|    Oct 23 Tue, 2018 3:13 am
FLASH NEWS

ലക്ഷ്യം കാണാതെ ‘എന്‍ ഊരു’ പദ്ധതി : തുടങ്ങിയത് ഏഴുവര്‍ഷം മുമ്പ്

Published : 11th May 2017 | Posted By: fsq

 

കല്‍പ്പറ്റ: ഗോത്രവിഭാഗത്തിന്റെ ശാക്തീകരണമെന്ന ലക്ഷ്യവുമായി ആരംഭിച്ച എന്‍ ഊരു പദ്ധതി ഇഴയുന്നു. പദ്ധതിയുടെ ഭാഗമായി നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ച് ഏഴുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം പാതിവഴിയിലാണ്. സമസ്തമേഖലയിലും ഗോത്രവിഭാഗക്കാരുടെ ഉന്നമനമായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായുള്ള പരിശീലന പരിപാടികളും പൂര്‍ത്തിയായിട്ടില്ല. പട്ടികവര്‍ഗ വികസനവകുപ്പും ടൂറിസം വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയാണ് ‘എന്‍ ഊരു’. 1994ല്‍ അംഗീകാരം ലഭിച്ച ഈ പദ്ധതിക്ക് 2010ലാണ് ഭരണാനുമതി ലഭിച്ചത്. ലക്കിടിക്കടുത്ത് പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ 25 ഏക്കര്‍ സ്ഥലം പദ്ധതിക്കായി മാറ്റിവച്ചു. ആദിവാസി പുനരുദ്ധാരണത്തിനായി അനുവദിച്ച വനഭൂമിയാണ് നല്‍കിയത്. കരകൗശലോല്‍പന്നങ്ങളുടെ പ്രദര്‍ശന-വിപണന കേന്ദ്രം, ഗോത്രമേഖലയുടെ കലാ-സംസ്‌കാരത്തെക്കുറിച്ച് പഠിക്കാനും പ്രദര്‍ശിപ്പിക്കാനുമായി സുസ്ഥിരമായൊരു വേദി തുടങ്ങിയവ ഒരുക്കുക എന്നിവയും ലക്ഷ്യമായിരുന്നു. ഇതിനായി വിവിധ ആദിവാസി വിഭാഗങ്ങളുടെ വീടുകളുടെ പകര്‍പ്പ്, ട്രൈബല്‍ മാര്‍ക്കറ്റ്, വെയര്‍ ഹൗസിങ്, ആര്‍ട്ട്ക്രാഫ്റ്റ് വര്‍ക്ക്‌ഷോപ്പ് തുടങ്ങിയവയുടെ നിര്‍മാണവും ആദിവാസി വിഭാഗത്തിന് വിദഗ്ധ പരിശീലനവും ഉള്‍പ്പെടുത്തി. ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന ട്രൈബല്‍ ടൂറിസത്തിന്റെ പുത്തന്‍ സാധ്യതകളാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് സൊസൈറ്റിക്കാണ് ആദ്യം ചുമതല നല്‍കിയതെങ്കിലും 2011ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിപ്പ് സൊസൈറ്റിയില്‍നിന്നു മാറ്റി. 2012 മാര്‍ച്ചില്‍ സബ് കലക്ടര്‍, വൈത്തിരി, പൊഴുതന ഊരു മൂപ്പന്മാര്‍, ഊരുകൂട്ടം അംഗങ്ങള്‍ എന്നിവരടങ്ങിയ ‘എന്‍ ഊരു ചാരിറ്റബിള്‍ സൊസൈറ്റി’ രൂപീകരിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ താല്‍ക്കാലിക ഓഫിസ് ആരംഭിക്കുകയും സിഇഒ തസ്തികയിലേക്ക് ഒരാളെ നിയമിക്കുകയും ചെയ്തിരുന്നു. രണ്ടു ഘട്ടങ്ങളായാണ് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനാണ് ചുമതല. ആദ്യഘട്ടം കഴിഞ്ഞ ഡിസംബറില്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ആദ്യഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 70 ശതമാനം മാത്രമേ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടുള്ളൂ. പട്ടികവര്‍ഗ വികസന വകുപ്പില്‍നിന്ന് മൂന്നുകോടി രൂപ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ആദിവാസികളുടെ ഫണ്ട് ഉപയോഗിച്ച് പദ്ധതി നടപ്പാക്കാനായിരുന്നു 2012ല്‍ സര്‍ക്കാര്‍ തീരുമാനം. ട്രൈബല്‍ മാര്‍ക്കറ്റ്, വെല്‍നസ് സെന്റര്‍, വെയര്‍ ഹൗസിങ്, െ്രെടബല്‍ കഫ്റ്റീരിയ എന്നിവയാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. നൂറുശതമാനവും പട്ടികവര്‍ഗക്കാരാണ് ഗുണഭോക്താക്കള്‍. എന്നാല്‍, ഇവര്‍ക്കുള്ള പരിശീലന പരിപാടികളും എങ്ങുമെത്തിയിട്ടില്ല. 2016 ജൂണില്‍ പരിശീലനം നല്‍കുന്നതിനു വേണ്ടി പല വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചിരുന്നു. സര്‍ഗാലയ, കിര്‍ത്താഡ്‌സ് തുടങ്ങിയ സന്നദ്ധസംഘടനകളെ തിരഞ്ഞെടുത്തെങ്കിലും പരിശീലനം ഇതുവരെ ആരംഭിക്കാനായിട്ടില്ല. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി 4.5 കോടി ടൂറിസം വകുപ്പ് അനുവദിച്ചിട്ടുണ്ട്. ട്രൈബല്‍ മ്യൂസിയം, ഓപണ്‍ എയര്‍ തിയേറ്റര്‍, ആര്‍ട്ട്ക്രാഫ്റ്റ് വര്‍ക്ക്‌ഷോപ്പ്, ഹെറിറ്റേജ് വാക്ക് വേ, ഇന്റഗ്രേഷന്‍ സെന്റര്‍, ട്രൈബല്‍ റഫറന്‍സ് ലൈബ്രറി എന്നിവയാണ് ആരംഭിക്കാനിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss