|    Apr 21 Sat, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലങ്ക കീഴടക്കാന്‍ കരീബിയന്‍സ്; അക്കൗണ്ട് തുറക്കാന്‍ ദക്ഷിണാഫ്രിക്ക

Published : 20th March 2016 | Posted By: SMR

മുംബൈ/ബംഗളൂരു: അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്‍ നിന്ന് കരകയറും മുമ്പേ ഗ്ലാമര്‍ ടീമായ ദക്ഷിണാഫ്രിക്ക രണ്ടാമങ്കത്തിന് കച്ചക്കെട്ടുന്നു. ദുര്‍ബലരായ അഫ്ഗാനിസ്താനാണ് ഇന്ന് ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്ക മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. രണ്ടാം വിജയം തേടിയാണ് ശ്രീലങ്കയും വിന്‍ഡീസും കച്ചമുറുക്കുന്നത്.
ഇന്ന് അരങ്ങേറുന്ന രണ്ട് മല്‍സരങ്ങളും ഗ്രൂപ്പ് ഒന്നിലാണ്. ദക്ഷിണാഫ്രിക്ക-അഫ്ഗാന്‍ പോര് വൈകീട്ട് മൂന്നിന് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലും ശ്രീലങ്ക-വിന്‍ഡീസ് മല്‍സരം രാത്രി 7.30ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലുമാണ് നടക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനോടാണ് ദക്ഷിണാഫ്രിക്ക ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങിയത്. 229 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ദക്ഷിണാഫ്രിക്ക പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ട്വന്റി ക്രിക്കറ്റിലെ ഏറ്റവും മികച്ച രണ്ടാമത്തെ റണ്‍ ചേസ് കൂടിയായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന്റേത്. ട്വന്റി ലോകകപ്പില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ ജയമെന്ന റെക്കോഡും ഈ മല്‍സരത്തോടെ ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തിരുന്നു. ബൗളര്‍മാര്‍ക്കൊപ്പം ഫീല്‍ഡിങിലും നിറംമങ്ങിയതാണ് ഇംഗ്ലണ്ടിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് വിനയായത്. എക്‌സ്ട്രായിനത്തില്‍ 26 റണ്‍സാണ് ദക്ഷിണാഫ്രിക്ക വിട്ടുനല്‍കിയത്. ഇതെല്ലാമാണ് അനായാസം ജയിക്കാവുന്ന മല്‍സരം ദക്ഷിണാഫ്രിക്കയുടെ കൈയ്യില്‍ നിന്ന് വഴുതി പോവാനിടയാക്കിയത്.
അതേസമയം, നിലവിലെ ചാംപ്യന്‍മാരായ ശ്രീലങ്കയെ വിറപ്പിച്ചാണ് സൂപ്പര്‍ 10 റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാന്‍ കീഴടങ്ങിയത്. ഫീല്‍ഡിങിലെ പിഴവുകളും ലങ്കയ്‌ക്കെതിരേ അഫ്ഗാന് വിനയായി. എങ്കിലും വമ്പന്‍മാരെ ഞെട്ടിക്കാനുള്ള പടപുറപ്പാടിലാണ് അഫ്ഗാന്‍ പട. ലങ്കയ്‌ക്കെതിരേ അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ അസ്ഗര്‍ സ്റ്റാനിക്‌സായിയും ഓപണര്‍ മുഹമ്മദ് ഷഹ്‌സാദുമാണ് ബാറ്റിങില്‍ അഫ്ഗാന്റെ തുറുപ്പ് ചീട്ടുകള്‍. ഇരു ടീമും ഒരു തവണയാണ് ട്വന്റിയില്‍ ഇതുവരെ നേര്‍ക്കുനേര്‍ വന്നത്. അന്ന് 59 റണ്‍സിന് ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു.
ഇംഗ്ലണ്ടിനെതിരേ നിറംമങ്ങിയ കെയ്ല്‍ അബോട്ടിനു പകരം റിലി റോസ്സോവിനോ ഫര്‍ഹാന്‍ ബെഹാര്‍ഡിയെനിനോ ദക്ഷിണാഫ്രിക്ക ഇന്ന് അവസരം നല്‍കിയേക്കും. അഫ്ഗാന്‍ ആദ്യ കളിയിലെ അതേ ടീമിനെ നിലനിര്‍ത്താനാണ് സാധ്യത.
രണ്ടാം ജയം തേടി ലങ്കയും വിന്‍ഡീസും
ടൂര്‍ണമെന്റില്‍ രണ്ടാം ജയം തേടിയാണ് ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും ഇന്ന് നേര്‍ക്കുനേര്‍ അങ്കംകുറിക്കുന്നത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരേ നേടിയ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് കരീബിയന്‍ പട.
ടൂര്‍ണമെന്റിലെ ഇത്തവണത്തെ ആദ്യ സെഞ്ച്വറി വീരനായ ക്രിസ് ഗെയ്‌ലിന്റെ അപരാജിത ബാറ്റിങാണ് വിന്‍ഡീസിന് ഇംഗ്ലണ്ടിനെതിരേ അനായാസ ജയം നേടിക്കൊടുത്തത്. ഗെയ്ല്‍ ഫോം തുടരുകയാണെങ്കില്‍ വിജയത്തിനായി ലങ്ക നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.
എന്നാല്‍, 2012ല്‍ നാട്ടില്‍ നടന്ന ട്വന്റി ലോകകപ്പില്‍ വിന്‍ഡീസിന് മുന്നില്‍ കിരീടം കൈവിട്ട ലങ്ക ഇന്ന് അതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ്. പക്ഷേ, പല്ല് കൊഴിഞ്ഞ സിംഹങ്ങളെ പോലെയാണ് ഇപ്പോള്‍ ലങ്കന്‍ ടീം.
സൂപ്പര്‍ താരങ്ങളായ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ധനെയും വിടവാങ്ങിയത് ലങ്കന്‍ ടീമിന് എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് സമീപ കാലത്തായുള്ള അവരുടെ പ്രകടനം എടുത്തു കാണിക്കുന്നുണ്ട്.
സമാപിച്ച ഏഷ്യാ കപ്പിലും നിരാശപ്പെടുത്തിയ ലങ്ക ട്വന്റി ലോകകപ്പിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇതിനിടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ പേസറുമായ ലസിത് മലിങ്ക പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയത് ലങ്കയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. അഫ്ഗാനെതിരേ ജയിച്ചെങ്കിലും അത്ര മികച്ചതായിരുന്നില്ല ലങ്കയുടെ പ്രകടനം.
കളി മികവ് ഇനിയും മെച്ചപ്പെടുത്തിയില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ ലങ്കയുടെ കുതിപ്പിനെ ഏറെ ബാധിക്കും. ആദ്യ മല്‍സരത്തിലെ പ്ലെയിങ് ഇലവനെ തന്നെ ഇന്നും നിലനിര്‍ത്താനാണ് ഇരു ടീമും ആലോചിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss