|    Jan 18 Wed, 2017 3:40 pm
FLASH NEWS

ലക്കി പോര്‍ച്ചുഗല്‍

Published : 13th July 2016 | Posted By: SMR

എപി ഷഫീഖ്

ഫ്രാന്‍സില്‍ സമാപിച്ച യൂറോ കപ്പിലെ ഏറ്റവും ഭാഗ്യമുള്ള ടീമായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ച പോര്‍ച്ചുഗല്‍. ഗ്രൂപ്പ്ഘട്ടം മുതല്‍ ഫൈനല്‍ വരെ ഭാഗ്യം പറങ്കിപ്പടയ്‌ക്കൊപ്പം നിന്നപ്പോള്‍ അത് പുതിയ ചരിത്രവുമായി. ആതിഥേയരും മുന്‍ ചാംപ്യന്‍മാരുമായ ഫ്രാന്‍സിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ചരിത്രത്തില്‍ തങ്ങളുടെ പേരെഴുതി ചേര്‍ത്തപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു ലക്കി ടീമെന്ന്. ചരിത്രത്തിലാദ്യമായാണ് പോര്‍ച്ചുഗല്‍ ഒരു മേജര്‍ ടൂര്‍ണമെന്റില്‍ കിരീടം നേടുന്നത്.
ഫൈനല്‍ മാത്രമെടുത്താല്‍ മതി പോര്‍ച്ചുഗലിന്റെ ഭാഗ്യം എത്രത്തോളമെന്ന് വിലയിരുത്താന്‍. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ പരിക്കേറ്റ് 25ാം മിനിറ്റില്‍ കളംവിടുമ്പോള്‍ പോര്‍ച്ചുഗലിന്റെ കടുത്ത ആരാധകര്‍ പോലും ഒരു നിമിഷം തലതാഴ്ത്തി വിങ്ങി. ഇത്തവണയും ചരിത്രം തങ്ങളെ ചതിക്കുമോയെന്നായിരുന്നു എല്ലാവരുടെയും ആശങ്ക. എന്നാല്‍, സ്വന്തം ആരാധകരുടെ പിന്തുണയില്‍ മൈതാനം നിറഞ്ഞു കളിച്ച ഫ്രാന്‍സിനെ നിരാശഴിലാഴ്ത്തി പറങ്കിപ്പട കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പറങ്കിപ്പട പോലും സ്വപ്ന ലോകത്തായിരുന്നു.
അര്‍ജന്റീനയ്ക്കു വേണ്ടി ഒരു അന്താരാഷ്ട്ര കിരീടം നേടിക്കൊടുക്കാനാവത്തതിന്റെ പേരില്‍ കണ്ണീരോടെ ദേശീയ കുപ്പാഴമഴിച്ച ലയണല്‍ മെസ്സി പോര്‍ച്ചുഗലിനോടും ക്രിസ്റ്റിയാനോയോടും ഒരു നിമിഷം അസൂയപ്പെട്ടാലും അദ്ഭുതപ്പെടാനില്ല. കാരണം, കോപ അമേരിക്കയിലെ ഏറ്റവും മികച്ച ടീമായിട്ടും ചിലിക്കു മുന്നില്‍ കിരീടം അടിയറവ് പറയേണ്ടിവന്ന മെസ്സിയുടേയും കൂട്ടരുടെയും നിരാശ ലോകം മുഴുവന്‍ കണ്ടതാണ്.
എന്നാല്‍, സമാപിച്ച യൂറോ കപ്പിലെ ഏറ്റവും മികച്ച ടീമുകളായ ജര്‍മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവരെയെല്ലാം കാഴ്ചക്കാരാക്കി പോര്‍ച്ചുഗല്‍ യൂറോ കിരീടം നാട്ടിലെത്തിച്ചെങ്കില്‍ അത് ഭാഗ്യത്തിന്റെ തണലിലേറിയാണെന്ന് നിസംശയം പറയാം. ഭാഗ്യവും നിര്‍ഭാഗ്യവും സന്ദര്‍ഭത്തിനൊപ്പം നാം ചേര്‍ക്കുന്നതാണെന്ന് പറഞ്ഞാല്‍ പോലും.
ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ്ഘട്ടത്തില്‍ മികച്ച മൂന്നാം സ്ഥാനക്കാരായ ടീമുകളിലൊന്നായാണ് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലെത്തിയത്.
പ്രീക്വാര്‍ട്ടറില്‍ മികച്ച ഫോമിലുള്ള ക്രൊയേഷ്യയായിരുന്നു പോര്‍ച്ചുഗലിന്റെ എതിരാളികള്‍. മല്‍സരത്തില്‍ ക്രൊയേഷ്യ ആധിപത്യം നേടിയിട്ടും അധികസമയത്തെ ഏക ഗോളില്‍ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. ക്വാര്‍ട്ടറില്‍ പെനാല്‍റ്റിയില്‍ പോളണ്ടിനെ മറികടന്ന് സെമി ഫൈനലിലെത്തിയ പോര്‍ച്ചുഗലിന്റെ എതിരാളികള്‍ കന്നി യൂറോ കപ്പിനെത്തിയ വെയ്ല്‍സായിരുന്നു.
ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിന്റെ മികച്ച പ്രകടനങ്ങളിലൊന്നായി സെമി മാറിയപ്പോള്‍ വെയ്ല്‍സിനെ മറികടന്ന് പോര്‍ച്ചുഗല്‍ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 37 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക