|    Mar 20 Tue, 2018 4:07 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ലങ്കാ ദഹനം രണ്ടാംഘട്ടം

Published : 3rd August 2017 | Posted By: fsq

 

കൊളംബോ: പുത്തന്‍ തന്ത്രങ്ങളും പുത്തന്‍ രീതികളുമായി ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റ് മല്‍സരം ഇന്ന് കൊളംബോയില്‍ നടക്കും. ആദ്യ മല്‍സരത്തിലെ കൂറ്റന്‍ ജയം ആവര്‍ത്തിക്കാനുറച്ച് ഇന്ത്യന്‍ സംഘം ഇറങ്ങുമ്പോള്‍ സ്വന്തം മണ്ണില്‍ ജയം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രീലങ്ക ഇറങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ ഒന്നും തന്നെ ആശ്വസിക്കാനില്ലാതെ പരാജയപ്പെട്ട ശ്രീലങ്കയ്ക്ക് രണ്ടാം ടെസ്റ്റ് കൈവിട്ടാല്‍ പരമ്പരയും നഷ്ടമാവും. ആദ്യ ടെസ്റ്റിലെ ടീമില്‍ നിന്ന് ചെറിയ മാറ്റങ്ങളുമായാണ്ഇന്ത്യയും ശ്രീലങ്കയും രണ്ടാം അങ്കത്തിനിറങ്ങുന്നത്.
ശാസ്ത്രീയ ജയം തേടി ഇന്ത്യ
രവി ശാസ്ത്രിയുടെ പുത്തന്‍ രീതികളാണ് ഒന്നാം ടെസ്റ്റിലെ ഇന്ത്യയുടെ മികച്ച ബാറ്റിങ് പ്രകടനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുത്തത്. നീണ്ട നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഓപണര്‍ ശിഖാര്‍ ധവാന്‍ ആദ്യ ഇന്നിങ്‌സില്‍ തന്നെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന് പിന്നില്‍ ശാസ്ത്രിയുടെ പുത്തന്‍ പരിശീലനരീതിക്ക് വലിയ പങ്കുണ്ട്. മല്‍സരത്തിന് മുമ്പ് തന്നെ ഓപണര്‍മാരെ നേരത്തെ പരിശീലനത്തിനയച്ച് വാം അപ് ആക്കി നിര്‍ത്തിയതാണ് ഓപണര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ വഴിയൊരുക്കിയത്.     മികവുറ്റ ബാറ്റിങ് നിരയ്‌ക്കൊപ്പം രവീന്ദ്ര ജഡേജയുടെയും രവിചന്ദ്ര അശ്വിന്റെയും സ്പിന്‍ മാന്ത്രികതയും ഇന്ത്യയുടെ കരുത്താണ്. ഇന്ത്യന്‍ നിരയില്‍ പരിക്ക് ഭേദമായി കെ എല്‍ രാഹുല്‍ തിരിച്ചെത്തിയത് ടീമിന്റ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. രാഹുല്‍ ഓപണിങിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഒന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിതിളങ്ങിയ അഭിനവ് മുകുന്ദിന് പുറത്തിരിക്കേണ്ടി വരും. ബാറ്റിങ് നിരയില്‍ ഓപണര്‍ ശിഖാര്‍ ധവാന്‍ മികച്ച ഫോമിലാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യന്‍ ടീമിന്റെ പുത്തന്‍ വന്‍മതിലായി വിശേഷിപ്പിക്കുന്ന ചേതേശ്വര്‍ പുജാര കളിക്കുന്ന 50ാം ടെസ്റ്റ് മല്‍സരം കൂടിയാണിത്. ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ പുജാരയുടെ ബാറ്റിങ് മികവ് രണ്ടാം ടെസ്റ്റിലും ആവര്‍ത്തിച്ചാല്‍ വിജയം ഇന്ത്യക്കൊപ്പം നിന്നേക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ പ്രകടനവും മധ്യനിരയില്‍ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ സ്ഥിരതയും ഇന്ത്യയുടെ വിജയ പ്രതീക്ഷകളെ സജീവമാക്കുന്നു.
ആശ്വാസ ജയം തേടി ശ്രീലങ്ക
സനത് ജയസൂര്യയും സംഗക്കാരയും മഹേല ജയവര്‍ധനയും മുത്തയ്യ മുരളീധരനും ചാമിന്ദ വാസുമെല്ലാം കളം നിറഞ്ഞ് കളിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് അപമാനം സൃഷ്ടിക്കുന്ന പ്രകടനമാണ് യുവ ശ്രീലങ്കന്‍ നിര പുറത്തെടുക്കുന്നത്. സ്വന്തം മൈതാനത്ത് താരതമ്യേന ദുര്‍ബലരായ സിംബാബ്‌വയ്ക്ക് മുന്നില്‍ ഏകദിന പരമ്പര കൈവിട്ട ശ്രീലങ്ക ടെസ്റ്റ് പരമ്പര കഷ്ടിച്ച് നേടിയെടുക്കുകയായിരുന്നു. പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പരിഷ്‌കാര നടപടികള്‍ സ്വീകരിച്ചെങ്കിലും ഇന്ത്യക്കെതിരെ തോല്‍വി രുചിച്ചു. രണ്ടാം ടെസ്റ്റ് കളിക്കാന്‍ കൊളംബോയില്‍ ശ്രീലങ്കന്‍ നിര ഇറങ്ങുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്ന ഒന്നും തന്നെ ടീമിനൊപ്പമില്ല.പനിമൂലം ഒന്നാം ടെസ്റ്റ് കളിക്കാതിരുന്ന ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചണ്ഡിമാല്‍ രണ്ടാം ടെസ്റ്റില്‍ കളിക്കും. എന്നാല്‍ ആദ്യ മല്‍സരത്തില്‍ പരിക്കേറ്റ അസീല ഗുണരത്‌ന രണ്ടാം മല്‍സരത്തില്‍ കളിക്കില്ല. പകരം ബാറ്റ്‌സ്മാന്‍ ലഹിരു തിരുമന ലങ്കന്‍ നിരയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 13 മാസങ്ങള്‍ക്ക് ശേഷമാണ് തിരുമന ലങ്കന്‍ ജഴ്‌സിയില്‍ ടെസ്റ്റ് കളിക്കുന്നത്. ബൗളിങ് നിരയുടെ മൂര്‍ച്ചകൂട്ടാന്‍ ലെഗ് സ്പിന്നര്‍ ലക്ഷന്‍ സണ്ടകനേയും ശ്രീലങ്ക ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ ഫാസ്റ്റ്് ബൗളര്‍ സുരങ്ക ലക്മാലും പരിക്ക് മൂലം രണ്ടാം ടെസ്റ്റ് കളിക്കില്ല.ബൗൡങ് നിരയില്‍ സ്പിന്നര്‍ രങ്കണ ഹരാത്തിന് ശോഭിക്കാനാവാത്തത് ലങ്കയ്ക്ക് തിരിച്ചടിയായി. ആദ്യ മല്‍സരത്തില്‍ രണ്ട് ഇന്നിങ്‌സുകളിലുമായി ഇന്ത്യ അടിച്ച് കൂട്ടിയത് 840 റണ്‍സാണ്. രണ്ടാം മല്‍സരത്തിലും റണ്ണൊഴുക്ക് തടയാന്‍ ലങ്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ലെങ്കിലും വീണ്ടുമൊരു നാണക്കേടിന്റെ ചരിത്രംകൂടി ലങ്കയ്ക്ക് ഏറ്റുവാങ്ങേണ്ടിവരും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss