെ ആരോപണങ്ങളില്‍ ഹിസ്ബുല്ലയുടെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതിര്‍ത്തിയിലെ പ്രദേശവാസികളെ ഇസ്രായേല്‍ സേന ഒഴിപ്പിച്ചതായി ലബ്‌നീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ലബ്‌നാനില്‍ നിന്നു തുരങ്കം നിര്‍മിച്ച് അതിര്‍ത്തി കടന്ന് ആക്രമണം നടത്താനാണ് ഹിസ്ബുല്ലയുടെ ശ്രമമെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. അതിര്‍ത്തിയിലെ സൈനിക നീക്കത്തെക്കുറിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു പെട്ടെന്നുള്ള ചര്‍ച്ച.
നെതന്യാഹുവിനെതിരായ അഴിമതിക്കേസുകളില്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായുള്ള ഇസ്രായേല്‍ പോലിസിന്റെ പ്രതികരണം പുറത്തുവന്നു ദിവസങ്ങള്‍ക്കുള്ളിലാണ് പോംപിയോയുമായുള്ള കൂടിക്കാഴ്ചയും ലബ്‌നാന്‍ അതിര്‍ത്തിയിലെ സൈനിക നീക്കം ആരംഭിക്കുന്നതും. അഴിമതിക്കേസില്‍ നിന്നു മാധ്യമശ്രദ്ധ തിരിക്കാനുള്ള നീക്കമാണോ പുതിയ സൈനിക നീക്കമെന്നു സംശയിക്കുന്നതായി രാഷ്ട്രീയ നിരീക്ഷകര്‍ പ്രതികരിച്ചു.
2006 മുതല്‍ ഹിസ്ബുല്ലയും ഇസ്രായേല്‍ സൈന്യവും തമ്മില്‍ യുദ്ധം തുടരുകയാണ്. യുദ്ധത്തില്‍ 1,100 ലബ്‌നാനികളും 159 ഇസ്രായേലികളും ഇക്കാലയളവില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss