|    Dec 15 Sat, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റോണോ തിരിച്ചെത്തുന്നു; സീരി എയില്‍ പൊടിപാറും

Published : 24th November 2018 | Posted By: kasim kzm

ഫെറാറ(ഇറ്റലി): സ്പാനിഷ് പെണ്‍ സുഹൃത്ത് ജോര്‍ജിന റോഡ്രിഗസുമായുള്ള വിവാഹത്തിനു ശേഷം സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ തന്റെ ടീമായ ജുവന്റസിലേക്കു തിരിച്ചെത്തുന്നു. ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് സ്പാലുമായുള്ള മല്‍സരത്തില്‍ റോണോ ഇറങ്ങുമെന്നാണറിയുന്നത്.
ഇറ്റാലിയന്‍ ചാംപ്യന്മാരായ യുവന്റ്‌സ് സീരി എയില്‍ റോണോയുടെ ചിറകിലേറി നിലവില്‍ 34 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 12 മല്‍സരങ്ങളില്‍ ഒരു തോല്‍വിപോലും വഴങ്ങിയിട്ടില്ലാത്ത യുവന്റസ് 11 ജയവും ഒരു സമനിലയുമായി തൊട്ടുപിന്നിലുള്ള ക്ലബ്ബായ നാപോളിയെക്കാള്‍ ആറു പോയിന്റ് മുന്നിലാണ്. ഇന്റര്‍മിലാന്‍, മിലാന്‍, റോമ എന്നിവയെല്ലാം മൂന്നോ നാലോ തോല്‍വി നേരിട്ടവയാണ്.
യുവേഫ നാഷന്‍സ് ലീഗില്‍ റൊണാള്‍ഡോയെ കൂടാതെയാണ് പോര്‍ച്ചുഗല്‍ സെമി വരെ എത്തിയത്. എന്നാല്‍ റോണോ ടീമിന്റെ ഭാഗമാണെന്ന് കോച്ച് വിശദീകരിച്ചിരുന്നു. അതിനിടെ ബാലന്‍ ദ്യോര്‍ പുരസ്‌കാര പട്ടികയില്‍ അവസാന മൂന്നില്‍ ക്രിസ്ത്യാനോ ഇല്ലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
ഡിസംബര്‍ മൂന്നിന് പാരിസില്‍ വിജയിയെ പ്രഖ്യാപിക്കുമ്പോഴേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. അഞ്ചുതവണ ബാലന്‍ ദ്യോര്‍ നേടിയ കളിക്കാരനാണ് ക്രിസ്ത്യാനോ. സൗഹൃദ ഫുട്‌ബോള്‍ ഉള്‍പ്പെടെ പോര്‍ച്ചുഗലിന്റെ കഴിഞ്ഞ നാല് അന്താരാഷ്ട്ര മല്‍സരങ്ങളിലും ടീം മാനേജ്‌മെന്റ് വിശ്രമമനുവദിച്ചതിനാല്‍ റോണോ കളിച്ചിരുന്നില്ല.
ഈ സീസണില്‍ നാലു കളികളില്‍ മൂന്നിലും വിജയിച്ച സ്പാല്‍ പക്ഷേ, ഒളിംപിക് സ്റ്റേഡിയത്തില്‍ വച്ചു 2-0ന് തോല്‍പിച്ച ശേഷം ഒരു വിജയമേ നേടിയിട്ടുള്ളൂ. ഇന്ന് രാത്രി 10.30നാണ് യുവന്റസ്-സ്പാല്‍ മല്‍സരം. മറ്റൊരു മല്‍സരത്തില്‍ റോമ യുഡിനീസിനെ നേരിടും. ഇന്റര്‍മിലാന്‍, പാര്‍മ, നാപോളി എന്നിവയുടെ മല്‍സരം നാളെയാണ്.
അടുത്തയാഴ്ച ചാംപ്യന്‍സ് ലീഗില്‍ വലന്‍സിയയുമായി ഏറ്റുമുട്ടാനുള്ളതിനാല്‍ അതീവ ശ്രദ്ധയോടെയാണ് യുവന്റസ് മാനേജര്‍ മാക്‌സ് അലെഗ്രി സീരി എയില്‍ ടീമിനെ അണിനിരത്തുന്നത്. ഇന്ന് റോണോയെ ഇറക്കുകയാണെങ്കില്‍ മറ്റൊരു സൂപ്പര്‍ താരമായ പൗലോ ഡിബാലയെ ബെഞ്ചിലിരുത്താനാണ് സാധ്യത. രണ്ടുപേരെയും ഇറക്കുന്നത് വലന്‍സിയയുമായുള്ള മല്‍സരത്തെ ബാധിക്കാം എന്നതിനാലാണിത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss