|    Aug 18 Sat, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നു; ചക്മ ബുദ്ധ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നു

Published : 14th September 2017 | Posted By: fsq

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ചക്മ ബുദ്ധ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാനൊരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മ്യാന്‍മര്‍ ഭരണകൂടത്തിന്റെയും ബുദ്ധ സന്യാസിമാരുടെയും ഭീകരമായ പീഡനങ്ങള്‍ക്കിരയായി ഇന്ത്യയില്‍ അഭയം തേടിയ റോഹിന്‍ഗ്യന്‍ ജനതയെ സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് നാടുകടത്താനൊരുങ്ങുമ്പോഴാ ണ് ഈ നീക്കം.  1960കളില്‍ കിഴക്കന്‍ പാകിസ്താനിലെ, ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ചിറ്റഗോങ് പര്‍വതമേഖലയില്‍ നിന്ന് ഇന്ത്യയിലേക്കു കടന്ന ഒരു ലക്ഷത്തില്‍ അധികം വരുന്ന ചക്മ-ഹജോങ്‌സ് ബുദ്ധ-ഹൈന്ദവ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു, അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു എന്നിവരാണ് ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തത്. 1964മുതല്‍ അരുണാചല്‍പ്രദേശിന്റെ പല ഭാഗങ്ങളിലായി താമസിച്ചുവരുന്ന ചക്മകള്‍ക്ക് പൗരത്വം നല്‍കാമെന്ന് 2015ല്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇതു സംസ്ഥാനത്തിന്റെ ജനസംഖ്യാ വിന്യാസത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നു പറഞ്ഞ് ഈ നീക്കം സംസ്ഥാനസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ചക്മ-ഹജോങ്‌സ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചതായി ഇന്നലെ നടന്ന യോഗത്തില്‍  മുതിര്‍ന്ന മന്ത്രാലയ വക്താവ് വ്യക്തമാക്കി. അതേസമയം, അരുണാചല്‍പ്രദേശില്‍ ഇവര്‍ക്ക് ഭൂമിയുടെ ഉടമാവകാശത്തിന് അര്‍ഹത ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ചക്മ-ഹജോങ്‌സ് വിഭാഗങ്ങളെ ഇന്ത്യക്കാരായി അംഗീകരിച്ചാല്‍ സംസ്ഥാനത്തെ തദ്ദേശീയരായ ജനവിഭാഗങ്ങളെ ഇതു ദോഷകരമായി ബാധിക്കുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ വാദിക്കുന്നത്. തദ്ദേശീയര്‍ ന്യൂനപക്ഷമായി മാറുമെന്നും സര്‍ക്കാര്‍ തൊഴിലവസരങ്ങളും മറ്റും നഷ്ടപ്പെടുമെന്നുമാണു പ്രധാന വിമര്‍ശനം. അരുണാചലിന്റെ വിദൂര പ്രദേശങ്ങളില്‍ വനമേഖലകളിലും തദ്ദേശീയരായ ജനങ്ങള്‍ എത്തിപ്പെടാത്തിടങ്ങളിലും ഭൂമിയില്‍ അവകാശം നല്‍കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്. 1964-69 കാലയളവില്‍ 5000 മായിരുന്നു ഇവരുടെ ജനസം ഖ്യ. ഇപ്പോള്‍ ഒരു ലക്ഷത്തില്‍ അധികം പേരാണ് ഇന്ത്യയിലെ പശ്ചിമബംഗാള്‍, ത്രിപുര, അസം, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലായി പരന്നു കിടക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും യുഎന്‍ അഭയാര്‍ഥി ഏജന്‍സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss