|    Jul 19 Thu, 2018 8:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യര്‍ക്കായി വാസസ്ഥലങ്ങള്‍നിര്‍മിക്കും: ഉര്‍ദുഗാന്‍

Published : 10th September 2017 | Posted By: mi.ptk

ഇസ്താംബൂള്‍: മ്യാന്‍മറില്‍ നിന്നു പലായനം ചെയ്ത് ബംഗ്ലാദേശിലെത്തുന്ന റോഹിന്‍ഗ്യന്‍ വംശജര്‍ക്കായി വാസയോഗ്യമായ ക്യാംപുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. സിറിയന്‍ അഭയാര്‍ഥികള്‍ക്കു നല്‍കിയതിനു സമാനമായ കൂടാരങ്ങളാണ് റോഹിന്‍ഗ്യര്‍ക്കു നല്‍കാനുദ്ദേശിക്കുന്നത്. ഇതിന് ബംഗ്ലാദേശ് സ്ഥലം ലഭ്യമാക്കിയാല്‍ മാത്രം മതി. നിലവില്‍ ബംഗ്ലാദേശിലുള്ള ക്യാംപുകള്‍ വാസയോഗ്യമല്ലെന്നും അദ്ദേഹം അറിയിച്ചു. കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ ചേരുന്ന ഓര്‍ഗണൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുമുമ്പ് ഇസ്താംബൂളിലെ അത്താതുര്‍ക് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍. റോഹിന്‍ഗ്യന്‍ വിഷയത്തില്‍ നയതന്ത്ര പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ലോകനേതാക്കളുമായി ചര്‍ച്ച നടത്തും. മ്യാന്‍മറില്‍ റോഹിന്‍ഗ്യര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരേ മുസ്‌ലിം രാജ്യങ്ങളുടെ ശക്തമായ പ്രതികരണം ഉയര്‍ന്നുവരാന്‍ ഒഐസി യോഗത്തിലെ ചര്‍ച്ചകള്‍ സഹായകമാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹാമിദുമായി റോഹിന്‍ഗ്യന്‍ വിഷയം സംബന്ധിച്ച്് ഉര്‍ദുഗാന്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബംഗ്ലാദേശിലെത്തിയ റോഹിന്‍ഗ്യരെ തുര്‍ക്കി പ്രഥമ വനിത അമീന ഉര്‍ദുഗാന്‍ കഴിഞ്ഞദിവസം സന്ദര്‍ശിച്ചിരുന്നു. തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കാവൂസൊഗ്ലുവും ബംഗ്ലാദേശ് സന്ദര്‍ശനത്തിനെത്തിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ശെയ്ഖ് ഹസീനയുമായും അവര്‍ കൂടിക്കാഴ്ച നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss