|    Sep 19 Wed, 2018 9:59 pm
FLASH NEWS
Home   >  Kerala   >  

ലക്ഷ്മി നായര്‍: കുക്കറി ഷോയില്‍ നിന്നും വറ ചട്ടിയിലേക്ക്

Published : 20th January 2017 | Posted By: Navas Ali kn

16145608_1003408919792294_1833496752_o

തിരുവനന്തപുരം ലോ അക്കാദമിയില്‍ വിദ്യാര്‍ഥത്ഥി സംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി. കൈരളി ചാനലിലെ കുക്കറി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ ലക്ഷ്മി നായരാണ് ലോ അക്കാദമിയിലെ പ്രിന്‍സിപ്പല്‍. ഇവര്‍ക്കെതിരില്‍ ജാതീയ അധിക്ഷേപം ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്. ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ചില എംഎല്‍എമാരും വിദ്യാര്‍ത്ഥികള്‍ക്ക് പിന്‍തുണയുമായി എത്തിയതോടെ സമരം കൂടുതല്‍ ശക്തമായിരിക്കുകയാണ്. സംസ്ഥാനത്തെ പല സ്വാശ്രയ സ്ഥാപനങ്ങള്‍ക്കെതിരേയും സമരം നടക്കുന്നുണ്ടെങ്കിലും തിരുവനന്തപുരം ലോ അക്കാദമിയില്‍ പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ടാണ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിനിറങ്ങിയത് എന്ന പ്രത്യേകതയുണ്ട്. കൈരളി ചാനലിലെ പ്രമുഖ അവതാരക എന്ന പ്രശസ്തിക്കപ്പുറം വിദ്യാര്‍ത്ഥികളുടെ ഭാവി അച്ചടക്ക നടപടികളിലൂടെ നശിപ്പിക്കുന്ന പ്രിന്‍സിപ്പല്‍ എന്ന അപഖ്യാതിയാണ് വിദ്യാര്‍ത്ഥി സമരങ്ങള്‍ കാരണം ഇപ്പോള്‍ ലക്ഷ്മി നായര്‍ക്ക് ലഭിക്കുന്നത്.
തൃശൂര്‍ നെഹ്രു കോളെജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിന്റെ അടുത്ത ദിവസങ്ങളിലാണ് തിരുവനന്തപുരം ലോ അക്കാദമിയിലെ അച്ചടക്ക നടപടികളും പീഡനങ്ങളും വാര്‍ത്തയായത്. ഉടന്‍ തന്നെ കെഎസ്‌യുവും എംഎസ്എഫും പിറകെ എസ്എഫ്‌ഐയും സമരം തുടങ്ങിയിരുന്നു. ഹോസ്റ്റലില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചു വിദ്യാര്‍ത്ഥിനികളുടെ സ്വകാര്യതയെ ഹനിക്കുന്ന പ്രിന്‍സിപ്പല്‍, ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ അവഹേളിക്കുകയാണെന്ന ഗുരുതരമായ ആരോപണം വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.
എന്തെങ്കിലും എതിര്‍ത്തുപറഞ്ഞാല്‍ ഇന്റേണല്‍ മാര്‍ക്ക് തരാതെ പ്രതികാരം വീട്ടും, ഭാവി തുലച്ചുകളയും എന്നുള്ള ഭീഷണി ഭയന്നാണ് ഇതുവരെ മിണ്ടാതിരുന്നതെന്നും ഇനിയും സഹിക്കാന്‍ തയ്യാറല്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാല്‍ ‘മക്കള്‍ ഗര്‍ഭം ഉണ്ടാക്കിക്കൊണ്ടുവരുന്നതു കാണേണ്ടിവരും’ എന്ന തരത്തില്‍ സഭ്യേതരമായ രീതിയില്‍ രക്ഷിതാക്കളോടു വിളിച്ചു പറയുന്ന പ്രിന്‍സിപ്പല്‍ അടുപ്പമുള്ളവര്‍ക്ക് കോളെജില്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണെന്നും ആരോപണമുണ്ട്.
വിദ്യാര്‍ത്ഥികളാണ് ആദ്യ ഘട്ടത്തില്‍ സമരം തുടങ്ങിയതെങ്കില്‍ വിദ്യാര്‍ത്ഥിനികളും ഇപ്പോള്‍ നിരാഹാര സമരത്തിനിറങ്ങി. പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാതെ തങ്ങള്‍ പിന്മാറില്ലെന്നാണ് എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും പറയുന്നത്. ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജിന്റെ മകളും കോളേജിലെ നാലാംവര്‍ഷ ബി.കോം എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയുമായ ദേവി മനോജ് രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി മോനിഷ എന്നിവര്‍ പുതുതായി നിരാഹാര സമരം തുടങ്ങി.
വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു പിന്തുണ നല്‍കുന്നതായി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി സമര പന്തലിലെത്തിയാണ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. എംഎല്‍എമാരായ കെ മുരളീധരന്‍, കെ എസ് ശബരീനാഥന്‍, എന്‍ ജയരാജ് എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായെത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, മുന്‍ എംഎല്‍എമാരായ വര്‍ക്കല കഹാര്‍, വി ശിവന്‍കുട്ടി എന്നിവരും പൂര്‍വ്വവിദ്യാര്‍ത്ഥികളും വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകരുമായ 40അംഗ സംഘവും വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യവുമായി സമരപ്പന്തലില്‍ എത്തിയിരുന്നു.
സമരം ആരംഭിച്ചതോടെ കോളേജിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്ന് കോടതി പൊലീസ് സംരക്ഷണത്തോടെ കോളേജ് തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഹരജിയിലെമ്പാടും നിരത്തിയിരിക്കുന്നതെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ കോളേജ് തുറന്നാല്‍ ക്ലാസില്‍ കയറില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss