|    Mar 24 Sat, 2018 12:20 am
FLASH NEWS
Home   >  Sports  >  Cricket  >  

ലങ്ക ചുട്ടെരിച്ച് ഇന്ത്യക്ക് പരമ്പര

Published : 6th August 2017 | Posted By: ev sports


ഇന്ത്യന്‍ ജയം ഇന്നിങ്‌സിനും 53 റണ്‍സിനും
കൊളംബോ: ഗോളിലെ ഇന്ത്യയുടെ മിന്നും പ്രകടനം കൊളംബോയിലും ആവര്‍ത്തിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ജയവും പരമ്പരയും ഇന്ത്യക്കൊപ്പം. ഇന്നിങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയം പിടിച്ചെടുത്തത്. ഇന്ത്യ മുന്നോട്ട് വച്ച് ഫോളോ ഓണ്‍ സ്‌കോറായ 439 റണ്‍സിനെതിരെ ബാറ്റ് ചെയ്ത ശ്രീലങ്കയുടെ ചെറുത്ത് നില്‍പ്പ് 116.5 ഓവറില്‍ 386 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ ബൗളിങ് പ്രകടനമാണ് ശ്രീലങ്കയുടെ മോഹങ്ങളെ തകര്‍ത്തത്. ശ്രീലങ്കന്‍ നിരയില്‍ കുശാല്‍ മെന്‍ഡിസും (110)  ദിമുത് കരുണരത്‌നയും (141) സെഞ്ച്വറിയോടെ ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും തോല്‍വിയെ തടുക്കാന്‍ കഴിഞ്ഞില്ല.
നാലാം ദിനം രണ്ട് വിക്കറ്റിന് 209 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ശ്രീലങ്കയ്ക്ക് ആശ്വസിക്കാന്‍ കരുണരത്‌നയുടെ സെഞ്ച്വറി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നെറ്റ്‌വാച്ച്മാനായിറങ്ങിയ പുഷ്പകുമാരയെ (16) മടക്കി രവിചന്ദ്ര അശ്വിനാണ് ശ്രീലങ്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ജഡേജ തന്റെ മാന്ത്രിക സ്പിന്‍കെണിയൊരുക്കി കളിക്കളം പിടിച്ചടക്കിയപ്പോള്‍ ലങ്കയുടെ ബാറ്റ്‌സ്മാന്‍മാരെല്ലാം വന്നതിലും വേഗം മടങ്ങി. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാലിനെ (2) ജഡേജ അജിന്‍ക്യ രഹാനെയുടെ കൈകളിലെത്തിച്ചു.അധികം വൈകാതെ കരുണരത്‌നയെ ജഡേക കൂടാരം കയറ്റി.  307 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറികളടക്കം പടുത്തുയര്‍ത്തിയ മികച്ച ഇന്നിങ്‌സ് അജിന്‍ക്യ രഹാനെയുടെ കൈകളില്‍ അവസാനിച്ചു.
മധ്യനിരയില്‍ ഏയ്ഞ്ചലോ മാത്യൂസ് (36), നിരോഷന്‍ ഡിക്ക്വെല്ല (31) എന്നിവര്‍ നടത്തിയ നേരിയ ചെറുത്ത് നില്‍പ്പാണ് ശ്രീലങ്കയുടെ തോല്‍വിയുടെ ഭാരം കുറച്ചത്. 66 പന്തുകള്‍ നേരിട്ട് മൂന്ന് ഫോറും ഒരു സിക്‌സറും പറത്തിയ മാത്യൂസിനെ ജഡേജ വൃധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. ഡിക്ക്വെല്ലയെ ഹര്‍ദിക് പാണ്ഡ്യ രഹാനയുടെ കൈകളിലെത്തിച്ചതോടെ ശ്രീലങ്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ദില്‍റൂവന്‍ പെരേര (4), ധനഞ്ജയ് ഡി സില്‍വ (17), നുവാന്‍ പ്രതീപും വീണതോടെ ശ്രീലങ്കയുടെ പോരാട്ടം ഇന്നിങ്‌സ് തോല്‍വിയോടെ അവസാനിച്ചു. രങ്കണ ഹരാത്ത് (17*) പുറത്താവാതെ നിന്നു.
39 ഓവര്‍ എറിഞ്ഞ ജഡേജ 152 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഹര്‍ദിക് പാണ്ഡ്യ രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി. രണ്ടാം മല്‍സരത്തിലും ജയം നേടിയ ഇന്ത്യ മൂന്ന് മല്‍സര പരമ്പര 2-0ന് സ്വന്തമാക്കി. രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ചേതേശ്വര്‍ പുജാരയുടെയും (133)അജിന്‍ക്യ രഹാനെയുടെയും (132) സെഞ്ച്വറി കരുത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 622 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 183 റണ്‍സില്‍ അവസാനിച്ചു. രവിചന്ദ്ര അശ്വിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ശ്രീലങ്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങിനിറങ്ങാതെ ശ്രീലങ്കയെ ഫോളോ ഓണിന് ക്ഷണിച്ച ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss