|    Feb 24 Sat, 2018 1:59 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

റോഡ് സുരക്ഷാവാരം : വാഹനങ്ങള്‍ക്കുള്ളിലെ പുകവലി അപകടകരമെന്നു വിദഗ്ധര്‍

Published : 16th January 2017 | Posted By: fsq

 

തിരുവനന്തപുരം: വാഹനങ്ങളിലിരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിനു മാത്രമല്ല; റോഡപകടങ്ങളുടെ സാധ്യതകൂടി വര്‍ധിപ്പിക്കുന്നതായി വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തരം പുകവലി ഡ്രൈവറുടെ ശ്രദ്ധ പാളുന്നതിനുള്ള മുഖ്യ കാരണങ്ങളിലൊന്നായാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നതെന്ന് നാറ്റ്പാക് ഡയറക്ടര്‍ ഡോ. ബി ജി ശ്രീദേവി പറഞ്ഞു. വാഹനമോടിക്കുന്നതിനിടെ, സിഗരറ്റ് തപ്പുന്നതും തീ കൊളുത്തുന്നതുമുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ ജാഗ്രത ഡ്രൈവറുടെ നഷ്ടപ്പെടുത്തുന്നതിലൂടെ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഡ്രൈവിങില്‍ നിമിഷനേരത്തെ അശ്രദ്ധപോലും വന്‍ ദുരന്തങ്ങള്‍ക്കു കാരണമാവുന്നുണ്ട്. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി യാത്രക്കാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഹാനികരമായതിനാല്‍ ഈ വിഷയത്തില്‍ ഗവേഷണങ്ങള്‍ക്കു നടപടി തുടങ്ങിയതായും അവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷയും പുകയില നിയന്ത്രണവുമുള്‍പ്പെടെയുള്ള പൊതുജനാരോഗ്യ വിഷയങ്ങളില്‍ സമഗ്രമായ ബോധവല്‍ക്കരണം നടത്തണമെന്ന് ഐഎല്‍ ആന്റ് എഫ്എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്‌സ് ലിമിറ്റഡിന്റെ അസോഷ്യേറ്റ് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ പണ്ടാല പറഞ്ഞു. വാഹനങ്ങള്‍ക്കുള്ളിലെ പുകവലി ശീലത്തിനെതിരേയുള്ള നടപടികള്‍ റോഡ് സുരക്ഷയും ആരോഗ്യസുരക്ഷയും ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതുവാഹനങ്ങളിലും ബസ് ഡിപ്പോകളിലും ബസ്സ്റ്റാന്‍ഡുകളിലും പുകവലിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് 2015ല്‍ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ രേഖാമൂലം നിര്‍ദേശം നല്‍കിയിരുന്നു. കോട്പ നിയമപ്രകാരം പുകവലിക്കുന്നവരില്‍നിന്ന് പിഴയീടാക്കാനുള്ള അധികാരം കണ്ടക്ടര്‍ തൊട്ടു മുകളിലോട്ടുള്ളവര്‍ക്കുണ്ട്.  200 രൂപയാണ് പിഴ.  പുകവലി പാടില്ല എന്ന സചിത്ര സൂചനാബോര്‍ഡ് എല്ലാ പൊതു വാഹനങ്ങളിലും പതിച്ചിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. നിയമലംഘനങ്ങള്‍ പ്രതിമാസ  റിപോര്‍ട്ടുകളില്‍ പരാമര്‍ശിക്കണം. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരവും പൊതുവാഹനങ്ങള്‍ ഓടിക്കുന്നതിനിടെയുള്ള പുകവലി, ഡ്രൈവറെ അയോഗ്യനാക്കാനും ലൈസന്‍സ് റദ്ദുചെയ്യാനും പര്യാപ്തമായ കുറ്റമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss