|    Oct 19 Fri, 2018 7:28 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണം : യുഎന്‍

Published : 15th September 2017 | Posted By: fsq

 

ന്യൂയോര്‍ക്ക്: മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ സൈന്യം നടത്തുന്ന  കൂട്ടക്കുരുതി എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുത്തേറഷും രക്ഷാസമിതിയും മ്യാന്‍മര്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സുരക്ഷാ നടപടികളുടെ പേരില്‍ സൈന്യം നടത്തുന്ന അതിക്രമത്തില്‍ സമിതിയിലെ 15 രാഷ്ട്രങ്ങള്‍ ആശങ്ക പ്രകടപ്പിക്കുകയും അക്രമത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ബ്രിട്ടന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളുടെ അഭ്യര്‍ഥനപ്രകാരമായിരുന്നു ബുധനാഴ്ച രക്ഷാകൗണ്‍സില്‍ യോഗം ചേര്‍ന്നത്്്.റോഹിന്‍ഗ്യകള്‍ക്കെതിരേ സൈന്യം നടത്തുന്ന അതിക്രമങ്ങളെ വംശഹത്യ എന്നാണ്് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്തോണിയോ ഗുത്തേറഷ് വിശേഷിപ്പിച്ചത്.സൈന്യത്തിന്റെ നടപടികള്‍ ന്യായീകരിക്കാന്‍ പറ്റാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യാന്‍മര്‍ ഭരണകൂടം എല്ലാ സൈനിക നടപടികളും ഉടന്‍ നിര്‍ത്തിവച്ച് മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കണം.   അറാഖാന്‍ മേഖലയിലെ ക്രമസമാധാനം പുനസ്ഥാപിക്കണമെന്നും രാജ്യത്തുനിന്നു പലായനം ചെയ്ത എല്ലാവര്‍ക്കും അവരുടെ അവകാശങ്ങള്‍ അനുവദിച്ചുനല്‍കണമെന്നും ഗുത്തേറഷ് ന്യൂയോര്‍ക്കില്‍ വിളുച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  സൈന്യത്തിന്റെ അതിക്രമങ്ങളുടെ ഫലമായി അറാഖാനിലെ ജനങ്ങളിലെ മൂന്നിലൊന്നും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായിരിക്കെ ഇതിനെ കുറിക്കാന്‍ വംശഹത്യ എന്നതിനെക്കാള്‍ നല്ല പ്രയോഗമില്ലെന്നും യുഎന്‍ മനുഷ്യാവകാശ വിഭാഗം മോധാവി സെയ്ദ് റഅദ് അല്‍ ഹുസയ്ന്‍ പറഞ്ഞു.  ദുരന്തപൂര്‍ണമാണ് അവരുടെ അവസ്ഥ. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവര്‍ക്കും വിവേചനരഹിതമായി സഹായമെത്തിക്കണമെന്നും അറാഖാന്‍ പ്രവിശ്യയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്നും ചൈന അടക്കമുള്ള സമിതി അംഗങ്ങള്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പ്രധാന ചുവടുവയ്പാണിതെന്ന് ബ്രട്ടിഷ് പ്രതിനിധി മാത്യു റൈക്രോഫ്റ്റ് പറഞ്ഞു. ഒമ്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മ്യാന്‍മര്‍ വിഷയത്തിലുള്ള പ്രസ്താവനയില്‍ സമിതി യോജിപ്പിലെത്തുന്നത്.  അവിടെ നിന്നും പലായനം ചെയ്യുന്നവര്‍ക്ക് മാനുഷിക പിന്തുണ ലഭ്യമാവാന്‍ അന്താരാഷ്ട്ര സമൂഹം ഊര്‍ജിത ശ്രമങ്ങള്‍ നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഈ മാസം 20നു നടക്കുന്ന യുഎന്‍ പൊതുസഭയില്‍ മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ്‌സാന്‍ സൂച്ചി പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് 15 അംഗ രക്ഷാസമിതി അംഗങ്ങള്‍ ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നത്. റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള മ്യാന്‍മര്‍ സൈന്യത്തിന്റെ കൊടുംക്രൂരത അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റും ആവശപ്പെട്ടു. രോഹിന്‍ഗ്യകള്‍ക്കെതിരായ അതിക്രമത്തെ ബ്രസല്‍സില്‍ ചേര്‍ന്ന യോഗം ശക്തമായി അപലപിച്ചു. റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി  ജസ്റ്റിന്‍ ട്രുഡ്യൂ മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിയോട് ആവശ്യപ്പെട്ടു. ഫോണില്‍ സൂച്ചിയുമായി ബന്ധപ്പെട്ട അദ്ദേഹം സൈനിക നടപടിയില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. സൂച്ചിക്ക് കാനഡ നല്‍കിയ പൗരത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 10,000 പേര്‍ ഒപ്പിട്ട ഹരജി ലഭിച്ചതിനു പിന്നാലെയായിരുന്നുട്രുഡ്യൂയുടെ ഫോണ്‍ സംഭാഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss