|    Apr 27 Fri, 2018 4:43 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ലങ്കാദഹനംപോലെ വിദ്യാഭ്യാസദഹനവും…

Published : 24th January 2016 | Posted By: SMR

slug--indraprasthamരാജ്യം ഭരിക്കുന്നവര്‍ വിദ്യാഭ്യാസമുള്ളവരാവണമെന്ന് ഒരു ഭരണഘടനയിലും എഴുതിവച്ചിട്ടില്ല. അഥവാ അങ്ങനെ വല്ല നിയമവും കൊണ്ടുവന്നാല്‍ അത് ഭരണം വിദ്യാഭ്യാസം കുത്തകയാക്കിവച്ച കൂട്ടരുടെ സ്ഥിരം കച്ചവടമാക്കി മാറ്റാനുള്ള ഏര്‍പ്പാടായി മാറുകയും ചെയ്യും. അതിനാല്‍ ജനാധിപത്യത്തില്‍ ജയിക്കാനും ഭരിക്കാനും വിദ്യാഭ്യാസം ഒരു യോഗ്യതയേയല്ല. എന്നാല്‍, വിദ്യാഭ്യാസമില്ലാത്തവര്‍ ഭരണതലത്തിലോ അധികാരതലത്തിലോ കയറിവരുന്നത് തടയാന്‍ എളുപ്പവുമാണ്. ജനാധിപത്യമായാലും അതില്‍ പല തലങ്ങളുണ്ട്. പിന്നാക്കക്കാര്‍ എങ്ങനെയെങ്കിലും വിദ്യാഭ്യാസം നേടി അധികാരത്തിലോ പദവിയിലോ വന്നാല്‍ ആപത്താണെന്ന് ബോധ്യമുള്ള കൂട്ടരാണ് രാജ്യം ഭരിക്കുന്നത്. ഈ അറിവ് അവര്‍ക്കു പാരമ്പര്യസിദ്ധമായി ലഭിച്ചതാണ്. അതുകൊണ്ടാണ് അസ്ത്രവിദ്യ പഠിച്ച ഏകലവ്യന്റെ വിരല്‍ ഗുരു തന്നെ ദക്ഷിണയായി ചോദിച്ചുവാങ്ങിയത്. വേദം കേള്‍ക്കാനിടയാവുന്ന വേടന്റെ ചെവിയില്‍ ഈയം ഉരുക്കിയൊഴിക്കണം എന്നു പറയുന്നതിന്റെ ന്യായവും അതുതന്നെ. വിദ്യ അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതിനാല്‍ അത് കുത്തകയാക്കി കൈയില്‍ തന്നെ വച്ചുകൊണ്ടിരിക്കണം.
നമ്മുടെ മാനവ വിഭവശേഷി വകുപ്പ് കൈകാര്യം ചെയ്യുന്ന മഹിളാമണി പൂര്‍വാശ്രമത്തില്‍ പുണ്യപുരാണ ചിത്രങ്ങളിലെ നായികയായിരുന്നു. പഠിപ്പ് 10ാം ക്ലാസാണോ പ്ലസ്ടു ആണോ എന്ന കാര്യം അത്ര തീര്‍ച്ചയില്ല. അല്ലെങ്കിലും വിദ്യാഭ്യാസമന്ത്രിക്ക് എന്തിന് വിദ്യാഭ്യാസം? കടിക്കുന്ന ശുനകനെന്തിന് പല്ല്? അതൊക്കെ അതിന്റെ വഴിക്കു നടന്നുകൊള്ളും. വിദ്യാഭ്യാസമന്ത്രിയുടെ മുഖ്യ ചുമതല ഉന്നത വിദ്യാഭ്യാസം വരേണ്യര്‍ക്കു മാത്രമായി വിതരണം ചെയ്യുക എന്നുള്ളതാണ്. ജനാധിപത്യമായതിനാല്‍ വല്ല അണ്ടനോ അടകോടനോ ഏതെങ്കിലും പഴുതിലൂടെ ഉന്നത വിദ്യാരംഗത്ത് കയറിപ്പറ്റിയാല്‍ അവനെ തുരത്തണം. അതിനാണ് വിദ്യാഭ്യാസവകുപ്പില്‍ മന്ത്രിയും തന്ത്രിയും മറ്റും നിലനില്‍ക്കുന്നത്.
ഇറാനിക്കൊച്ചമ്മയ്ക്കും സ്വന്തം ചരിത്രപരമായ ഉത്തരവാദിത്തങ്ങളെ സംബന്ധിച്ച് ഉത്തമ ബോധ്യമുണ്ട്. അതുകൊണ്ടാണ് ഹൈദരാബാദില്‍ എങ്ങോ ഏതോ പുലയക്കുട്ടികള്‍ സര്‍വകലാശാലയില്‍ കയറി കുഴപ്പമുണ്ടാക്കുന്നു എന്ന് ആരോ കേട്ടപാടെ മന്ത്രാലയം മുഴുക്കെ ഇളകിമറിഞ്ഞത്. ആരവിടെ, ഇത്തരം ഭ്രാന്തന്മാരെ പുറത്താക്കി പടിയടച്ചു പിണ്ഡംവയ്ക്കുവിന്‍ എന്ന് തിരുവുത്തരവുണ്ടായി ക്ഷിപ്രം. അതു നടപ്പാക്കിയോ എന്ന് അറിയാനായി അഞ്ചു കത്തുകളാണ് ശരശരേന്ന് മന്ത്രാലയത്തില്‍നിന്ന് നിരന്തരം ഹൈദരാബാദിലേക്ക് പ്രത്യേക സന്ദേശവാഹകര്‍ മുഖേന അയച്ചത്. പേടിച്ചുപോയ വിസിയും സംഘവും കുട്ടികളെ ശരിക്കും കൈകാര്യം ചെയ്തു. അതില്‍ ഒരാള്‍ സ്വന്തം ജീവന്‍ എടുക്കുന്നതിലാണു കാര്യങ്ങള്‍ കലാശിച്ചത്.
കാര്യം കുഴപ്പമായപ്പോള്‍ ന്യായവുമായി വന്ന മഹിളാമണിയുടെ തൊലിക്കട്ടി അപാരം. ദലിത് പീഡനമെന്നത് കെട്ടുകഥ എന്നാണ് മഹതി മാധ്യമങ്ങളോടു പറഞ്ഞത്. രോഹിത് വെമുലയെ പുറത്താക്കാന്‍ തീരുമാനിച്ച സമിതിയുടെ തലപ്പത്ത് ദലിത് അധ്യാപകനായിരുന്നു എന്നാണ് മഹതിയുടെ കണ്ടെത്തല്‍!
പാവം അധ്യാപകന്‍. കേന്ദ്രമന്ത്രാലയത്തില്‍നിന്ന് അഞ്ച് ഭീഷണിക്കത്താണ് നിരന്തരം വന്നത്. നടപടി എടുത്തില്ലെങ്കില്‍ സ്വന്തം തലപോവും. എന്തിന് അമിതമായ ആവേശം ഈ കുട്ടികളെ പുറത്താക്കുന്നതില്‍ കാണിച്ചു എന്ന് വിശദീകരിക്കേണ്ടത് കേന്ദ്രമന്ത്രി തന്നെയാണ്. സ്വന്തം പാര്‍ട്ടിക്കാരായ എബിവിപിക്കാരുടെ താല്‍പര്യസംരക്ഷണത്തിന് മന്ത്രാലയവും അധികാരവും നഗ്നമായി ദുരുപയോഗം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രിയും അവരുടെ അനുയായിയായ സംസ്ഥാന നേതാവും എന്നു തീര്‍ച്ച. സത്യസന്ധത അടുത്തൂടെ പോയിട്ടുണ്ടെങ്കില്‍ ഇവറ്റകള്‍ മാന്യമായി രാജിവച്ച് ഇറങ്ങിപ്പോവേണ്ടതാണ്.
പക്ഷേ, അഖിലഭാരതീയ പശുവാദി കക്ഷി അങ്ങനെ നാണവും മാനവും ഉള്ള കൂട്ടരുടെ പാര്‍ട്ടിയല്ല. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ത് തോന്ന്യാസവും കാണിക്കാന്‍ അവര്‍ക്കു മടിയൊട്ടുമില്ല. ഇത്തരം ചതിപ്പണികളിലൂടെയാണ് രാജ്യത്ത് സംഘം പനപോലെ വളര്‍ന്നതെന്നും അവര്‍ക്കറിയാം.
പക്ഷേ, സംഘപരിവാരത്തിന്റെ തനിനിറമാണ് ഹൈദരാബാദ് സംഭവത്തില്‍ വെളിവായിരിക്കുന്നത്. ഇവര്‍ രാജ്യം ഭരിക്കുന്ന കാലത്തോളം ദലിതനും അസ്പൃശ്യനും ഒന്നും നാട്ടില്‍ ഒരു ഗതിയും കിട്ടാനിടയില്ല എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇറാനിക്കൊച്ചമ്മയും സംഘവും രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് കാണിച്ചുകൂട്ടുന്ന ആക്രമങ്ങള്‍ക്ക് രാമായണത്തില്‍ ചില മുന്‍ ഉദാഹരണങ്ങളുണ്ട്. വാലില്‍ തീപ്പിടിച്ച ഹനുമാന്‍ജി ലങ്കയില്‍ കാണിച്ചുകൂട്ടിയ വിക്രിയകളോടു ചിലപ്പോള്‍ അതിനു സാമ്യം തോന്നിയാല്‍ ആരെയും കുറ്റപ്പെടുത്തേണ്ടതില്ല. ഹ

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss