|    Jan 21 Sat, 2017 7:38 am
FLASH NEWS

ലക്ഷങ്ങള്‍ ചെലവഴിച്ച കുടിവെള്ളപദ്ധതി നടപ്പായില്ല; ടാങ്കും കിണറും ഉപയോഗശൂന്യമായി നശിക്കുന്നു

Published : 29th July 2016 | Posted By: SMR

ഇഖ്ബാല്‍ പാലത്തിങ്ങല്‍

തിരൂരങ്ങാടി: കുടിവെളള പദ്ധതിക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ടാങ്കും കിണറും ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നു. പെരുവളളൂര്‍ ഗ്രാമപഞ്ചായത്തിലെ ചുള്ളിയാലപ്പുറം റോഡോരത്ത് നിര്‍മിച്ച കുടിവെള്ള ടാങ്കാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  ഉപയോഗം നടക്കാതെ നശിക്കുന്നത്.
ഒരു പ്രദേശത്തിന്റെ ദാഹമകറ്റവാന്‍ വിഭാവനം ചെയ്ത കുടിവെളള പദ്ധതിയാണ് കേവലം ടാങ്ക് നിര്‍മാണത്തിലും കിണറിലുമായി ഒതുങ്ങി നിന്നത്. പദ്ധതി പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് ഒരിക്കലെങ്കിലും വെള്ളമെത്തിക്കാന്‍ ഇന്നുവരെ കഴിയാത്ത അധികൃതര്‍ പരാജയത്തിനുമുന്നില്‍ തലകുനിക്കുന്നു. കേരള വികസനപദ്ധതി 2003 -04 ല്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ചുളളിയാലപ്പുറം റോഡോരത്ത് നിര്‍മിച്ച കുടിവെള്ള ടാങ്കില്‍ ഒരുതുള്ളി വെള്ളം പോലും എത്തിയില്ല എന്നതാണ് ഏറെ ഖേദകരം. നാലുലക്ഷത്തി നാലായിരത്തി തൊള്ളായിരത്തി ഇരുപത്തി  ഒമ്പത് രൂപ ചെലവിട്ട ടാങ്ക്‌നിര്‍മാണം 2009 ല്‍ അവസാനിക്കുകയും ചെയ്തു.
എന്നാല്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ വിവിധ തടസ്സങ്ങള്‍ കാരണം കഴിയാതെ പോയി. പദ്ധതിയുടെ കിണര്‍ വഴി ചില കുടുംബങ്ങള്‍ തങ്ങളുടെ സ്വകാര്യ ആവശ്യമെന്ന നിലയില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നുണ്ട്. എന്നാല്‍ പ്രദേശത്തെ മിക്ക കുടുംബങ്ങളും പദ്ധതി യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ദുരിതംപേറി ജീവിക്കുകയാണെന്നതാണ് വസ്തുത. പദ്ധതിയാഥാര്‍ഥ്യമാക്കാനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക