|    Oct 20 Sat, 2018 6:26 am
FLASH NEWS
Home   >  Editpage  >  Editorial  >  

റോഹിന്‍ഗ്യന്‍ പ്രശ്‌നത്തിലെ ഇന്ത്യന്‍ നിലപാട്

Published : 8th September 2017 | Posted By: fsq

 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ മ്യാന്‍മറിലാണ്. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മ്യാന്‍മറില്‍ അദ്ദേഹം എത്തിയിരിക്കുന്നത്. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സുദൃഢമാക്കുക എന്നതാണ് ഇന്ത്യ എക്കാലവും അനുവര്‍ത്തിച്ചു പോന്ന നിലപാട്. രാജ്യത്തോട് ചേര്‍ന്നുകിടക്കുന്ന മ്യാന്‍മറുമായി ഇന്ത്യക്ക് ദീര്‍ഘകാലമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഈ നിലയിലൊക്കെ നോക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ അസ്വാഭാവികതതോന്നേണ്ടതില്ല.എന്നാല്‍, മേല്‍പ്പറഞ്ഞവിധം അലസനിരീക്ഷണം സാധ്യമാക്കുന്ന ഒരു പശ്ചാത്തലത്തിലല്ല മ്യാന്‍മര്‍ ഇപ്പോള്‍ ലോകത്തിനു മുമ്പില്‍ നില്‍ക്കുന്നത്. സ്വന്തം പൗരന്മാരില്‍ ഒരു വിഭാഗത്തെ, അവര്‍ രാജ്യത്തെ ഭൂരിപക്ഷ മതത്തിലല്ല വിശ്വസിക്കുന്നത് എന്നതിന്റെ പേരില്‍ മാത്രം അന്യരായും അപരരായും മുദ്രകുത്തുകയും രാജ്യത്തു നിന്ന് പുറന്തള്ളാന്‍ ശ്രമിക്കുകയുമാണ് മ്യാന്‍മറിലെ ഭരണകൂടം. ഈ ലക്ഷ്യത്തോടെ ആയിരക്കണക്കിന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്തതിന്റെ വാര്‍ത്തകളാണ് മ്യാന്‍മറില്‍ നിന്ന് പുറംലോകത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. അഹിംസയെ ഏറ്റവും അടിസ്ഥാനപരമായ ആദര്‍ശവാക്യമാക്കി കടന്നുവന്ന ഒരു മതത്തിന്റെ അനുയായികള്‍ അവിശ്വസനീയവും ഭാവനാതീതവുമായ ഹിംസയുടെ ധാരാളിത്തം കൊണ്ടു ലോകത്തെങ്ങുമുള്ള മനുഷ്യരെ നടുക്കംകൊള്ളിക്കുകയാണ്.മ്യാന്‍മറില്‍ നടക്കുന്നത് ഭീകരമായ വംശഹത്യയാണെന്ന് ലോകത്തെ പ്രമുഖ മനുഷ്യാവകാശ പ്രസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അവിടെ നടക്കുന്ന വംശീയാതിക്രമങ്ങളെ ഐക്യരാഷ്ട്രസഭയും ലോകരാജ്യങ്ങളും അപലപിച്ചുകഴിഞ്ഞു. മ്യാന്‍മറിലെ കൂട്ടക്കുരുതിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നു. സ്ത്രീകളെയും കുട്ടികളെയും ഈവിധം ക്രൂരതയ്ക്ക് ഇരയാക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ലെന്ന് ലോകം ഒരേ സ്വരത്തില്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു.നിരപരാധികളായ മനുഷ്യരുടെ ചോരക്കറ പുരണ്ടാണ് മ്യാന്‍മര്‍ ലോകത്തിനു മുമ്പില്‍ നില്‍ക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭം സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി തിരഞ്ഞെടുത്തത് അസ്വസ്ഥകരമാണ്. അവിടെ വച്ചുള്ള പ്രധാനമന്ത്രിയുടെ പ്രതികരണങ്ങള്‍ ആ അസ്വസ്ഥത വര്‍ധിപ്പിക്കുന്നേയുള്ളൂ. മ്യാന്‍മര്‍ ദേശീയനേതാവ് ഓങ് സാന്‍ സൂച്ചിയെ വാനോളം പുകഴ്ത്തിയ അദ്ദേഹം അവിടെ നടക്കുന്ന റോഹിന്‍ഗ്യകള്‍ക്കെതിരായ വംശീയാക്രമണങ്ങളെക്കുറിച്ചു മൗനം ദീക്ഷിക്കുകയാണ് ചെയ്തത്. ഇത്തരം നിലപാടുകള്‍ നമ്മുടെ രാജ്യം ചിരകാലമായി പുലര്‍ത്തിപ്പോന്ന മൂല്യങ്ങള്‍ക്കും തത്ത്വാധിഷ്ഠിത സമീപനങ്ങള്‍ക്കും ചേര്‍ന്നതല്ലെന്നു വ്യക്തമാണ്.വംശീയതയിലൂന്നിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദി. വ്യക്തികള്‍ അവരുടെ നിലവാരത്തിനൊത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം അങ്ങനെയാവരുതല്ലോ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss