|    Jul 21 Sat, 2018 1:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുരക്ഷാഭീഷണി തന്നെ : നിലപാടിലുറച്ച് കേന്ദ്രം

Published : 19th September 2017 | Posted By: fsq

 

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ദേശസുരക്ഷയ്ക്കു ഭീഷണിയാണെന്ന നിലപാട് വ്യക്തമാക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.മ്യാന്‍മറിലെ ഭരണകൂട പിന്തുണയോടെ നടക്കുന്ന വംശഹത്യയില്‍ നിന്നു രക്ഷ തേടി നാടുവിട്ട് ഇന്ത്യയില്‍ എത്തിയിരിക്കുന്ന റോഹിന്‍ഗ്യന്‍ കുടിയേറ്റക്കാര്‍ നിയമപ്രകാരം, പൂര്‍ണമായും നിയമവിരുദ്ധരായ കുടിയേറ്റക്കാരാണെന്നും ഇവര്‍ രാജ്യത്തിന് ഗുരുതരമായ സുരക്ഷാഭീഷണിയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച 16 പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. ഇവര്‍ ഇന്ത്യയില്‍ തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയെ സങ്കീര്‍ണമായി ബാധിക്കുമെന്നും കേന്ദ്രം വ്യക്തമാക്കുന്നുണ്ട്. ചില റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്ക് പാകിസ്താനിലെ തീവ്രവാദി സംഘങ്ങളുമായി ബന്ധമുള്ളതായി രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അഭയാര്‍ഥികളെ രാജ്യത്തു സ്ഥിരതാമസമാക്കാന്‍ അനുവദിക്കണോ എന്ന കാര്യം തീരുമാനിക്കാനുള്ള അവകാശം സര്‍ക്കാരിനാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയിലേക്കു കടത്താന്‍ മ്യാന്‍മര്‍, പശ്ചിമബംഗാള്‍, ത്രിപുര എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ചില അഭയാര്‍ഥികള്‍ക്ക് ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സംഘടനയുമായും പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും ബന്ധമുണ്ടെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്. അതിനാല്‍ ഇവരെ രാജ്യത്തു നിന്ന് തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഇന്ത്യയില്‍ നിന്ന് നാടുകടത്താനുള്ള നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ സുപ്രിംകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ റോഹിന്‍ഗ്യകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘം 2012 മുതല്‍ സജീവമാണെന്നും ഇതുവരെ 40,000ലധികം റോഹിന്‍ഗ്യകളെ രാജ്യത്തേക്ക് എത്തിച്ചുവെന്നും  കേന്ദ്ര ആഭ്യന്തരമന്ത്രാലയം കോടതിയില്‍ വ്യക്തമാക്കി. റോഹിന്‍ഗ്യകള്‍ക്ക് അനധികൃതമായി തിരിച്ചറിയല്‍ കാര്‍ഡുകളും പാന്‍കാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. കൂടാതെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹവാല ഇടപാടുകളിലൂടെ പണം ലഭിക്കുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദബന്ധമുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ബുദ്ധമതക്കാരായ ഇന്ത്യന്‍ പൗരന്‍മാര്‍ക്കെതിരേ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ റോഹിന്‍ഗ്യകളെ നാടുകടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss