|    Oct 19 Fri, 2018 11:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യന്‍ പലായനം : സഹായവുമായി ഇന്ത്യന്‍ വിമാനം ബംഗ്ലാദേശിലേക്ക്‌

Published : 15th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ ബുദ്ധസന്ന്യാസിമാരുടെ വംശഹത്യയില്‍ നിന്നു രക്ഷതേടി ബംഗ്ലാദേശിലേക്കു പലായനം ചെയ്ത റോഹിന്‍ഗ്യന്‍ വംശജര്‍ക്ക് സഹായവുമായി ഇന്ത്യ. ബംഗ്ലാദേശില്‍ അഭയാര്‍ഥികളായിട്ടുള്ള റോഹിന്‍ഗ്യര്‍ക്കുള്ള സാധന സാമഗ്രികള്‍ അടങ്ങിയ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ബംഗ്ലാദേശില്‍ ഇറങ്ങുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഭക്ഷ്യവസ്തുക്കളും കൊതുകുവലയുമാവും ഇന്ത്യ ബംഗ്ലാദേശിനു കൈമാറുക. വിവിധ ഘട്ടങ്ങളായാണ് വിതരണം നടത്തുക. ഒന്നാംഘട്ടത്തില്‍ ചിറ്റഗോങ് പര്‍വതമേഖലയിലാണ് സഹായവിതരണം. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷവര്‍ധന്‍ ശ്രിഗേല ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുല്‍ ഖാദറിന് കൈമാറും. മ്യാന്‍മറില്‍ നിന്ന് ഏറ്റവുമധികം പലായനം നടക്കുന്നത് ബംഗ്ലാദേശിലേക്കാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശ് രാജ്യാന്തരസമൂഹത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സഈദ് അലി വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറെ കണ്ട് അഭയാര്‍ഥിപ്രശ്‌നം ചര്‍ച്ചചെയ്യുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിന്റെ ആവശ്യം പരിഗണിച്ച് ‘ഓപറേഷന്‍ ഇന്‍സാനിയ്യത്ത്’ എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായവിതരണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.മൂന്നരലക്ഷത്തിലേറെ റോഹിന്‍ഗ്യന്‍ വംശജര്‍ ഇതിനകം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ ഔദ്യോഗിക കണക്ക്. അതേസമയം, ഇന്ത്യയിലേക്ക് അഭയാര്‍ഥികളായെത്തിയ റോഹിന്‍ഗ്യരെ നാടുകടത്താനുള്ള ശ്രമമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss