|    Jul 21 Sat, 2018 5:45 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യര്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ മാനവരാശിക്കെതിരായ കുറ്റകൃത്യം : ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌

Published : 27th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യര്‍ക്കെതിരായ മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങള്‍ മാനവ രാശി്‌ക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു). കൊലപാതകം, ബലാല്‍സംഗവും മറ്റു ലൈംഗികാതിക്രമങ്ങളും, ബലംപ്രയോഗിച്ചുള്ള നാടുകടത്തലുകള്‍, പീഡനം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തി സൈന്യം അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണു നടത്തിയിട്ടുള്ളത്. റാഖൈന്‍ സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ നിന്നു റോഹിന്‍ഗ്യരെ ക്രൂരമായി ആട്ടിപ്പായിക്കുകയാണു സൈന്യം ചെയ്യുന്നതെന്ന് എച്ച്ആര്‍ഡബ്ല്യു നിയമ നയതന്ത്രകാര്യ ഡയറക്ടര്‍ ജെയിംസ് റോസ് പറഞ്ഞു. ഗ്രാമീണരെ കൂട്ടക്കൊല ചെയ്യുന്നതും വീടുകള്‍ തീവച്ച് ആളുകളെ കൂട്ടത്തോടെ ആട്ടിപ്പായിക്കുന്നതും മാനവ രാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. സൈന്യത്തിനു പുറമെ ബുദ്ധമത നേതാക്കളും ഇത്തരം കുറ്റകൃത്യങ്ങളില്‍ പങ്കാളികളാവുന്നതായും ജെയിംസ് റോസ് അറിയിച്ചു. മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കെതിരേ നടക്കുന്നതു മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളാണെന്നു പുറംലോകം അറിയണം. ഇക്കാര്യത്തില്‍ യുഎന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകളുടെ സമ്മര്‍ദ്ദം ഉയരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മ്യാന്‍മറിനെതിരേ ഉപരോധവും ആയുധവിലക്കും പ്രഖ്യാപിക്കാന്‍ യുഎന്‍ രക്ഷാസമിതി തയ്യാറാവണമെന്നും എച്ച്ആര്‍—ഡബ്ല്യു ആവശ്യപ്പെട്ടിരുന്നു. അതേസമയം, റോഹിന്‍ഗ്യര്‍ക്ക് എതിരേ വംശീയ അതിക്രമം നടക്കുന്നില്ലെന്നു മ്യാന്‍മര്‍ യുഎന്നില്‍ അവകാശപ്പെട്ടു. രാജ്യത്തു വംശീയ ഉന്‍മൂലനമോ, കൂട്ടക്കൊലയോ നടക്കുന്നില്ലെന്നും സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടിയാണു മ്യാന്‍മര്‍ പരിശ്രമിക്കുന്നതെന്നും യുഎന്നിലെ മ്യാന്‍മര്‍ സ്ഥാനപതി ഹോ ഡു സ്വാന്‍ പറയുന്നു. വംശീയമായ തുടച്ചുനീക്കലിനെയും കൂട്ടക്കൊലയെയും പ്രതിരോധിക്കുകയാണു തങ്ങള്‍ ചെയ്യുന്നതെന്നും തീവ്രവാദത്തിനെതിരേ പോരാടുകയും നിഷ്‌ക്കളങ്കരായ ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുകയാണു സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ഹോ ഡു സ്വാന്‍ അവകാശപ്പെട്ടു. മ്യാന്‍മര്‍ സൈന്യത്തിന്റെ ആക്രമണങ്ങളെ തുടര്‍ന്നു കഴിഞ്ഞ മാസം 25 മുതല്‍ ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജരുടെ എണ്ണം 4.8 ലക്ഷം കവിഞ്ഞു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളില്‍ 60 ശതമാനത്തിലധികവും കുട്ടികളാണെന്നു യുഎന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss