|    Jan 19 Thu, 2017 5:50 am
FLASH NEWS

ലംഘിക്കപ്പെട്ട വാഗ്ദാനം

Published : 20th August 2015 | Posted By: admin

ഗൗതം നവ്‌ലാഖ
2015 ജൂലൈ 21നു സുപ്രിംകോടതി തന്റെ പെറ്റീഷന്‍ തള്ളിക്കളഞ്ഞപ്പോള്‍ യാക്കൂബ് മേമന്‍ ഗവര്‍ണര്‍ക്കു മുമ്പാകെ ഒരു ദയാഹരജിയും അപെക്‌സ് കോടതി മുമ്പാകെ വെലിഡിറ്റി പെറ്റീഷനും സമര്‍പ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ രക്തത്തിനു ദാഹിക്കുന്നവരുടെ നിലപാടിനെതിരായി, അദ്ദേഹം തൂക്കിലേറ്റപ്പെടരുത് എന്നതിനു വ്യക്തമായ കാരണങ്ങളും ന്യായീകരണങ്ങളുമുണ്ട്. 1993ലെ ബോംബ് സ്‌ഫോടനത്തില്‍ യാക്കൂബ് മേമന്റെ പങ്ക് വളരെ അപ്രധാനമാണെന്നു നിരവധി പേര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. ഗൂഢാലോചന നടത്തിയ മുഖ്യപ്രതികളില്‍ ഒരാളായി അദ്ദേഹത്തെ ചിത്രീകരിക്കാന്‍ നടത്തിയ ശ്രമം വളരെ അസാധാരണവും അസ്വാഭാവികവുമായ ഒന്നായിരുന്നു. ഭീകരാക്രമണ കേസുകളുമായി ബന്ധപ്പെട്ട് മുന്‍വിധിയോടും പക്ഷപാതിത്തത്തോടും കൂടി നടത്തിയ അന്വേഷണങ്ങളെ മുന്‍നിര്‍ത്തിയുള്ള വിധികള്‍ ഭൂരിപക്ഷത്തിന്റെ വികാരങ്ങളെ തൃപ്തിപ്പെടുത്തും വിധമുള്ളതാണ്. ടൈഗര്‍ മേമനെയും ദാവൂദ് ഇബ്രാഹീമിനെയും ശിക്ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞിട്ടില്ല. അതിനു പകരം യാക്കൂബ് മേമനെ ശിക്ഷിച്ചു തൃപ്തിയടയണമെന്നത് ഇന്ത്യയുടെ ആവശ്യമാണ്. ക്യൂറേറ്റീവ് പെറ്റീഷന്‍ തിരസ്‌കരിച്ചത് ചരിത്രപരമായ ഒന്നാണെന്നും ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള ജനങ്ങള്‍ കുറ്റകൃത്യങ്ങളില്‍ വ്യാപൃതരാവുന്നത് തടയുന്നതിനുള്ള ശക്തമായ താക്കീതാണെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫിസര്‍ ഉജ്വല്‍ നികം പ്രസ്താവിക്കുകയുണ്ടായി. ഉജ്വല്‍ നികം കഥ കെട്ടിച്ചമയ്ക്കുന്നതില്‍ മിടുക്കനാണ്. കസബ് തൂക്കിലേറ്റപ്പെടും മുമ്പായി മട്ടന്‍ ബിരിയാണി ആവശ്യപ്പെട്ടുവെന്നു പറഞ്ഞുണ്ടാക്കിയ വ്യക്തിയാണ്. കസബിനെ തൂക്കിലേറ്റുന്നതിനെതിരേയുള്ള വികാരപ്രകടനങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള കൗശലമായിരുന്നു ആ വ്യാജനിര്‍മിതി. ന്യൂനപക്ഷ വിഭാഗങ്ങളും പ്രാന്തവല്‍കൃതരും ചെയ്യുന്ന ഏര്‍പ്പാടാണ് ഭീകരാക്രമണം എന്ന ദേശീയ രാഷ്ട്രീയ കാഴ്ചപ്പാടിനനുസൃതമായി ഭീകരത നിര്‍വചിക്കപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാണ്. യാക്കൂബ് മേമന്റെ ദയാഹരജി തള്ളിക്കൊണ്ടുള്ള നടപടി ബി.ജെ.പി. സ്വാഗതം ചെയ്യുകയുണ്ടായി. നമ്മുടെ സമൂഹത്തില്‍ ഭീകരവാദത്തിന് ഒരു സ്ഥാനവുമില്ലെന്നതിനുള്ള ഉത്തമ ദൃഷ്ടാന്തമായി കോടതി നടപടിയെ ബി.ജെ.പി. വിശേഷിപ്പിച്ചു. എന്നാല്‍, കാവി ഭീകരക്കേസുകളില്‍ ഇതേ നിയമവ്യവസ്ഥ വളരെ വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. ഈയടുത്ത കാലത്തായി 2007ലെ അജ്മീര്‍ സ്‌ഫോടനത്തിലെ മുഖ്യസാക്ഷിയായ രണ്‍ദീര്‍ സിങ് തന്റെ പ്രസ്താവന പിന്‍വലിക്കുകയുണ്ടായി. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയില്‍ നിന്നു രാജിവച്ചു ബി.ജെ.പിയില്‍ ചേര്‍ന്നതിനു ശേഷമായിരുന്നു ഇത്. ഇപ്പോള്‍ ജാര്‍ഖണ്ഡ് ബി.ജെ.പി. സര്‍ക്കാരിന്റെ ഭാഗമാണ് രണ്‍ദീര്‍ സിങ്. ആര്‍.എസ്.എസ്. താത്ത്വികാചാര്യന്‍ രാകേഷ് മിശ്ര 13 സാക്ഷികള്‍ പിന്മാറിയ നടപടി ന്യായീകരിക്കുകയുണ്ടായി. ആര്‍.എസ്.എസിനെതിരേയുള്ള ഒരു രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് അവരെ കേസിന്റെ സാക്ഷികളാക്കിയിരുന്നത് എന്നും പറയുകയുണ്ടായി. മലേഗാവ് കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രോഹിണി സാല്യനോട് ഒരു ഐ.എന്‍.എ. ഉദ്യോഗസ്ഥന്‍ കേസ് നടപടികള്‍ ലളിതമാക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ഭീകരവാദ കേസുകളെല്ലാം രാഷ്ട്രീയ കേസുകളാണ്. പക്ഷേ, ഈ കേസുകളില്‍ കുറ്റവാളികള്‍ ആരാണെന്നു നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയാഭിമുഖ്യം നോക്കിയാണ്. കുറ്റവാളി രക്ഷപ്പെടുകയില്ലെന്ന തത്ത്വം സ്ഥാപിക്കുന്ന ഒരു നടപടിയായതുകൊണ്ട് യാക്കൂബ് മേമനെ തൂക്കിക്കൊല്ലാനുള്ള വിധി അഭിലഷണീയവും അഭികാമ്യവുമാണെന്നാണ് ബി.ജെ.പി. പറയുന്നത്. എന്നാല്‍, ബോംബ് സ്‌ഫോടനക്കേസ് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്റെ കണ്ടെത്തലുകളെ അംഗീകരിക്കാതെയും അതിന്റെ നിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടുമുള്ള ഒരു നടപടിയാണ് യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത്. 22 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തില്‍ പങ്കാളിയായി എന്ന നിഗമനത്തെ അടിസ്ഥാനമാക്കി യാക്കൂബിനെ തൂക്കിലേറ്റുന്നത് തികഞ്ഞ അനീതിയാണ്. അത് ഒരു പ്രതികാര നടപടി മാത്രമാണ്. യാക്കൂബ് മേമന്റെ വിചാരണ നീതിപൂര്‍വമായിരുന്നില്ല. യാക്കൂബ് മേമന്റെ അറസ്റ്റ് സാധ്യമാക്കിയ റോയുടെ ഉദ്യോഗസ്ഥന്‍ ബി. രാമന്‍ 2007ല്‍ റെഡിഫ് എഡിറ്ററോടു പറഞ്ഞത് എന്താണെന്നോര്‍ക്കുന്നതു നന്ന്. ഒരു പരമാധികാര രാഷ്ട്രത്തെ പ്രതിനിധീകരിക്കുന്ന ഉദ്യോഗസ്ഥന്മാരുടെ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടരുത്. ഭരണകൂടത്തിന്റെ പ്രതിനിധികള്‍ നല്‍കിയ വാക്ക് എന്താണോ, അത് നിറവേറ്റപ്പെടുക തന്നെ വേണം. ഒരാള്‍ രണ്ടു തവണ ശിക്ഷിക്കപ്പെടാവതല്ല. 21 കൊല്ലത്തെ തടവിനു ശേഷം മേമനെ വധശിക്ഷയ്ക്കു വിധിക്കാവതല്ല. അദ്ദേഹം ഇപ്പോള്‍ തന്നെ വേണ്ടതിലധികം മാനസികവും ശാരീരികവുമായ പീഡകള്‍ അനുഭവിച്ചു. പ്രതിരോധിക്കാന്‍ ശക്തിയില്ലാത്ത ഒരു മനുഷ്യനു മേല്‍ ചുമത്തിയ ശിക്ഷാവിധിയില്‍ സര്‍വരും പ്രതിഷേധിക്കാന്‍ രംഗത്തുവരണം. ി (യാക്കൂബ് മേമന്‍ തൂക്കിലേറ്റപ്പെടും മുമ്പ് എഴുതിയ ലേഖനം)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 64 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക