|    Apr 23 Mon, 2018 3:37 am
FLASH NEWS

ലതയുടെ സംഗീതപാതയില്‍ ഒരു ജൈത്രയാത്ര

Published : 10th November 2015 | Posted By: G.A.G

sangeetam
കെ പി ഒ റഹ്മത്തുല്ല

ലത മങ്കേഷ്‌കറിന്റെ ലയമധുരമായ ആലാപനത്തില്‍ ആകൃഷ്ടയായി അവരുടെ ഗാനങ്ങള്‍ സ്വന്തം ശൈലിയില്‍ അവതരിപ്പിച്ച് സംഗീതത്തില്‍ പുതിയ വസന്തം വിടര്‍ത്തുകയാണു തിരൂരിലെ സരിത റഹ്മാന്‍ എന്ന ഗസല്‍ ഗായിക. ലതാജിയുടെ സംഗീത തപസ്യയുടെ 70ാം വാര്‍ഷികത്തോടനുബന്ധിച്ചാണു കേരളത്തിലെ വ്യത്യസ്ത ജില്ലകളില്‍ ലതയുടെ സംഗീതവുമായി ഈ യുവ ഗായിക സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

ലതയുടെ ഗാനങ്ങള്‍ സരിത പാടുമ്പോള്‍ അതിനു വ്യത്യസ്തവും നിര്‍മലവുമായ ഒരു ഭാവതലം കൈവരും. അതുകൊണ്ടുതന്നെ പ്രിയ ഗായികയ്ക്കുള്ള ഗാനാര്‍ച്ചനയുമായും അതു മാറുന്നു. സംഗീതപ്രേമികളുടെ കാതുകളിലും ഹൃദയത്തിലും പാടിപ്പതിഞ്ഞ ആ മാസ്മരികവരികള്‍ വീണ്ടും താളം പിടിക്കുന്നു. സംഗീതലോകത്ത് ഏഴു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ ലതാ മങ്കേഷ്‌കറിന്റെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം തൃശൂരിലെ റീജ്യനല്‍ തിയേറ്ററില്‍ സരിത അവതരിപ്പിച്ചപ്പോള്‍ അതു കേള്‍ക്കാനെത്തിയവരെക്കൊണ്ട് അവിടം നിറയുകയായിരുന്നു.

ഓരോ പാട്ടു തീരുമ്പോഴും ആസ്വാദകര്‍ മതിമറന്ന് കൈയടിച്ചു.1945-70 കാലയളവില്‍ ലതാജി പാടിയ 20 ഗാനങ്ങളായിരുന്നു ‘കുച്ച് ദില്‍ നേ കഹാ…’ എന്നു പേരിട്ട സംഗീതപരിപാടിയില്‍ അവതരിപ്പിച്ചത്. വേനലിലെ കുളിര്‍മഴ പോലെ അനിര്‍വചനീയമായ അനുഭൂതികളുണര്‍ത്തി മന്ത്രമധുരമായി സരിത ചിറകടിച്ചിറങ്ങുന്നതു സംഗീതപ്രേമികളുടെ ഹൃദയത്തിലേക്കുതന്നെയാണ്. അവിടെ നിഷ്‌കളങ്കതയുടെയും സ്‌നേഹത്തിന്റെയും മോഹനസുന്ദരമായ കൂടുകള്‍ പണിയുന്നു.

ജമാല്‍ കൊച്ചങ്ങാടിയുടെ ലത മങ്കേഷ്‌കര്‍: സംഗീതവും ജീവിതവും (മാതൃഭൂമി ബുക്‌സ്) എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് 2010ല്‍ കൊച്ചി അബാദ് ഹോട്ടലില്‍ നടന്ന പരിപാടിയിലാണു താന്‍ ആദ്യമായി ലത ഗാനങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് സരിത റഹ്മാന്‍ പറഞ്ഞു. ഫോര്‍ട്ടുകൊച്ചി മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ ക്കസ്ട്രയുടെ സഹായത്തോടെ ഇരുപതോളം ഗാനങ്ങള്‍ അന്നവിടെ ആലപിച്ചു. അതിനു ലഭിച്ച സ്വീകരണമാണ് ലതാജിയുടെ മെലഡികളുമായി മുന്നോട്ടു പോവാന്‍ പ്രചോദനമായത്. ലതയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ സപ്തംബറില്‍ കോഴിക്കോട് അവതരിപ്പിച്ച സംഗീത പരിപാടി കേള്‍ക്കാനിടയായ സഹൃദയനായ ഒരു പ്രവാസിയാണ് കേരളത്തിലെ എല്ലാ ജില്ലകളിലും ഇതു നടത്തണമെന്ന് താല്‍പര്യമെടുത്തതെന്നും സരിത പറഞ്ഞു.

ലതയുടെ ജന്‍മദിനത്തില്‍ കഴിഞ്ഞ സപ്തംബര്‍ 28ന് കോഴിക്കോട്ടുനിന്നാണു സംഗീതയാത്രയ്ക്കു സരിത തുടക്കംകുറിച്ചത്. എല്ലാ ജില്ലയിലും പാട്ടുകളുമായി അവരെത്തുന്നുണ്ട്. അടുത്ത ഊഴം എറണാകുളത്താണ്. അടുത്ത വര്‍ഷം ലത മങ്കേഷ്‌കറിന്റെ ജന്‍മദിനത്തില്‍ കോഴിക്കോട്ട് തന്നെ ഈ സംഗീതയാത്രയ്ക്കു തിരശ്ശീല വീഴും. മെഹദി ഹസന്‍, ഗുലാം അലി, മുഹമ്മദ് റഫീക്ക്, അനൂപ് ജലോട്ട, ബീഗം അക്തര്‍, പര്‍വീണ്‍ സുല്‍ത്താന, കിഷോര്‍ കുമാര്‍, മുകേഷ്, ചിത്ര സിങ്, ആഷാ ബോണ്‍സ്‌ലെ, പി സുശീല, എസ് ജാനകി എന്നിവരുടെ ഗാനങ്ങളും സരിത പാടാറുണ്ട്. ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമായി മുന്നൂറിലധികം ഗസല്‍വേദികളില്‍ സരിത പരിപാടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ദൈവം കനിഞ്ഞു നല്‍കിയ ശബ്ദസൗന്ദര്യം അവരുടെ ഗസലുകളെയും പാട്ടുകളെയും വ്യത്യസ്തമാക്കുന്നു.

Latha-Mankshker

ലത മങ്കേഷ്‌കര്‍ പാട്ടുകള്‍ സരിതയിലൂടെ കേള്‍ക്കുമ്പോള്‍ പഴമക്കാര്‍ അന്തിച്ചുനില്‍ക്കുകയാണ്. സദസ്സിന്റെ മുന്‍ നിരയില്‍ തന്നെയുണ്ടായിരുന്ന സാഹിത്യകാരന്‍ വൈശാഖന്‍ തുടങ്ങിയ പ്രമുഖര്‍ അതു ശരിവയ്ക്കുന്നു. സരിത പാടാന്‍ തുടങ്ങിയത് രണ്ടാം വയസ്സിലാണ്. മാപ്പിളപ്പാട്ട് ഗായകനും തബല  വാദകനും സംഗീതസംവിധായകനുമായ ചാവക്കാട് റഹ്മാന്റെയും ഗാനഭൂഷണം ആബിദ റഹ്മാന്റെയും മകളാണു സരിത. ചെറുപ്പത്തില്‍ തന്നെ പിതാവിന്റെ സംഗീത ഗ്രൂപ്പില്‍ പാടാന്‍ തുടങ്ങി. ചിറ്റൂര്‍ സംഗീത കോളജിലായിരുന്നു ബിരുദ പഠനം.

ഇപ്പോള്‍ മൂന്നു പതിറ്റാണ്ടായി സംഗീതവേദിയില്‍ സജീവമാണ്. 10ാം വയസ്സില്‍ പി ജയചന്ദ്രനോടൊപ്പം ഇഷ്‌ക്ക് എന്ന ആല്‍ബത്തില്‍ പാടിയായിരുന്നു അരങ്ങേറ്റം. സരിത ഹിന്ദുസ്ഥാനിയിലും പരിശീലനം നേടിയിട്ടുണ്ട്. ഉസ്താദ് ദിനേഷ് ദേവദാസ്, ദത്രേയ എന്നിവരായിരുന്നു ഗുരുക്കന്‍മാര്‍. ഇപ്പോള്‍ ആകാശവാണി ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. ജി വേണുഗോപാല്‍, ശഹബാസ് അമന്‍ തുടങ്ങി പ്രമുഖര്‍ക്കൊപ്പം പരിപാടികള്‍ അവതരിപ്പിച്ച അനുഭവമുണ്ട്. ദൂരദര്‍ശന്‍, എഷ്യാനെറ്റ്, കൈരളി, അമൃത, മീഡിയവണ്‍, മനോരമ എന്നീ ചാനലുകളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിച്ച സരിത നിരവധി പാട്ടുകള്‍ക്കു സംഗീതം പകരുകയും ചെയ്തിട്ടുണ്ട്.

പഴയ പാട്ടുകാരുടെ ഗാനങ്ങള്‍ അതേപടി പാടാന്‍ കഴിയുന്ന അധികപേര്‍ നമ്മുടെ നാട്ടിലില്ല. അതിനാല്‍ തന്നെ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ ഗായികയ്ക്കു കഴിയുമെന്നുറപ്പ്. സരിതയുടെ സംഗീതവിരുന്ന് ആസ്വദിക്കുമ്പോള്‍ ഇതൊരിക്കലും തീരരുതേ എന്ന് ആസ്വാദകര്‍ പ്രാര്‍ഥിച്ചുപോവുകയായിരുന്നു. അത്രയും അവരുടെ ഹൃദയങ്ങളെ ഈ പാട്ടുകള്‍ കീഴടക്കിയിരുന്നു. സദസ്യര്‍ ആവശ്യപ്പെട്ട ഗാനങ്ങളും സരിത മടിയേതും കൂടാതെ പാടുകയുണ്ടായി. സരിതയുടെ ഭര്‍ത്താവായ നൗഷാദും സംഗീതപ്രേമിയാണ്.

നൂറോളം ലളിതഗാനങ്ങള്‍ രചിച്ചിട്ടുള്ള അധ്യാപകനായ ഈ യുവാവ് രചിച്ച ഗാനങ്ങളാണ് ‘ഒരു വാക്ക് പിന്നെയും ബാക്കി’ എന്ന ആല്‍ബത്തില്‍ സരിത ആലപിച്ചിരിക്കുന്നത്. ‘പാട്ടുവണ്ടിയിലെ കഥാ സഞ്ചാരങ്ങള്‍’ എന്ന പേരില്‍ കഥകളുടെ സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss