|    Sep 20 Thu, 2018 8:54 am
FLASH NEWS

ലത്തീന്‍ രൂപതാ താലൂക്ക് ഓഫിസ് മാര്‍ച്ച് അക്രമാസക്തമായി

Published : 19th December 2017 | Posted By: kasim kzm

നെടുമങ്ങാട്: ബോണക്കാട് കുരിശുമലയിലെ തകര്‍ത്ത കുരിശുകള്‍ പുനസ്ഥാപിക്കാനുള്ള ശ്രമം ചെറുക്കുകയും ഇവിടേക്കുള്ള പ്രവേശനം നിഷേധിക്കുകയും ചെയ്യുന്ന വനം വകുപ്പിന്റെയും പോലിസിന്റെയും നടപടികളില്‍ പ്രതിഷേധിച്ച് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്ക് ഓഫിസിന് മുന്നിലേക്ക് നടന്ന മാര്‍ച്ച് അക്രമാസക്തമായി. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍ താലൂക്ക് ഓഫിസിനു മുന്നിലെ റോഡില്‍ പോലിസിന്റെ വിലക്കുകള്‍ മറികടന്ന് നിലയുറപ്പിച്ചതുകാരണം ഒന്നര മണിക്കൂറോളം ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വഴിതടഞ്ഞ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള പോലിസിന്റെ ശ്രമം പരാജയപ്പെടുത്തി യുവാക്കള്‍ അടക്കമുള്ളവര്‍ മുദ്രാവാക്യം വിളികളുമായാണ് റോഡില്‍ തടസം സൃഷ്ടിച്ചത്. വഴിയില്‍ കുടുങ്ങിപ്പോയ യാത്രക്കാര്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കൂട്ടമായി ഇവര്‍ക്കെതിരെ തിരിഞ്ഞു. വാക്കുതര്‍ക്കം രൂക്ഷമായതോടെ സമരക്കാരിലെ ഒരു വിഭാഗത്തിന്റെ ഇടപടലാണ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോകാതെ ഒഴിവായത്. ചന്തമുക്കില്‍ നിന്നു പ്രകടനവുമായി എത്തിയ പ്രവര്‍ത്തകരെ ട്രാഫിക് പോലിസ് സ്റ്റേഷന് മുന്നില്‍ വടം കെട്ടി പോലിസ് ആദ്യം തടഞ്ഞു. എന്നാല്‍ തങ്ങളെ ആല്‍മരത്തിനു സമീപം വരെ പോകാന്‍ അനുവദിക്കണമെന്ന് സമരത്തില്‍ പങ്കെടുക്കാനെത്തിയ പുരോഹിതന്മാര്‍ അഭ്യര്‍ഥിച്ചു. ഇതിന്‍ പ്രകാരം വടം അഴിച്ചുമാറ്റിയതാണ് ഒന്നര മണിക്കൂര്‍ നഗരത്തെ നിശ്ചലമാക്കിയതിന് കാരണമായത്. പോലിസ് നിയന്ത്രണം ഭേദിച്ച് പ്രവര്‍ത്തകര്‍ ചുറ്റുമുള്ള നാലുറോഡുകളും കൈയടക്കി. യൂനിവേഴ്‌സിറ്റി പരീക്ഷയടക്കമുള്ള വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്തേക്ക് പോകാന്‍ എത്തിയവര്‍ ഉച്ചയ്ക്ക് 12.30 വരെ റോഡില്‍ കുടുങ്ങി. ഇതിനിടെ പരീക്ഷാര്‍ഥികളടക്കമുള്ളവര്‍ കയറിയ ഒരു ബസ് സത്രംമുക്ക് പഴകുറ്റി വഴി തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും സമരക്കാരിലെ യുവജന വിഭാഗം മുദ്രാവാക്യം വിളികളുമായി ബസിനെ തടഞ്ഞിട്ടു. ഡ്രൈവറെ കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. ഈ സമയമെല്ലാം പോലിസ് നിഷ്‌ക്രീയരായി നോക്കി നില്‍ക്കുകയായിരുന്നു. സമരം അക്രമാസക്തമാകുന്ന ലക്ഷണം കണ്ടതോടെ ഒന്നോടെ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്ന സമരം 12.30 ഓടെ സഭാനേതൃത്വം ഇടപെട്ട് പിരിച്ചുവിടുകയായിരുന്നു. വനം മന്ത്രിയുടെ കോലം കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. രൂപത മെത്രാന്‍ റവ. ഫാദര്‍ വിന്‍സന്റ് സാമുവല്‍ സമരം ഉദ്ഘാടനം ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss