|    Oct 23 Tue, 2018 2:37 am
FLASH NEWS

ലക്ഷങ്ങള്‍ മുടക്കിയുള്ള ഓരുമുട്ടുകള്‍ ഗുണപ്പെടുന്നില്ലെന്ന് ആക്ഷേപം

Published : 17th January 2017 | Posted By: fsq

 

വൈക്കം: വേമ്പനാട്ട് കായലില്‍ നിന്ന് ഒരുവെള്ളം കയറി കാര്‍ഷിക മേഖല നശിക്കാതിരിക്കാന്‍ വര്‍ഷംതോറും കോടികള്‍ ഒഴുക്കി പണിയുന്ന ഓരുമുട്ടുകളുടെ നിര്‍മാണം ഗുണകരമാവുന്നില്ലെന്ന് ആരോപണം. നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഏകദേശം 20ലധികം ഓരുമുട്ടുകളാണ് ഒരു വര്‍ഷം നിര്‍മിക്കുന്നത്. പലപ്പോഴും കായലില്‍ നിന്ന് ഓരുവെള്ളം കയറിയ ശേഷമാണ് ഓരുമുട്ടുകള്‍ നിര്‍മിക്കുന്നത്. കൂടാതെ നിര്‍മാണത്തിലെ താളപ്പിഴവുകള്‍ മൂലം പണി പൂര്‍ത്തിയായി ദിവസങ്ങള്‍ കഴിയുന്നതിനു മുമ്പു തന്നെ മുട്ടുകള്‍ നിലംപൊത്തുന്ന സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. നിര്‍മാണ ജോലികള്‍ കൊണ്ട് ജല വിഭവ വകുപ്പിനും കരാറുകാര്‍ക്കും മാത്രമാണ് ഗുണമുണ്ടാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. വെച്ചൂര്‍ പഞ്ചായത്തിലെ പരിയാരം, അംബികാമാര്‍ക്കറ്റ്, ഇടയാഴം ഭാഗങ്ങളിലാണ് 3500 ഏക്കറോളം വരുന്ന പാടശേഖരങ്ങളെ ഓരുവെള്ള ഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ മുട്ടുകള്‍ സ്ഥാപിക്കുന്നത്. തലയാഴം, തണ്ണീര്‍മുക്കം പഞ്ചായത്തുകളിലാണ് കൂടുതല്‍ ഓരുമുട്ടുകള്‍ ഉള്ളത്. തലയാഴം പഞ്ചായത്തിലെ മത്തുങ്കല്‍, ആമയിട, പാലച്ചുവട്, വെച്ചൂര്‍ പഞ്ചായത്തിലെ അഞ്ചുമന, പരിയാരം, പുത്തന്‍പാലം ഭാഗങ്ങളിലാണ് ഓരുമുട്ടുകള്‍ സ്ഥാപിച്ചിട്ടുള്ളത്. കോടികള്‍ മുടക്കി പുത്തന്‍പാലവും, വാഴമന മുട്ടുങ്കല്‍ പാലവും, തോട്ടുവക്കം പാലവും യാഥാര്‍ഥ്യമാക്കിയപ്പോള്‍ ചീപ്പുകള്‍ സ്ഥാപിക്കുവാന്‍ അധികാരികള്‍ മുന്‍കൈയെടുത്തിരുന്നെങ്കില്‍ കാര്‍ഷിക മേഖലയെ രക്ഷിക്കാന്‍ എന്നപേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്നത് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഉദയനാപുരം, തലയോലപ്പറമ്പ് പഞ്ചായത്തുകളിലെ കാര്‍ഷിക മേഖലയെ ഓരുവെള്ള ഭീഷണിയില്‍ നിന്ന് ഒഴിവാക്കുവാന്‍ മുട്ടുങ്കലില്‍ മുട്ട് സ്ഥാപിക്കുന്നത് വൈകിയത് വലിയ കുഴപ്പങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. തോടുകളിലെ വെള്ളം ഉപ്പും, പുളിയും നിറഞ്ഞുകഴിഞ്ഞതായി കര്‍ഷകര്‍ പറയുന്നു. വാഴമനയില്‍ പാലം നിര്‍മിച്ചപ്പോള്‍ ചീപ്പ് സ്ഥാപിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ രംഗത്തുവന്നെങ്കിലും അധികാരികള്‍ ഇതിനെ ബോധപൂര്‍വം ഒഴിവാക്കി. വേമ്പനാട്ട് കായലില്‍ നിന്നുമുള്ള ഉപ്പുവെള്ളം മുണ്ടാറിലെ കാര്‍ഷിക മേഖലയെ തകര്‍ക്കാതിരിക്കാന്‍ തോട്ടുവക്കത്ത് പണിയുന്ന മുട്ട് നിര്‍മാണവും കര്‍ഷകര്‍ക്ക് ഗുണപ്പെടുന്നില്ല. മുട്ട് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് തന്നെ ഉപ്പുവെള്ളം കയറി കഴിഞ്ഞതായി കര്‍ഷകര്‍ പറയുന്നു. മിക്കവര്‍ഷവും നിര്‍മാണത്തിലെ താളപ്പിഴവുകള്‍ മൂലം ഇത് ഒലിച്ചുപോകാറുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ്് ഇവിടെ സ്ഥിരമായി ചീപ്പും, ഇതിന്റെ സൗകര്യത്തിനു ഒരു ഓഫിസുമുണ്ടായിരുന്നു. കാലപ്പഴക്കത്താല്‍ ചീപ്പ് നശിച്ചതിനുശേഷം പുനസ്ഥാപിക്കുവാന്‍ അധികാരികള്‍ തയ്യാറായില്ല. തോട്ടുവക്കം പാലം പുനര്‍നിര്‍മിച്ചപ്പോള്‍ കര്‍ഷകര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവരോട് പാലത്തില്‍ ചീപ്പ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇത് അട്ടിമറിക്കപ്പെട്ടു. ടിവി പുരം മൂത്തേടത്തുകാവില്‍ കരിയാര്‍ സ്പില്‍വേ യാഥാര്‍ഥ്യമായതോടെ ഈ മേഖലയിലെ ഓരുവെള്ള ഭീഷണിക്കു പരിഹാരമായിട്ടുണ്ട്. വര്‍ഷംതോറും മുട്ട് നിര്‍മാണം നടത്തി ലക്ഷങ്ങള്‍ കൊള്ളയടിക്കുന്ന മാഫിയ ഇറിഗേഷന്‍ വകുപ്പിനെ ചുറ്റിപ്പറ്റി പ്രവര്‍ത്തിക്കുന്നതായാണ് രഹസ്യ വിവരം. ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ഒത്തുകളി മൂലം ഏക്കറുകണക്കിന് പാടശേഖരങ്ങളിലെ നെല്ല്, കപ്പ, വാഴ, പച്ചക്കറി കൃഷികളാണ്  ഉപ്പുവെള്ളം കയറി ഭീഷണി നേരിട്ടികൊണ്ടിരിക്കുന്നത്. കൂടാതെ തെങ്ങ്, ജാതി കര്‍ഷകര്‍ക്കും വലിയ പ്രയാസങ്ങളാണ് ഉപ്പുവെള്ളം സൃഷ്ടിക്കുന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ഉദയനാപുരം, തലയാഴം, വെച്ചൂര്‍, തണ്ണീര്‍മുക്കം പഞ്ചായത്തുകളുടെ കൂട്ടായ്മ അനിവാര്യമാണ്. ഇതിനുവേണ്ടി ആലപ്പുഴ, കോട്ടയം എംപിമാരും, എംഎല്‍എമാരും മുന്നിട്ടിറങ്ങണമെന്നതാണ് കര്‍ഷകരുടെ ആവശ്യം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss