|    Dec 17 Mon, 2018 9:26 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ വംശഹത്യയുഎന്‍ റിപോര്‍ട്ട് തള്ളി മ്യാന്‍മര്‍

Published : 30th August 2018 | Posted By: kasim kzm

നേപിഡോ: റോഹിന്‍ഗ്യരെ ക്രൂരമായി വംശഹത്യ നടത്തിയ സൈന്യത്തിന്റെ നടപടികളില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണം നേരിടണമെന്ന യുഎന്‍ റിപോര്‍ട്ട് തള്ളി മ്യാന്‍മര്‍.
യുഎന്‍ കണ്ടെത്തലുകള്‍ തെറ്റാണെന്നും സര്‍ക്കാര്‍ ഇതു നിഷേധിക്കുന്നതായും സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമമാണു റിപോര്‍ട്ട് ചെയ്തത്. മ്യാന്‍മറില്‍ തങ്ങള്‍ യുഎന്‍ വസ്തുതാന്വേഷണ സംഘത്തെ പ്രവര്‍ത്തിക്കാനോ, പ്രവേശിക്കാനോ അനുവദിച്ചിട്ടില്ല. അതിനാല്‍ രാജ്യത്തിനു പുറത്തു നിന്നു തയ്യാറാക്കിയ സമിതിയുടെ റിപോര്‍ട്ട് അംഗീകരിക്കാനോ, സൈനികര്‍ക്കെതിരേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനോ സാധിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ നിരവധി വിമര്‍ശനങ്ങള്‍ മ്യാന്‍മറിനെതിരേ ഉയരുന്നുണ്ട്. അതിനാല്‍ രാജ്യത്തിനകത്ത് തന്നെ ഇത്തരം റിപോര്‍ട്ടുകളുടെ വസ്തുതകള്‍ പരിശോധിക്കാന്‍ സ്വതന്ത്രസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മാധ്യമം റിപോര്‍ട്ട് ചെയ്യുന്നു.
മ്യാന്‍മര്‍ സൈന്യവും ഭരണകൂടവും റഖൈനില്‍ നടത്തിയ ക്രൂരക്യത്യങ്ങളിലാണു കഴിഞ്ഞദിവസം യുഎന്‍ വസ്തുതാന്വേഷണ സമിതിയുടെ ഇടപെടലുണ്ടായത്. റോഹിന്‍ഗ്യര്‍ക്കു നേരെ നടന്ന അതിക്രമങ്ങളെ അന്തരാഷ്ട്ര ക്രിമിനല്‍ക്കോടതിയില്‍ വിചാരണ നടത്തണമെന്നും റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. മ്യാന്‍മറില്‍ നിന്നുള്ള വീഡിയോ ദ്യശ്യങ്ങളില്‍ നിന്നും റോഹിന്‍ഗ്യരുടെ അനുഭവങ്ങള്‍ കേട്ടവരില്‍ നിന്നുമാണ് യുഎന്‍ വസ്തുതാന്വേഷണ വിഭാഗം തെളിവുകള്‍ ശേഖരിച്ചത്.
മ്യാന്‍മറിലെ ആറ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ പേരെടുത്തു പറയുന്ന റിപോര്‍ട്ടില്‍ രാജ്യത്തു നടക്കുന്ന അക്രമങ്ങളെ മൗനാനുവാദം നല്‍കി പ്രോല്‍സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയെയും സ്റ്റേറ്റ് കൗണ്‍സിലറായ ഓങ് സാന്‍ സൂച്ചിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss