|    Dec 11 Tue, 2018 3:28 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

ലക്ഷ്യം ഭരണത്തുടര്‍ച്ച തന്നെ

Published : 15th August 2018 | Posted By: kasim kzm

കെ പി വിജയകുമാര്‍

ചരിത്രത്തിലെ ഏറ്റവും വലിയ കാലവര്‍ഷക്കെടുതിയില്‍ കേരളം വിറങ്ങലിച്ചുനില്‍ക്കുമ്പോള്‍ ഒരു മന്ത്രി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. അഴിമതി ആരോപണത്തിന്റെ പേരില്‍ ഒഴിവാക്കിയ ഇ പി ജയരാജനാണു മന്ത്രിസഭയില്‍ തിരിച്ചെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ മുപ്പതിനായിരം പേര്‍ കഴിയുമ്പോള്‍ സത്യപ്രതിജ്ഞ ഇത്ര തിടുക്കപ്പെട്ട് വേണമായിരുന്നോ എന്ന ചോദ്യം സ്വാഭാവികമാണ്. ഒരു മന്ത്രി ഇല്ലാത്തതിന്റെ പേരില്‍ സംസ്ഥാന ഭരണയന്ത്രത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചതായി ആരും കരുതുന്നില്ല. ജനങ്ങളുടെ നാഡീമിടിപ്പ് നന്നായി അറിയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്തിനാണ് ഇ പി ജയരാജനെ ഇത്ര ധൃതിപിടിച്ച് ഭരണത്തിലേക്ക് കൊണ്ടുവന്നത്. അതിന് ഒറ്റവാചകത്തില്‍ ഉത്തരം പറയാം: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിക്കുന്നതിനു വേണ്ടി. ഒരുപക്ഷേ, ഈ ഉത്തരം പെട്ടെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും അതിനെ നയിക്കുന്ന സിപിഎം എന്ന പാര്‍ട്ടിയെയും സൂക്ഷ്മമായി വിലയിരുത്തിയാല്‍ മാത്രമേ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഈ പദ്ധതിയുടെ പൊരുള്‍ വേണ്ടവിധം പിടികിട്ടുകയുള്ളൂ.
മൂന്നുവര്‍ഷം കഴിഞ്ഞ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ പാര്‍ട്ടി ഇപ്പോഴേ തുടങ്ങിയെന്നു മനസ്സിലാക്കാന്‍ ഇത് സഹായകരമാണ്. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കരുത്തു തെളിയിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തിലൂടെ തുടര്‍ഭരണം നേടുക- ഇതാണു ലക്ഷ്യം. അതിനായി പാര്‍ട്ടിയെ, മുന്നണിയെ സജ്ജമാക്കുക എന്നതാണു പ്രവര്‍ത്തന പരിപാടികള്‍. മാറിമാറിയുള്ള മുന്നണിഭരണത്തിന് അന്ത്യംകുറിക്കാന്‍ ഇതോടെ പാര്‍ട്ടിക്ക് സാധിക്കുകയും ചെയ്യും. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമായ ഇ പി ജയരാജനെ മന്ത്രിസഭയില്‍ അംഗമാക്കുന്നത് നീണ്ടുനില്‍ക്കുന്ന ഈ പ്രവര്‍ത്തന പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. പൊതുവില്‍ കാലാവസ്ഥ മോശമാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് അനുയോജ്യമായ രാഷ്ട്രീയ കാലാവസ്ഥയാണു നിലനില്‍ക്കുന്നത്. ആ സന്ദര്‍ഭത്തില്‍ തന്നെ അധികാരച്ചുമതല ഏല്‍പിച്ചത് ബോധപൂര്‍വം തന്നെ. പാര്‍ട്ടി തീരുമാനമെടുത്താല്‍ നാട്ടിലെ പ്രതിസന്ധികളും പ്രയാസങ്ങളും തടസ്സമല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ തീരുമാനം യാതൊരുവിധ ചര്‍ച്ചയുമില്ലാതെ നിമിഷങ്ങള്‍ക്കകമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അംഗീകരിച്ചത്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നേരത്തേ നടന്നിരുന്നുവെന്നു വ്യക്തം. ഇടതുമുന്നണി യോഗം വെറുമൊരു ചടങ്ങ് മാത്രമായി.
മുന്നണിയുടെ തുടര്‍ഭരണവും ഇ പി ജയരാജന്റെ മന്ത്രിസ്ഥാനവും തമ്മില്‍ എന്തു ബന്ധം എന്നു ചോദിക്കുന്നവരുണ്ടാവാം. ആ ബന്ധം നന്നായി അറിയണമെങ്കില്‍ സംസ്ഥാന പാര്‍ട്ടിയില്‍ ഇ പി ജയരാജന്റെ വലിപ്പം മനസ്സിലാക്കണം. തെറ്റു ചെയ്തുവെന്നതിന്റെ പേരില്‍ മന്ത്രിസഭയില്‍ നിന്നു പാര്‍ട്ടി പുറത്താക്കിയ സഖാവാണ് ജയരാജന്‍. പാര്‍ട്ടി അച്ചടക്ക നടപടികളും എടുത്തു. ഇതിനു മുമ്പ് ലോട്ടറിരാജാവില്‍ നിന്നു സംഭാവന വാങ്ങിയതിന്റെ പേരിലും ജയരാജനെതിരേ പാര്‍ട്ടി നടപടി എടുത്തിരുന്നു. വാസ്തവത്തില്‍, രണ്ടു തെറ്റുകളും ജയരാജന്‍ ഒറ്റയ്ക്കു ചെയ്തതല്ല. പാര്‍ട്ടിയുടെ അറിവോടും സമ്മതത്തോടും കൂടി ചെയ്തതാണ്. അതുകൊണ്ട് തെറ്റുചെയ്തത് ഇ പി അല്ല, പാര്‍ട്ടിയാണ്. പൊതുസമൂഹത്തില്‍ വിമര്‍ശനങ്ങള്‍ വന്നപ്പോള്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നടപടിയെടുത്തു എന്നു മാത്രം. താന്‍ ബലിയാടായതാണെന്ന് ഇ പി ജയരാജനറിയാം; നടപടി റദ്ദാക്കി തിരിച്ചെടുക്കേണ്ടിവരുമെന്നു പാര്‍ട്ടിക്കുമറിയാം. അതിന് അനുകൂലമായ സാഹചര്യത്തിനു കാത്തിരിക്കുകയായിരുന്നു. ഇത് കുറച്ചു നേരത്തേ സംഭവിക്കേണ്ടതായിരുന്നു.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം കാരണമാണ് ഇപിയുടെ സത്യപ്രതിജ്ഞ അനിശ്ചിതമായി നീണ്ടുപോയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സെക്രട്ടേറിയറ്റ് മെംബറായിരുന്ന എളമരം കരീമിനു സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ഇപിയാണെന്നാണ് പറയപ്പെടുന്നത്. അതിനു പകരംവീട്ടല്‍ എന്ന നിലയില്‍ ഇപിയുടെ മന്ത്രിസഭാ പുനപ്രവേശം സെക്രട്ടേറിയറ്റില്‍ എളമരം കരീമും എതിര്‍ത്തുവത്രേ. കരീമിനു രാജ്യസഭാ സീറ്റ് നല്‍കിയതോടെ ഈ തര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടു. പാര്‍ട്ടിക്കു വേണ്ടി എന്തു ത്യാഗം സഹിക്കാനും എത്ര പണം പിരിക്കാനും ഇ പി ജയരാജനു യാതൊരു മടിയുമില്ല. വര്‍ത്തമാനത്തിലൂടെ അനാവശ്യ വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തുമെങ്കിലും സ്വന്തം മടിശ്ശീല വീര്‍പ്പിക്കുന്ന പണികളൊന്നും സഖാവ് ചെയ്യില്ലെന്നാണ് ഇ പി ജയരാജനെക്കുറിച്ച് പാര്‍ട്ടി അണികള്‍ അഭിപ്രായപ്പെടുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടവുമാണ്.
ഈ സര്‍ക്കാരില്‍ പല നേട്ടങ്ങളും ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും പ്രധാനപ്പെട്ട ഒരു കോട്ടം പാര്‍ട്ടിയെ വല്ലാതെ വിഷമത്തിലാക്കിയിട്ടുണ്ട്. ഭരണത്തിനു പാര്‍ട്ടിയുമായി ബന്ധമില്ല എന്നതാണത്. ഭരണവും പാര്‍ട്ടിയും തമ്മിലുള്ള പാലം തകര്‍ന്നുപോയിരിക്കുന്നു. പാര്‍ട്ടിയുമായി കൂടിയാലോചിക്കാതെ മുഖ്യമന്ത്രി ഭരണം കൊണ്ടുപോവുന്നു എന്നതാണ് നേതൃത്വത്തിന്റെ മുഖ്യ ആക്ഷേപം. പാര്‍ട്ടിയുടെ മറ്റു മന്ത്രിമാരാണെങ്കില്‍ മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ചേ പ്രവര്‍ത്തിക്കുന്നുള്ളൂ. പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗമായ മുഖ്യമന്ത്രിയോട് നേരിട്ടോ പാര്‍ട്ടി യോഗത്തിലോ ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിക്കാന്‍ കഴിയുന്നുമില്ല. അതുകൊണ്ട് ഇ പി ജയരാജനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ ഭരണവും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാന്‍ കഴിയുമെന്നു വിലയിരുത്തുന്നു.
മുന്നണിയിലെ സിപിഎം-സിപിഐ തര്‍ക്കമാണ് മറ്റൊരു തലവേദനയായി മാറിയിരുന്നത്. ഇരുപാര്‍ട്ടികളുടെയും കേന്ദ്രനേതൃത്വം തന്നെ ഇടപെട്ട് അതിനൊരു പരിഹാരം ഉണ്ടാക്കിയിട്ടുണ്ട്. ഭരണത്തിലും മുന്നണിയിലും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തെ ഇരു പാര്‍ട്ടിനേതാക്കളും തമ്മില്‍ കൂടിയാലോചിച്ച് തീരുമാനിക്കണമെന്നതാണത്. ഇ പി ജയരാജന്റെ മന്ത്രിസഭാ പ്രവേശനവും ഇങ്ങനെ ചര്‍ച്ച ചെയ്തതാണ്.
ഇടതുസര്‍ക്കാരിന്റെ ഭരണം അല്‍പം മെച്ചപ്പെടുകയും മുഖ്യമന്ത്രി പിണറായി വിജയനു സ്വീകാര്യത കൂടുകയും ചെയ്യുന്ന അവസരമാണിത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ മുഖ്യമന്ത്രിക്ക് തന്റെ കഴിവു തെളിയിക്കാനും സാധിച്ചു. അതേസമയം, പ്രതിപക്ഷം തീര്‍ത്തും ദുര്‍ബലമായ സന്ദര്‍ഭം. ഇങ്ങനെ, തികച്ചും അനുകൂലമായ രാഷ്ട്രീയസാഹചര്യം വന്നുചേര്‍ന്നപ്പോഴാണ് പൊതുഖജനാവിനു വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്ന തീരുമാനങ്ങള്‍ എടുത്തത്. തുടര്‍ഭരണം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ നടപടികള്‍ മുന്നണിഭരണത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാനാണ് സാധ്യതയുള്ളത്. സര്‍ക്കാര്‍ മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുമ്പോഴാണ് പ്രതിവര്‍ഷം 15 കോടിയോളം രൂപ ബാധ്യത വരുന്ന നടപടികള്‍ കൈക്കൊണ്ടത്. ഉമ്മന്‍ചാണ്ടി ഭരണകാലത്ത് മന്ത്രിമാരുടെ എണ്ണക്കൂടുതലിനെ വിമര്‍ശിച്ചവരാണ് ഇതു ചെയ്യുന്നതെന്നതാണ് വിരോധാഭാസം.
ഇവിടെ പ്രശ്‌നം മന്ത്രിപദവിയും ചീഫ് വിപ്പും അല്ല. ഇടതുപക്ഷം എക്കാലവും ഉയര്‍ത്തിപ്പിടിച്ച ധാര്‍മികതയുടെയും ആദര്‍ശരാഷ്ട്രീയത്തിന്റെയും കഴുത്തില്‍ കഠാരിയിറക്കുന്നതാണ് ഈ നടപടി. യുഡിഎഫിനെ പോലെ തന്നെയാണ് തങ്ങളുമെന്ന് പരസ്യമായി ജനങ്ങളോട് വിളിച്ചുപറയുകയാണ് എല്‍ഡിഎഫ് ഇതിലൂടെ ചെയ്യുന്നത്. യുഡിഎഫിന്റെ ധൂര്‍ത്തിലും അധാര്‍മികമായ പ്രവൃത്തികളിലും മനംമടുത്താണ് ജനങ്ങള്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ കയറ്റിയതെന്നു തല്‍ക്കാലം മറന്നുപോയി. നാഴികയ്ക്കു നാല്‍പത് വട്ടം പൊതുജീവിതത്തിലെ സംശുദ്ധിയെക്കുറിച്ച് പ്രസംഗിക്കുന്ന സിപിഐ അധികാരമില്ലാത്ത ചീഫ് വിപ്പ് പദവി ഏറ്റെടുക്കുന്നത് തികച്ചും നാണക്കേടാണ്.
ഭരണനേട്ടങ്ങളും ജനങ്ങളുടെ പിന്തുണയും ലഭിക്കുമ്പോള്‍ കൂടുതല്‍ വിനയം കൈവരിക്കുകയാണ് രാഷ്ട്രീയ ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത്. ദുര്‍ബലമായ പ്രതിപക്ഷത്തിന് ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ആയുധം കൊടുക്കുന്നത് വിവരക്കേടാണ്. ജനങ്ങളുടെ പിന്തുണ അധികമധികം നേടിയാല്‍ മാത്രമേ തുടര്‍ഭരണം എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുകയുള്ളൂ. അതിനു ലളിതമായ ജനകീയശൈലി തന്നെ അനുവര്‍ത്തിക്കേണ്ടിവരും. ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss