|    Sep 20 Thu, 2018 4:27 pm
FLASH NEWS

റോഹിന്‍ഗ്യന്‍ ജനതയോടുള്ള ക്രൂരത അവസാനിപ്പിക്കണം : ഐക്യദാര്‍ഢ്യ സമ്മേളനം

Published : 5th October 2017 | Posted By: fsq

 

കോഴിക്കോട്: റോഹിന്‍ഗ്യന്‍ ജനതയോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ്്‌ലിം കോ-ഓഡിനേഷന്‍ കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച റോഹിങ്ക്യന്‍ ഐക്യദാര്‍ഢ്യ മനുഷ്യാവകാശ സമ്മേളനം ആവശ്യപ്പെട്ടു. മ്യാന്‍മറിലെ  പട്ടാളവും ഭരണകൂടവും റോഹിങ്ക്യന്‍ ജനതയെ വംശവെറിയോടെ കൊന്നുതള്ളുമ്പോള്‍ അവിടെനിന്ന് കൊടിയ പീഡനം സഹിക്കാനാവാതെ പ്രാണനും കൊണ്ട് ഓടിവന്നവരെ ആട്ടിപ്പായിച്ച് ദുരിതക്കയത്തിലേക്ക് മടക്കിവിടാനുള്ള ശ്രമമാണ് ഇന്ത്യന്‍ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ സഹിഷ്ണുതയുടെ പാരമ്പര്യം മുറുകെപ്പിടിച്ച്  അഭയാര്‍ഥികള്‍ക്ക് വേണ്ട സഹായം ചെയ്തുകൊടുക്കാന്‍ ഭരണകൂടം തയ്യാറാവണമെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങുന്ന നിസ്സഹായരായവരെ ഭരണകൂടം ഭീകര  മുദ്രചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ്. ആ സാധുക്കളെ മനുഷ്യരായി കാണാനും ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശം പാലിക്കാനും വൈമനസ്യം കാണിക്കരുത്. കേന്ദ്രഭരണകൂടത്തിന്റെ ഇരട്ടത്താപ്പിനും മനുഷ്യത്വവിരുദ്ധ സമീപനത്തിനും എതിരായി, ഇന്ത്യയിലെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി മുസ്‌ലിംലീഗ് ഉള്‍പ്പെടെ സുപ്രീം കോടതിയില്‍ നടത്തുന്ന പോരാട്ടത്തില്‍ വലിയ പ്രതീക്ഷയുണ്ട്. രാജ്യാന്തര നിയമവും രാജ്യത്തെ നിയമവുമാണ് ഭരണകൂടം കാറ്റില്‍ പറത്തുന്നത്. നിരാശ്രയരായ ജനതയ്ക്കുവേണ്ടിയുള്ള പോരാട്ടം ഏതറ്റംവരെയും  സഹനത്തോടെ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. ബംഗ്ലാദേശ് കുന്നുകളില്‍ നിന്നുള്ള ചക്മ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാവുന്ന നമ്മുടെ സര്‍ക്കാര്‍ റോഹിങ്ക്യകളുടെ കാര്യത്തില്‍ തീവ്രവാദം എന്ന പൊയ്‌വെടി പ്രയോഗിച്ച് ആട്ടിപ്പായിക്കുകയാണ്. ഇത് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന സന്ദേശം ലോകത്തിന് കൈമാറിയ ഇന്ത്യാ മഹാരാജ്യത്തെ മറ്റുള്ളവര്‍ക്കുമുമ്പില്‍ ചെറുതാക്കുന്നതിനേ വഴിവയ്ക്കു. നമ്മുടെ രാജ്യം അങ്ങിനെ ഒരിക്കലും ചെറുതായിട്ടില്ല.തിബത്തില്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ബുദ്ധമതക്കാരുടെ നേര്‍ക്കുള്ള പീഡനങ്ങള്‍ക്കെതിരേ ആളും അര്‍ഥവും കൊണ്ട് പ്രതിരോധിച്ചവരാണ് നാം. അവരുടെ ആത്മീയ നേതാവ് ദലൈലാമയ്ക്ക് അഭയം നല്‍കിയതിന്റെ പേരില്‍ ഒരു യുദ്ധംതന്നെ നേരിടേണ്ടിവന്നു ഇന്ത്യാ രാജ്യത്തിന്. ആഫ്രിക്കയിലും ഫലസ്തീനിലും ലോകത്തെവിടെയും മനുഷ്യത്വത്തിനെതിരായ കൈയേറ്റങ്ങള്‍ നടക്കുമ്പോള്‍ പീഡിതരോട് ഒട്ടിനിന്ന ചരിത്രമാണ് ഇന്ത്യയുടേതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.റോഹിങ്ക്യന്‍ ജനതയുടെ വസ്ത്രധാരണ രീതി കേരളീയരില്‍ നിന്ന് വ്യത്യസ്തമായതിനാല്‍, വസ്ത്രം ശേഖരിച്ച് അഭയാര്‍ഥി ക്യാംപുകളിലേക്ക് അയക്കുന്നതിനേക്കാള്‍ നല്ലത് മറ്റുരീതിയിലുള്ള സഹായങ്ങള്‍ അവര്‍ക്കെത്തിക്കുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച  മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ട്രഷറര്‍ പി വി അബ്ദുല്‍വഹാബ് എംപി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സിപിഐ ദേശീയ സമിതി അംഗം ബിനോയ് വിശ്വം, ഡോ. കെഎസ് മാധവന്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ടി പി അബ്ദുല്ലക്കോയ മദനി (കെഎന്‍എം), ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്്‌ലാമി), പ്രഫ. എ കെ അബ്ദുല്‍ഹമീദ് (എപി വിഭാഗം), ഡോ. സാബിര്‍ നവാസ് (വിസ്ഡം), എ നജീബ് മൗലവി (സമസ്താന), അബുല്‍ഖൈര്‍ മൗലവി (തബ്്‌ലീഗ്), ഡോ. പി എ ഫസല്‍ഗഫൂര്‍ (എംഇഎസ്), പി ഉണ്ണീന്‍ (എംഎസ്എസ്), സിറാജ് ഇബ്രാഹീം സേട്ട്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, കോ-ഓഡിനേഷന്‍ കണ്‍വീനര്‍ കെപിഎ മജീദ്, ഡോ. എംഐ മജീദ് സ്വലാഹി സംസാരിച്ചു. സിവിഎം വാണിമേല്‍ രചിച്ച മരണപ്പാടം എന്ന കവിത ഗായകന്‍ വിടി മുരളി ആലപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss