|    Nov 19 Mon, 2018 6:58 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

റോഹിന്‍ഗ്യന്‍ ദുരിതവും ലോകവും

Published : 19th September 2017 | Posted By: fsq

 

സി ജെ  വേളിമാന്‍

നിങ്ങള്‍ക്ക് ഒരു മുസ്‌ലിം ജനവിഭാഗം താമസിക്കുന്ന പ്രദേശം കീഴടക്കുകയും അവരെ വംശശുദ്ധീകരണം നടത്തുകയും ചെയ്യുന്നതിന് പാശ്ചാത്യ പിന്തുണ ലഭിക്കണമെങ്കില്‍ അവരെ ‘തീവ്ര ഇസ്‌ലാമിക ഭീകരര്‍’ എന്നു വിശേഷിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഇസ്രായേല്‍ എന്ന വംശവെറി രാഷ്ട്രം നമ്മെ പഠിപ്പിച്ചതാണത്. കഴിഞ്ഞ 50 വര്‍ഷമായി ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ ഇസ്‌ലാമിക ഭീകരതയെന്നാണ് ഇസ്രായേല്‍ വിളിക്കാറ്. ഇസ്രായേലിനു പഠിക്കുകയാണ് മ്യാന്‍മറിലെ, സമാധാനത്തിനു നൊബേല്‍ അടിച്ചെടുത്ത ഓങ്‌സാന്‍ സൂച്ചി. 13 ലക്ഷം വരുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്‍മര്‍ ഭരണകൂടം വിജയകരമായി വംശഹത്യ നടത്തുമ്പോള്‍ സൂച്ചി അതിന് ‘അമുസ്‌ലിംകളെ ആക്രമിക്കുന്ന തീവ്രവാദി-ഭീകരവാദികളാണ്’ കാരണമെന്നു പറയുന്നു. സ്വന്തം ഭരണകൂടം വ്യവസ്ഥാപിതമായി റോഹിന്‍ഗ്യകളെ കൊല്ലുകയും ആട്ടിപ്പായിക്കുകയും ചെയ്യുമ്പോള്‍, തന്റെ കണ്‍മുമ്പില്‍ വച്ചു നടക്കുന്ന കൊടുംഭീകരതകളില്‍ നിന്ന് അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രദ്ധ തെറ്റിക്കാന്‍ സൂച്ചിക്കു കഴിയുമോ എന്നു കണ്ടറിയേണ്ടിയിരിക്കുന്നു. പക്ഷേ, ലോകം എന്തുകൊണ്ടാണ് മ്യാന്‍മറില്‍ നടക്കുന്ന അതിക്രമങ്ങളെപ്പറ്റി പൊതുവില്‍ മൗനം പാലിക്കുന്നത്? പാശ്ചാത്യ രാഷ്ട്രീയ വിശിഷ്ടവര്‍ഗത്തിന് അങ്ങകലെയുള്ള ഒരു നാട്ടില്‍ നടക്കുന്ന മുസ്‌ലിംനശീകരണം തങ്ങളുടെ താല്‍പര്യങ്ങളെയും നേട്ടങ്ങളെയും ഒട്ടും ബാധിക്കില്ലെന്നറിയാം. മറ്റാരുടെയോ തോക്കിന്‍മുനയില്‍ പിടഞ്ഞുവീഴുന്ന മുസ്‌ലിംകളുടെയോ മറ്റേതെങ്കിലും ജനതയുടെയോ ജീവിതങ്ങള്‍ അവര്‍ക്കൊരു പ്രശ്‌നമാവില്ല. വിശേഷിച്ച്, പല പാശ്ചാത്യര്‍ക്കും ഭൂപടത്തില്‍ കണ്ടുപിടിക്കാന്‍ പ്രയാസമായ ഒരു രാജ്യത്താണ് കൊലകള്‍ നടക്കുന്നത്. അതിനാല്‍ റോഹിന്‍ഗ്യകള്‍ക്കെതിരായ നീക്കങ്ങള്‍ പാശ്ചാത്യലോകത്ത് വലിയ രാഷ്ട്രീയ സമവായമുണ്ടാക്കുന്നതിനോ സൈനികവും നയതന്ത്രപരവുമായ നടപടികള്‍ തുടങ്ങുന്നതിനോ പ്രേരണയാവുക പ്രയാസകരമാണ്. വംശഹത്യയുടെ ഇരകള്‍ മുസ്‌ലിംകളാവുമ്പോഴൊക്കെ പ്രതികരണങ്ങള്‍ ദുര്‍ബലമാവുന്നതാണ് അനുഭവം. ബോസ്‌നിയക്കാരെ ക്രൊഓട്ടുകളും സെര്‍ബുകളും കൊലചെയ്യുമ്പോള്‍ ഏതാണ്ട് നാലുവര്‍ഷം, 1991 തൊട്ട് 1995 വരെ, യുഎസും നാറ്റോ സഖ്യരാഷ്ട്രങ്ങളും ഒരുവശത്ത് കാണികളായി നില്‍ക്കുന്നുണ്ടായിരുന്നു. ഡച്ച് പട്ടാളക്കാരുടെ സാന്നിധ്യത്തില്‍ 8000ഓളം മുസ്‌ലിംകളെ സെബ്രനീച്ചയില്‍ സെര്‍ബുകള്‍ കൊന്നൊടുക്കിയപ്പോള്‍ 36 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് അമേരിക്കന്‍ ഇടപെടലിനെ അനുകൂലിച്ചത്. മാത്രമോ, സെബ്രനീച്ചയിലെ കൂട്ടക്കൊല നടക്കുന്നതിന് ആറാഴ്ച മുമ്പു തന്നെ സെര്‍ബുകള്‍ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്ന വിവരം യുഎസ്-ബ്രിട്ടിഷ് ഇന്റലിജന്‍സിന് അറിയാമായിരുന്നു. അവരത് പൂഴ്ത്തിവച്ചു. യുഗോസ്ലാവിയയെ രക്ഷിക്കാനുള്ള മരമണ്ടന്‍ ‘മഹാപദ്ധതി’ക്കായി രണ്ടു രാജ്യങ്ങളും കാത്തുനില്‍ക്കുന്നതിനിടയിലാണ് ബോസ്‌നിയന്‍ മുസ്‌ലിംകളെ അവര്‍ ബലിനല്‍കിയത്. 2010നു ശേഷം റോഹിന്‍ഗ്യക്കാര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുകയായിരുന്നു. 2010ലാണ് പട്ടാളഭരണം ഏതാണ്ട് ഒരു അര്‍ധ ജനാധിപത്യ വ്യവസ്ഥയായി മാറുന്നത്. ഇക്കാലത്ത് മ്യാന്‍മര്‍ ഭരണകൂടം അശിന്‍ വിരാതു എന്ന മുസ്‌ലിംവിരുദ്ധനായ ബൗദ്ധസന്ന്യാസിയുടെ നേതൃത്വത്തിലുള്ള സംഘവുമായി കൊഞ്ചുകയായിരുന്നു. 969 എന്ന വിരാതുവിന്റെ സായുധസംഘം റോഹിന്‍ഗ്യക്കാരെ മ്യാന്‍മര്‍ സമൂഹത്തിന്റെ സ്ഥിരം ഭീഷണിയാണെന്നായിരുന്നു പ്രചരിപ്പിച്ചിരുന്നത്. മ്യാന്‍മറില്‍ ഈ ഭീകരര്‍ മുസ്‌ലിം പൗരന്‍മാര്‍ക്കും അയല്‍പക്ക രാഷ്ട്രങ്ങള്‍ക്കും എതിരായി അതിക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അയല്‍പക്ക രാഷ്ട്രങ്ങളുടെ പ്രതികരണം പാശ്ചാത്യര്‍ക്കു തുല്യമായിരുന്നു. ബംഗ്ലാദേശും മലേസ്യയും ഇന്തോനീസ്യയും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളാണ്. അവരൊക്കെ മ്യാന്‍മറില്‍ വികസിക്കു ന്ന വലിയൊരു മനുഷ്യാവകാശ പ്രതിസന്ധിയില്‍ നിന്ന് ഒഴിഞ്ഞുമാറി. സാമ്പത്തികനില കാരണം ഇനിയും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ പറ്റില്ല എന്ന നിലപാടിലായിരുന്നു അവര്‍. അങ്ങനെയൊരു സന്ദേശം മ്യാന്‍മറിനു കൊടുക്കാനാണ് മലേസ്യ ഉദ്ദേശിക്കുന്നത് എന്നാണ് അവരുടെ വിദേശകാര്യ ഉപമന്ത്രി പറഞ്ഞത്. തായ്‌ലന്‍ഡും അങ്ങനെയൊരു നയം സ്വീകരിച്ചു. സൗദി അറേബ്യ, പാകിസ്താന്‍ എന്നീ നാടുകളും അലംഭാവം കാണിച്ചു. കാരണം, ആ രണ്ടു രാജ്യങ്ങളിലെയും ഭരണവര്‍ഗത്തിന് റോഹിന്‍ഗ്യന്‍ പ്രശ്‌നം ഒരു ഭീഷണിയായിരുന്നില്ല എന്നതാണു കാര്യം. എന്നാല്‍, ആഗോളതലത്തില്‍ ജനങ്ങള്‍ക്കിടയില്‍ റോഹിന്‍ഗ്യകളോടുള്ള അനുതാപ തരംഗം വ്യാപിക്കുകയാണ്. ഇന്തോനീസ്യ, പാകിസ്താന്‍, ബംഗ്ലാദേശ്, തുര്‍ക്കി തുടങ്ങിയ മുസ്‌ലിം രാജ്യങ്ങളില്‍ ഭരണാധികാരികളുടെ നിസ്സംഗതയ്ക്ക് അറുതിവരുത്തണമെന്ന മുദ്രാവാക്യമുയര്‍ത്തി വലിയ പ്രകടനങ്ങള്‍ നടക്കുന്നു. മാധ്യമങ്ങള്‍ ഈ വികാരം പ്രതിഫലിപ്പിക്കുന്നു; അതിനനുസരിച്ചുള്ള രാഷ്ട്രീയ സമ്മര്‍ദവും വര്‍ധിക്കുന്നു. അതിന് ഫലങ്ങളുണ്ടാവും എന്നു പ്രതീക്ഷിക്കുക.          ി(ആസ്‌ത്രേലിയന്‍ ഗ്രന്ഥകാരനാണ് സി ജെ വേളിമാന്‍.)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss