|    Jul 16 Mon, 2018 10:28 am
Home   >  Todays Paper  >  page 9  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കണമെന്ന് യുഎന്‍

Published : 11th September 2017 | Posted By: fsq

 

കോക്‌സ് ബസാര്‍: മ്യാന്‍മറില്‍ നിന്നു ബംഗ്ലാദേശിലെത്തുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് യുഎന്‍  ആവശ്യപ്പെട്ടു. മ്യാന്‍മറില്‍ പട്ടാളത്തിന്റെ ക്രൂരമായ നടപടികള്‍ കാരണം മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്ന് 15 ദിവസത്തിനിടെ മൂന്നു ലക്ഷത്തോളം റോഹിന്‍ഗ്യന്‍ വംശജര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കു പലായനം ചെയ്തതായി കഴിഞ്ഞ ദിവസം യുഎന്‍ അറിയിച്ചിരുന്നു.അഭയാര്‍ഥികള്‍ പട്ടിണി കിടന്ന് വളരെ ക്ലേശകരമായ അവസ്ഥയിലാണ് ബംഗ്ലാദേശിലെത്തുന്നത്. കോക്‌സ് ബസാര്‍ മേഖലയിലെ സന്നദ്ധ സംഘടനകള്‍ നേരത്തെത്തന്നെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നുണ്ട്. മ്യാന്‍മറിലെ സംഘര്‍ഷത്തില്‍ നിന്നു റോഹിന്‍ഗ്യകള്‍ വെറുംകൈയോടെയാണ് രക്ഷ തേടിയെത്തുന്നത്. ഇവരെ സഹായിക്കാന്‍ കോക്‌സ് ബസാറിലെ സന്നദ്ധ സം—ഘടനകള്‍ക്ക് ആഗോളസമൂഹത്തിന്റെ അടിയന്തര സഹായം അത്യാവശ്യമാണെന്നും ബംഗ്ലാദേശിലെ യുഎന്‍ റസിഡന്റ് കോ-ഓഡിനേറ്റര്‍ റോബര്‍ട്ട് വാറ്റ്കിന്‍സ് അറിയിച്ചു. അഭയാര്‍ഥികളെ സഹായിക്കാന്‍ 77 മില്യന്‍ ഡോളര്‍ അടിയന്തരമായി ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മ്യാന്‍മറിലെ റോഹിന്‍ഗ്യന്‍ വിമതവിഭാഗമായ അരകാന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (അര്‍സ) ഒരു മാസത്തേക്ക് ഏകപക്ഷീയമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ശനിയാഴ്ച മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തിയതായും അര്‍സ അറിയിച്ചു. സംഘര്‍ഷം രൂക്ഷമായ റാഖൈനില്‍ സമാധാനം പുനസ്ഥാപിക്കാനാണ് നടപടി. കഴിഞ്ഞ ആഗസ്ത് 25ന് അര്‍സ പ്രവര്‍ത്തകര്‍ മ്യാന്‍മര്‍ പോലിസിനെ ആക്രമിച്ചു എന്നാരോപിച്ചാണ് പട്ടാളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ ക്രൂരമായ മനുഷ്യാവകാശ ധ്വംസന നടപടികള്‍ സ്വീകരിച്ചുതുടങ്ങിയത്. ശനിയാഴ്ചയാണ് അര്‍സ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, മ്യാന്‍മര്‍ ഭരണകൂടം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ബംഗ്ലാദേശില്‍ നാലു ലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുണ്ടെന്നാണ് കണക്ക്. ബുദ്ധമതക്കാര്‍ക്കു ഭൂരിപക്ഷമുള്ള രാജ്യത്ത് ദീര്‍ഘകാലമായി റോഹിന്‍ഗ്യന്‍ വംശജര്‍ക്കു പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. റോഹിന്‍ഗ്യകള്‍ക്കെതിരായ ആക്രമണങ്ങളും സൈനിക നടപടികളും വംശീയ ഉന്‍മൂലനത്തിലേക്കു നീങ്ങുന്നതായി മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss