|    Sep 20 Thu, 2018 7:50 pm
FLASH NEWS
Home   >  Kerala   >  

ലക്ഷ്മി നായരെ നീക്കി, സമരമവസാനിപ്പിച്ച് എസ്എഫ്‌ഐ, മറ്റുസംഘടനകള്‍ സമരം തുടരും

Published : 31st January 2017 | Posted By: G.A.G

Lekshmi-Nair-new

തിരുവനന്തപുരം : ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നു നീക്കി. ഇക്കാര്യത്തില്‍ മാനേജ്‌മെന്റില്‍ നിന്ന് ഉറപ്പു ലഭിച്ചതായി എസ്എഫ് ഐയാണ് ആദ്യം പ്രഖ്യാപിച്ചത്. സമരം പിന്‍വലിക്കുന്നതായും എസ്എഫ്‌ഐ അറിയിച്ചു. തൊട്ടുപിന്നാലെ ഡയറക്ടര്‍ബോര്‍ഡ് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതായും ലക്ഷ്മി നായര്‍ രാജിവെച്ചതായും രേഖാമൂലം ഉറപ്പു കിട്ടുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് മറ്റു വിദ്യാര്‍ഥി സംഘടനകള്‍. എത്രകാലത്തേക്കാണ് ല്ക്ഷ്മി നായരെ സ്ഥാനത്തുനിന്നും മാറ്റിനിറുത്തിയതെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും ഇപ്പോഴില്ലെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടി.
ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്ന്് നീക്കിയതായും അഞ്ചു വര്‍ഷത്തേക്ക് അധ്യാപികയെന്ന നിലയില്‍പ്പോലും കോളജില്‍ പ്രവേശിക്കുകയില്ലെന്നുമാണ് മാനേജ്‌മെന്റ് അറിയിച്ചത്. വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയെ പ്രിന്‍സിപ്പാളായി നിയമിച്ചതായും അറിയിച്ചു. കോളജ് നാളെമുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കില്ലെന്നും ഒരു മാസത്തിനുള്ളില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും മാനേജ്‌മെന്റ് ഉറപ്പു നല്‍കിയതായി എസ് എഫ് ഐ അറിയിച്ചു . വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യം അനുവദിക്കും. എന്‍എസ്എസ് അടക്കമുള്ള പരിപാടികളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യപ്രാധാന്യം നല്‍കും എന്നീ കാര്യങ്ങളില്‍ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും എസ്എഫ്‌ഐ പറഞ്ഞു. ഈ സാഹചര്യത്തില്‍ എസ്എഫ്‌ഐ സമരം അവസാനിപ്പിക്കുകയാണെന്നുമാണ് നേതാക്കള്‍ അറിയിച്ചത് .
അതേസമയം ഉറപ്പു നല്‍കിയത് എസ്എഫ്‌ഐക്ക് മാത്രമാണെന്നും സമരം തുടരുമെന്നും മറ്റ് വിദ്യാര്‍ഥിസംഘടനകള്‍ അറിയിച്ചു. ലക്ഷ്മി നായര്‍ രാജിവെക്കും വരെ സമരം തുടരുമെന്ന് കെ എസ് യു അറിയിച്ചു.
എസ് എഫ് ഐ മാനേജ്‌മെന്റിന് മുന്നില്‍ മുട്ടുമടക്കിയെന്നും സമരത്തെ ഒറ്റിക്കൊടുത്തുവെന്നും ബിജെപി നേതാവ് വി മുരളീധരന്‍ ആരോപിച്ചു. സമരം തുടരുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss