|    Oct 20 Sat, 2018 6:22 am
FLASH NEWS
Home   >  Editpage  >  Editorial  >  

റോഹിന്‍ഗ്യന്‍ പ്രശ്‌നവും സൂച്ചിയുടെ വംശവെറിയും

Published : 21st September 2017 | Posted By: fsq

 

ജനാധിപത്യത്തെയും മൗലികാവകാശങ്ങളെയും പിടിച്ച് ആണയിടുകയും അതിന്റെ പേരില്‍ ജയിലില്‍ പോവുകയും ചെയ്യുന്ന മഹതീമഹാന്മാര്‍, കിട്ടിയ അധികാരം അതെത്ര ചെറുതാണെങ്കിലും നിലനിര്‍ത്താന്‍ കാണിക്കുന്ന കസര്‍ത്തിന്റെ പ്രതീകമായി മാറിയിരിക്കുകയാണ് മ്യാന്‍മറിലെ ഓങ്‌സാന്‍ സൂച്ചി. മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ വംശജര്‍ക്കെതിരായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ ലോകത്തെങ്ങും വലിയ പ്രതിഷേധത്തിനു കാരണമായ പശ്ചാത്തലത്തില്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ നൊബേല്‍ സമാധാന സമ്മാനം നേടിയ സൂച്ചി നിര്‍ബന്ധിതയായി. മ്യാന്‍മറിന്റെ തലസ്ഥാനമായ നയ്പിഡോയില്‍ അവര്‍ നടത്തിയ പ്രസംഗം പരോക്ഷമായ വംശവെറിയുടെ തിളച്ചുമറിയലായിരുന്നു. 1962 തൊട്ട് റോഹിന്‍ഗ്യകള്‍ക്ക് പൗരത്വം നിഷേധിക്കുന്ന സൈനിക ഏകാധിപത്യം 2015 ഒക്ടോബര്‍ തൊട്ട് റഖൈന്‍ പ്രവിശ്യയില്‍ നടത്തുന്ന കൊടിയ പാതകങ്ങള്‍ക്കൊക്കെ കാരണം ദരിദ്രരും അശരണരുമായ റോഹിന്‍ഗ്യകളാണെന്നാണ് സൂച്ചി പറയുന്നത്. സൈനികര്‍ റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ വളഞ്ഞു വീടുകള്‍ക്കു തീകൊടുക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്റൈറ്റ്‌സ് വാച്ച് തുടങ്ങിയ മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിടുന്നതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് കഥയിലെ ചെന്നായയെപ്പോലെ സൂച്ചി ഇരകളില്‍ കുറ്റം ചാര്‍ത്തുന്നത്. അറാഖാനില്‍ ഒമ്പതാം നൂറ്റാണ്ടു തൊട്ട് ബര്‍മീസ് വംശജരുമായി വളരെ സഹകരണത്തില്‍ ജീവിച്ചിരുന്ന റോഹിന്‍ഗ്യകള്‍ക്ക് പട്ടാളഭരണം വന്നതു മുതലാണ് പീഡനപര്‍വം തുടങ്ങുന്നത്. മ്യാന്‍മറിന്റെ മറ്റു പ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിന്റെ ദുഷ്‌ചെയ്തികള്‍ രാജ്യത്തെ ഖനിജസമ്പത്തില്‍ കണ്ണുവയ്ക്കുന്ന ബാഹ്യശക്തികള്‍ അവഗണിക്കുന്നുവെന്നേയുള്ളൂ. എന്നാല്‍, പൊതുവില്‍ മ്യാന്‍മറുമായി വലിയ സൗഹൃദത്തിലുള്ള ചൈന പോലും ഇപ്രാവശ്യം റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള സൈനിക നടപടികളെ അപലപിക്കുന്നു. അലാസ്‌കയില്‍ മഞ്ഞുമല തകര്‍ന്നുവീണാല്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തുന്ന നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ വിഷം നിറഞ്ഞ വായയുള്ള ചില അനുയായികളും മാത്രമേ ഇന്ത്യയില്‍ റോഹിന്‍ഗ്യകളുടെ ദുരിതത്തില്‍ സങ്കടപ്പെടാതുള്ളൂ. മാത്രമല്ല, നമ്മുടെ ഇതഃപര്യന്തമുള്ള പാരമ്പര്യത്തില്‍ നിന്നു വ്യതിചലിച്ചുകൊണ്ട് ഭരണകൂടം, 40000ഓളം വരുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ രാജ്യരക്ഷയ്ക്ക് ഭീഷണിയാണെന്ന പെരുംനുണയാണ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചിരിക്കുന്നത്.എന്നാല്‍, അത്തരം വ്യാജ പ്രചാരണങ്ങള്‍ തിരസ്‌കരിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ റോഹിന്‍ഗ്യന്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ സൂചനകള്‍ കാണുന്നുണ്ട്. സ്വന്തം നാട്ടില്‍ നിന്നു പലായനം ചെയ്യുന്ന, മഴയിലും പട്ടിണിയിലും ജീവിതം തള്ളിനീക്കുന്ന അശരണരായ ആ ജനതയ്ക്കും അവരുടെ സങ്കടങ്ങള്‍ പങ്കുവയ്ക്കുന്ന ഒരുപാട് നല്ല മനുഷ്യര്‍ക്കും പ്രതീക്ഷയുണര്‍ത്തുന്ന നടപടികള്‍ മറ്റു രാജ്യങ്ങളിലും കാണുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss