|    Oct 19 Fri, 2018 3:06 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎന്‍ ഇടപെടല്‍ ഒഴിവാക്കാന്‍ നീക്കം : നയതന്ത്ര ശ്രമങ്ങളുമായി മ്യാന്‍മര്‍

Published : 8th September 2017 | Posted By: fsq

 

യംഗൂണ്‍: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎന്‍ ശാസന ഒഴിവാക്കുന്നതിനു മ്യാന്‍മര്‍ നയതന്ത്ര കാര്‍ഡ് ഇറക്കുന്നു. രണ്ടാഴ്ചയ്ക്കിടെ ഒന്നര ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാന്‍ കാരണമായ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയുടെ ശാസന ഒഴിവാക്കുന്നതിനായി കഴിഞ്ഞ ദിവസം റഷ്യയും ചൈനയുമായി മ്യാന്‍മര്‍ ചര്‍ച്ച നടത്തിയിരുന്നു. വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ റാഖൈനില്‍ നിന്ന് ‘തീവ്രവാദികള്‍’ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചി ആരോപിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലായിരുന്നു സൂച്ചിയുടെ പ്രതികരണം. എന്നാല്‍, രാജ്യത്തുനിന്നു പലായനം ചെയ്ത റോഹിന്‍ഗ്യകളെക്കുറിച്ച് പ്രസ്താവനയില്‍ പരാമര്‍ശമില്ല. ഇന്തോനീസ്യയടക്കമുള്ള മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് സൂച്ചിക്കു മേല്‍ സമ്മര്‍ദം ഉയരുന്നുണ്ട്. മ്യാന്‍മറുമായി നയതന്ത്രബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇന്തോനീസ്യയില്‍ ഇസ്‌ലാമിക സംഘടനകളുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നിരുന്നു. മ്യാന്‍മറിലെ സംഘര്‍ഷം മഹാവിപത്തായി മാറുമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷിന്റെ പ്രതികരണവും മ്യാന്‍മര്‍ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണങ്ങള്‍ വംശീയ ഉന്‍മൂലനത്തിലേക്കാണ് നീങ്ങുന്നതെന്നും ഗുത്തേറഷ് മുന്നറിയിപ്പു നല്‍കിയിരുന്നു. യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയുമായി നടക്കുന്ന ചര്‍ച്ചകള്‍ റോഹിന്‍ഗ്യന്‍ വിഷയത്തില്‍ യുഎന്‍ പ്രമേയം പുറപ്പെടുവിക്കുന്നത് തടയാന്‍ സഹായകമാവുമെന്നു കരുതുന്നതായി മ്യാന്‍മര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തൗങ് തുന്‍ അഭിപ്രായപ്പെട്ടു. ചൈന സഖ്യരാഷ്ട്രമാണ്. റഷ്യയുമായും സമാന ബന്ധമുണ്ട്. അതിനാല്‍, മ്യാന്‍മര്‍ വിഷയം യുഎന്നില്‍ ഇനി മുന്നോട്ടുപോവാന്‍ സാധ്യതയില്ലെന്നും തുന്‍ പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss