|    May 27 Sat, 2017 7:33 pm
FLASH NEWS

റോഹിന്‍ഗ്യ പ്രശ്‌നപരിഹാരം: കോഫി അന്നന്റെ നേതൃത്വത്തില്‍ സമിതി

Published : 25th August 2016 | Posted By: SMR

നേയ്പിഡോ: മ്യാന്‍മറിലെ റഖൈന്‍ സംസ്ഥാനത്തെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിനും റോഹിന്‍ഗ്യ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ നേതൃത്വത്തില്‍ നിര്‍ദേശക സമിതിക്ക് മ്യാന്‍മര്‍ സര്‍ക്കാര്‍ രൂപം നല്‍കി. റോഹിന്‍ഗ്യ മുസ്‌ലിംകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കോഫി അന്നന്‍ ഫൗണ്ടേഷനുമായി സര്‍ക്കാര്‍ കരാറില്‍ ഒപ്പിടുമെന്ന് മ്യാന്‍മര്‍ ദേശീയ ഉപദേശക ഓങ് സാന്‍ സൂച്ചി പ്രസ്താവനയില്‍ പറഞ്ഞു. ഒമ്പതംഗ സമിതിക്കായിരിക്കും രൂപം നല്‍കുക. സമിതിയില്‍ ആറംഗങ്ങള്‍ രാജ്യത്തു നിന്നും മൂന്നു പേര്‍ അന്താരാഷ്ട്ര വിദഗ്ധരുമായിരിക്കും. മ്യാന്‍മറിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനിലാണ് ഭൂരിഭാഗം റോഹിന്‍ഗ്യകളും താമസിക്കുന്നത്. പരമ്പരാഗതായി ഇവിടെ താമസിച്ചു വരികയാണെങ്കിലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ഇവര്‍ക്ക് പൗരത്വം നിഷേധിക്കുകയാണ്.
മ്യാന്‍മറില്‍ ഭൂരിപക്ഷമുള്ള ബുദ്ധന്മാരും റോഹിന്‍ഗ്യകളും തമ്മില്‍ 2012ലുണ്ടായ സംഘര്‍ഷത്തില്‍ 100ലധികം റോഹിന്‍ഗ്യകളാണ് കൊല്ലപ്പെട്ടത്. ദുരിതത്തില്‍ നിന്നും രക്ഷപ്പെടാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ആയിരക്കണക്കിന് റോഹിന്‍ഗ്യകള്‍ അഭയാര്‍ഥികളായെത്തിയിരുന്നു.
പലപ്പോഴും മനുഷ്യക്കടത്തുകാരുടെ ഇരയാവുന്ന ഇവര്‍ അപകടത്തില്‍ മരിക്കുന്നതും പതിവാണ്. മ്യാന്‍മറിലെ അഭയാര്‍ഥി ക്യാംപുകളിലാണ് ഭൂരിഭാഗം റോഹിന്‍ഗ്യകളും കഴിയുന്നത്. അതേസമയം, സൂച്ചിയുടെ പ്രസ്താവനയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത് റഖൈന്‍ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സ്ഥിതി മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day