|    Oct 19 Fri, 2018 2:17 pm
FLASH NEWS

റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ ദിനം : പ്രതിഷേധമിരമ്പി

Published : 9th September 2017 | Posted By: fsq

 

കോഴിക്കോട്: മ്യാന്‍മര്‍ ഭരണകൂടത്തിന്റെ ക്രൂരതക്കിരയായി വംശഹത്യ നേരിടുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ  റോഹിന്‍ഗ്യന്‍ ദിനമായി ആചരിച്ചു. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനങ്ങളും ഐക്യദാര്‍ഢ്യ സംഗമങ്ങളും സംഘടിപ്പിച്ചു. കോഴിക്കോട് സിറ്റിയില്‍ നടന്ന പ്രകടനം ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. മ്യാന്‍മറില്‍ സൈന്യം മുസ്‌ലിംകള്‍ക്ക് നേരെ ക്രൂരമായ നരഹത്യ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവിടെ സന്ദര്‍ശിച്ച് പുതിയ സഹകരണ കരാറുകളില്‍ ഒപ്പിടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‌ലിം വംശവെറിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തത്. രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന നാല്‍പതിനായിരത്തോളം റോഹിന്‍ഗ്യരെ നാട് കടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി അപലപിക്കുന്നു. വംശവെറിയും വംശഹത്യയും ലോക മനുഷ്യാവകാശ സംഘടന നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അഭയാര്‍ഥികളെ അവരുടെ ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുള്ള നാട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനവുമാണ്.മ്യാന്‍മര്‍ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം വരുന്ന മുസ്ലിംകളെ ക്രൂരമായി ആക്രമിച്ചും കടുത്ത നിയമങ്ങള്‍ ചുമത്തിയും ഇല്ലാഴ്മ ചെയ്യാനുള്ള നീക്കം തീവ്ര ബുദ്ധിസ്റ്റുകളും സൈന്യവും ചേര്‍ന്ന് നടത്തികൊണ്ടിരിക്കുകയാണ്.                      ഏഴാം നൂറ്റാണ്ടിലാണ് ആദ്യ റോഹിന്‍ഗ്യ സംഘം മ്യാന്‍മറെന്ന പഴയ ബര്‍മ്മയിലെത്തിയത്.  മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ തീരപ്രദേശമായ അറക്കാന്‍ സ്—റ്റേറ്റില്‍  ഭൂരിപക്ഷം വരുന്ന റോഹിന്‍ഗ്യന്‍ ജനത ലോകത്ത് തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അനുഭവിക്കുന്നത്. 1942 മുതല്‍ 1992 കാലയളവിനുള്ളില്‍ ഏഴ് ലക്ഷത്തിലധികം മുസ്—ലിംകളെ ഔദ്യോഗികമായി നാട് കടത്തിയിട്ടുണ്ട്. അനൗദ്യോഗിക കണക്ക് ഇതിലുമെത്രയോ അധികമാണ്. 1982ല്‍ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി റോഹിന്‍ഗ്യകളുടെ പൗരത്വം റദാക്കിയതോടെ അവരുടെ ദുരിതം വര്‍ധിച്ചു. വിദ്യാഭാസത്തിനും തൊഴിലിനും അവകാശം നിഷേധിക്കപ്പെട്ടു. ജനസംഖ്യ നിയന്ത്രിക്കുന്നതിന് പുരുഷന്മാരുടെ വിവാഹപ്രായം മുപ്പത് വയസും സ്ത്രീകളുടെത് ഇരുപത്തിയഞ്ച് വയസുമാക്കി നിയമംകൊണ്ട് വന്നു. മത ചടങ്ങുകള്‍ കുറ്റകരമായി പ്രഖ്യാപിച്ചു.കഴിഞ്ഞ ആഗസ്ത് 27 ന് ആരംഭിച്ച കണ്ണില്‍ ചോരയില്ലാത്ത ക്രൂരതകള്‍ സൈന്യം തുടരുന്ന പശ്ചാത്തലത്തില്‍ യുഎന്നിന്റെ അഭ്യര്‍ഥന പോലും അവഗണിക്കുന്ന മ്യാന്‍മര്‍ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കിഡ്‌സന്‍ കോര്‍ണറില്‍ സമാപിച്ചു. വാഹിദ് ചെറുവറ്റ, അബ്ദുല്‍ ഖയ്യൂം, റഊഫ് കുറ്റിച്ചിറ, സക്കീര്‍ വെങ്ങാലി, എന്‍.പി ഗഫൂര്‍, പി പി നൗഷീര്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss