|    Nov 13 Tue, 2018 11:09 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ വംശഹത്യ; സൂച്ചിക്കെതിരേ യുഎന്‍ മനുഷ്യാവകാശ കമ്മീഷണര്‍

Published : 31st August 2018 | Posted By: kasim kzm

ജനീവ: റോഹിന്‍ഗ്യന്‍ വംശഹത്യയില്‍ മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂച്ചിക്കെതിരേ വിമര്‍ശനവുമായി യുഎന്‍ മനുഷ്യാവകാശ വിഭാഗം തലവന്‍ സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍. റോഹിന്‍ഗ്യരെ ക്രൂരമായി വംശഹത്യ നടത്തിയ സൈന്യത്തിന്റെ നടപടികളില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണമെന്ന യുഎന്‍ റിപോര്‍ട്ട് മ്യാന്‍മര്‍ ഭരണകൂടം തള്ളിയ പശ്ചാത്തലത്തിലാണു റഅദ് അല്‍ ഹുസയ്‌ന്റെ പ്രതികരണം.
ആക്രമണങ്ങള്‍ നടത്തിയ സൈന്യത്തെ ന്യായീകരിക്കുന്നതിനു പകരം സൂച്ചി മിണ്ടാതിരിക്കുകയോ, അല്ലെങ്കില്‍ രാജിവയ്ക്കുകയോ ചെയ്യണമായിരുന്നെന്നു യുഎന്‍ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. സൈന്യത്തിന്റെ അതിക്രമങ്ങള്‍ക്കെതിരേ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന അധികാരസ്ഥാനത്തായിരുന്നു സൂച്ചി. അവര്‍ക്കു മിണ്ടാതിരിക്കാമായിരുന്നു. ഏറ്റവും നല്ലത് രാജി വച്ച് വീട്ടുതടങ്കലില്‍ കഴിയാമെന്നു പറയലായിരുന്നുവെന്നും റഅദ് അല്‍ ഹുസയ്ന്‍ അഭിപ്രായപ്പെട്ടു. സൈന്യത്തിന്റെ പ്രവൃത്തികള്‍ക്ക് സൂച്ചി ന്യായീകരണം ചമയ്ക്കാന്‍ ശ്രമിച്ചത് അത്യന്തം വേദനാജനകമായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റോഹിന്‍ഗ്യന്‍ വംശഹത്യ സംബന്ധിച്ച യുഎന്‍ റിപോര്‍ട്ട് അസത്യങ്ങള്‍ നിറഞ്ഞതാണെന്നായിരുന്നു മ്യാന്‍മര്‍ ഭരണകൂടം കഴിഞ്ഞദിവസം പ്രതികരിച്ചത്. കള്ളത്തരങ്ങളുടെ മഞ്ഞുമലയാണു മ്യാന്‍മറിന്റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നായിരുന്നു സൂച്ചിയുടെ പ്രതികരണം.
റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മാര്‍ സൈന്യം വംശഹത്യ നടത്തിയതായി യുഎന്‍ വസ്തുതാന്വേഷണ സംഘം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മ്യാന്‍മാര്‍ സൈനികോദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്നും റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
യുഎന്‍ കണ്ടെത്തലുകള്‍ തീര്‍ത്തും തെറ്റായതാണെന്നും സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നതായും സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് മ്യാന്‍മര്‍ ദേശീയ മാധ്യമമാണു റിപോര്‍ട്ട് ചെയ്തത്. മ്യാന്‍മറില്‍ തങ്ങള്‍ യുഎന്‍ വസ്തുതാന്വേഷണ സംഘത്തെ പ്രവര്‍ത്തിക്കാനോ, പ്രവേശിക്കാനോ അനുവദിച്ചിട്ടില്ല. അതിനാല്‍ രാജ്യത്തിനു പുറത്തു നിന്നു തയ്യാറാക്കിയ സമിതിയുടെ റിപോര്‍ട്ട് അംഗീകരിക്കാനോ, സൈനികര്‍ക്കെതിരേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ നിരവധി ആരോപണങ്ങള്‍ മ്യാന്‍മറിനെതിരേ ഉയരുന്നുണ്ടെന്നും രാജ്യത്തിനകത്തു തന്നെ ഇത്തരം റിപോര്‍ട്ടുകളുടെ വസ്തുതകള്‍ പരിശോധിക്കാന്‍ സ്വതന്ത്രസമിതി രൂപീകരിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമം റിപോര്‍ട്ട് ചെയ്തു.
റോഹിന്‍ഗ്യര്‍ക്കു നേരെ നടന്ന അതിക്രമങ്ങളെ അന്തരാഷ്ട്ര ക്രിമിനല്‍ക്കോടതിയില്‍ വിചാരണ നടത്തണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള വീഡിയോ ദ്യശ്യങ്ങളില്‍ നിന്നും റോഹിന്‍ഗ്യരുടെ അനുഭവങ്ങള്‍ കേട്ടവരില്‍ നിന്നായിരുന്നു യുഎന്‍ വസ്തുതാന്വേഷണ വിഭാഗം തെളിവുകള്‍ ശേഖരിച്ചിരുന്നത്.
മ്യാന്‍മറിലെ ആറ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ പേരെടുത്തു പറയുന്ന റിപോര്‍ട്ടില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങളെ മൗനാനുവാദം നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയും സ്റ്റേറ്റ് കൗണ്‍സിലറായ ഓങ് സാന്‍ സൂച്ചിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss