|    Jul 18 Wed, 2018 8:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റോഹിന്‍ഗ്യകളെ നേരിടാന്‍ ഗ്രനേഡും മുളകുപൊടിയും

Published : 24th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഭരണകൂടത്തിന്റെ ഒത്താശയോടെ വംശീയ ഉന്മൂലനം നടക്കുന്ന മ്യാന്‍മറില്‍ നിന്ന് റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനായി ബംഗ്ലാദേശിനോട് ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി മുളക് സ്‌പ്രേയും ഗ്രനേഡുകളുമാണ് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേന ഉപയോഗിക്കുന്നതെന്ന് മുതിര്‍ന്ന ബിഎസ്എഫ്് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താന്‍ റോഹിന്‍ഗ്യകളെ അനുവദിക്കില്ല. പ്രവേശനം തടയുന്നതിനായി അവരെ പരിക്കേല്‍പ്പിക്കുകയോ പിടികൂടുകയോ ചെയ്യില്ല. മുളക് സ്‌േപ്ര അടക്കമുള്ള ഗ്രനേഡുകള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ റോഹിന്‍ഗ്യകളെ ഞങ്ങള്‍ തടയുന്നത്. ഇവിടെ സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാണ്- പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി കടന്ന്് പശ്ചിമബംഗാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന റോഹിന്‍ഗ്യകളെ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍ പി എസ് ജസ്‌വാളും വ്യക്തമാക്കി. മുളക് സ്‌പ്രേയും ഉഗ്രശബ്ദമുണ്ടാക്കുന്ന സ്റ്റണ്‍ ഗ്രനേഡുകളും ഉപയോഗിച്ച് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ആട്ടിയോടിക്കാന്‍ തങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ജസ്വാള്‍ കൂട്ടിച്ചേര്‍ത്തു. റാഖൈനില്‍ ഭരണകൂടത്തിന്റെ പിന്തുണയോടെ സൈന്യം നടത്തുന്ന കൂട്ടക്കുരുതിയില്‍ നിന്ന് രക്ഷതേടി രാജ്യം വിട്ട നാലര ലക്ഷത്തോളം റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശില്‍ അഭയംതേടിയിരിക്കുന്നത്. വംശീയ ഉന്മൂലനത്തിന്റെ മികച്ച പാഠപുസ്തകമാണ് മ്യാന്‍മറില്‍ നടക്കുന്നതെന്നാണ് ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 40,000ത്തോളം റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ രാജ്യത്തിന് വന്‍  ഭീഷണിയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss