|    Jul 18 Wed, 2018 8:13 pm
FLASH NEWS

ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് : ജാമ്യം റദ്ദാക്കി; പ്രതി ഒളിവില്‍

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവില്‍ കഴിയുന്ന ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിക്കു രണ്ടു മാസം മുമ്പ് അനുവദിച്ച ജാമ്യം ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി. ഹോംഫിറ്റ് ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പുല്ലഴി സ്വദേശി എം ജി സുകുമാരന്റെ (64) ജാമ്യമാണു കോടതി റദ്ദാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പാലിക്കാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി പരിഗണിച്ചാണ് ജില്ലാ ജഡ്ജി ആനി ജോണ്‍ ജാമ്യം റദ്ദാക്കിയത്. സ്ഥിരം നിക്ഷേപത്തുക തിരിച്ചുതരാമെന്നു വിശ്വസിപ്പിച്ച് രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു പാമ്പൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ ജോസഫിന്റെ പത്‌നി ബെറ്റി (70) നല്‍കിയ കേസിലാണ് രണ്ടു മാസം മുമ്പു പ്രതി ജാമ്യം നേടിയത്. ഈ ജാമ്യമാണു അതേകോടതിതന്നെ റദ്ദാക്കിയത്. മറ്റൊരു കേസില്‍ പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തൃശൂര്‍ ജില്ലാ കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. നാലര ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചു കുറുമ്പിലാവ് കളരിക്കല്‍ വീട്ടില്‍ ഗ്രീനോള്‍ (63) നല്‍കിയ പരാതിയില്‍ പോലിസ് കേസെടുത്തപ്പോഴാണ് സുകുമാരന്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്. സ്ഥാപനം അടച്ചുപൂട്ടിയെന്നും നിക്ഷേപത്തട്ടിപ്പിനു കൂടുതല്‍ പരാതികളുണ്ടെന്നും കേസ് ഡയറിയില്‍നിന്നു വ്യക്തമാണെന്നു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ പറഞ്ഞിരുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്നു തെറ്റിധരിപ്പിച്ചും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തുമാണ് സുകുമാരന്‍ നിക്ഷേപം സ്വീകരിച്ചത്. സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിനു ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ച് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗമായ അയ്യന്തോള്‍ സ്വദേശി സി കെ ദിനേഷിന്റെ ഭാര്യ ഷീജ മാമ്പറ്റ പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss