|    Jan 19 Thu, 2017 3:55 am
FLASH NEWS

റോഡ് ഷോ 2016 അഥവാ നേതാക്കളുടെ യാത്ര

Published : 15th January 2016 | Posted By: SMR

വികടന്‍

അങ്ങനെ നമ്മുടെ കൊച്ചുകേരളത്തിലെ സകല രാഷ്ട്രീയപ്പാര്‍ട്ടികളും അതിന്റെ തലപ്പത്തിരിക്കുന്ന ആശാന്‍മാരും അവരവരുടെ റീബ്രാന്‍ഡിങിനായി റോഡ് ഷോ ആരംഭിച്ചിരിക്കുന്നു. ചിലത് തുടങ്ങി. ചിലതു തുടങ്ങാനിരിക്കുന്നു. മറ്റു ചിലത് തുടങ്ങും. എല്ലാറ്റിന്റെയും തുടക്കം കാസര്‍കോട്ടുനിന്നു തന്നെയാണ്. ഓറടെ ഭാഗ്യേ…
ഒന്ന്, ജനരക്ഷായാത്രയാണ്. ജനരക്ഷകനായി വേഷമിട്ടത് സാക്ഷാല്‍ വി എം സുധീരന്‍ തന്നെ. ഇത്രയും ലക്ഷണമൊത്ത രാമനെ, ശ്ശെ ക്ഷമിക്കണം മര്യാദരാമനെ മഷിയിട്ടുനോക്കിയാല്‍പ്പോലും രാഷ്ട്രീയകേരളത്തില്‍നിന്നു ലഭിക്കാനിടയില്ല. ഏതായാലും വീരസുധീരന്‍ജി യാത്രയിലാണ്. മലപ്പുറം ജില്ലയിലേക്കു പ്രവേശിക്കുമ്പോള്‍ കൊണ്ടോട്ടിയില്‍ കാലുകുത്തരുതെന്ന് യാത്രയ്ക്കിടെ സുധീരന്‍ജിയോട് ലീഗ് നേതാക്കള്‍ ചട്ടംകെട്ടിയിട്ടുണ്ടെന്നാ കേള്‍ക്കുന്നത്. കൊണ്ടോട്ടിക്കു തൊട്ടുമുമ്പ് പുളിക്കലില്‍ സ്‌റ്റോപ്പുണ്ടെന്നും കേള്‍ക്കുന്നു. ന്നാ പിന്നെ കോഴിക്കോട്-പാലക്കാട് ടിടിയില്‍ കയറുന്നതാ ഭേദം. കേരള ഹീറോ കുഞ്ഞാപ്പയുടെ സ്വന്തം മണ്ഡലമായ വേങ്ങരയില്‍ വരെ മുന്നണി കട്ടപ്പുറത്താണ്. അതുകൊണ്ട് പുളിക്കല്‍ കഴിഞ്ഞ് നേരെ മണ്ണാര്‍ക്കാട്ടേക്കു പിടിക്കുകയായിരിക്കും സുധീരന്‍ജിക്ക് നല്ലത്.
അതങ്ങനെ പോട്ടെ. മറ്റൊന്ന് പുറപ്പെടുന്നതിനു മുമ്പേ വരവറിയിച്ചുകഴിഞ്ഞു. മ്മടെ നവകേരളയാത്രെയ്… ദേശീയ മാധ്യമങ്ങടക്കം വളരെ ശ്രദ്ധയോടെ തന്നെയാണ് വാര്‍ത്തകള്‍ നല്‍കിയത്. മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെ അവതാരങ്ങളായാണ് കണ്ണൂരിലെ പ്രച്ഛന്നവേഷം. മലപ്പുറത്തെത്തുമ്പോള്‍ ബദ്ര്‍ യുദ്ധത്തിലെ ഉമറും ഹംസയുമൊക്കെയാവാനും വഴിയുണ്ട്. മധ്യകേരളത്തില്‍ ഗീവര്‍ഗീസ് പുണ്യാളനാവും വേഷം. ഫലപ്രാപ്തിയുണ്ടാവട്ടെയെന്നൊരു പ്രാര്‍ഥന മാത്രമേയൂള്ളൂ.
അതിനിടയ്ക്കാണ് സഖാവ് തോമസ് ഐസക്കിന്റെ ശ്രദ്ധേയമായ ഒരു നിരീക്ഷണം കേള്‍വിപ്പെട്ടത്. രാജ്യപുരോഗതിക്കായി സഖാവ് മുന്നോട്ടുവച്ചൊരു നിര്‍ദേശമാണത്. തിരുവനന്തപുരത്ത് ശ്രീ അനന്തപത്മനാഭന്റെ നികുതിശേഖരം തൊടാതെ തന്നെ സെക്യൂരിറ്റിയാക്കി വിദ്യാഭ്യാസത്തിനും മറ്റുമായി വായ്പയെടുക്കാമെന്ന്. ബലേ ഭേഷ്… വാട്ട് ആന്‍ ഐഡിയ. ആന്‍ ഐഡിയ കാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ്. അതുതെന്നയാണ് കണ്ണൂര്‍ സഖാക്കളും ചെയ്തത്. മതത്തില്‍ തൊടാതെ മഹാഭാരതത്തെ സെക്യൂരിറ്റിയാക്കി രാ്രഷ്ടീയലാഭത്തിനായി പോസ്റ്ററാക്കിയത്. അതും വണ്ടര്‍ഫുള്‍ ഐഡിയ.
ഇതൊക്കെ കഴിയുമ്പോഴേക്കും സാക്ഷാല്‍ ഹീറോ പുറപ്പെടാനിരിക്കുന്നേയുള്ളൂ. കേരളത്തിന്റെ രണ്ടാംമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ യാത്ര. അതിനും വേണമെങ്കില്‍ വേഷംകെട്ടാമായിരുന്നു. ചരിത്രത്തിലേക്കൊരു കൊളുത്ത് വേണ്ടേ… അല്ലെങ്കില്‍ വ്യവസായ വിപ്ലവത്തിന്റെ പുതിയ പിതാവെന്നോ, ഐടിയുടെ നിത്യഹരിത നായകനെന്നോ ഒക്കെ വിശേഷിപ്പിക്കേണ്ടിവരും. സഖാക്കള്‍ക്ക് അര്‍ജുനനും ദുര്യോധനനുമൊക്കെയാവാമെങ്കില്‍ ജനാബിന് ഒരു കുഞ്ഞാലിമരക്കാരായെങ്കിലും വേഷംകെട്ടിക്കൂടേ? സാമൂതിരി രാജാവിന്റെ നാവികന്‍. അങ്ങനയാവുമ്പോ, ഒരു ഉസ്രും പുളിയുമുണ്ടാവുമെന്നാ ഞമ്മക്ക് തോന്നണ്. ല്ലെ ഒരിമ്പം കിട്ടാന്‍. എന്തൊക്കെ പറഞ്ഞാലും ലീഗിനെ ങ്ങള് അത്ര ചെറിയ പാര്‍ട്ടിയാക്കി തള്ളണ്ടാ ട്ടോ. പണ്ട് ഖാഇദേ മില്ലത്ത് ഇസ്മായില്‍ സാഹിബ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പുനസ്ഥാപിക്കുമ്പോള്‍ ‘ചത്ത കുതിര’യെന്നായിരുന്നു പണ്ഡിറ്റ് നെഹ്‌റു വിളിച്ചത്. ആ കുതിര പിന്നെ എത്ര പാഞ്ഞിക്ക്ണ്ന്ന് പണ്ഡിതനുണ്ടോ അറിയിണ്. കേരളത്തില്‍നിന്നു മുന്നണിയിലെ ഒരേയൊരു എംപി മാത്രമുള്ള കാലവുമുണ്ടായില്ലേ… അതൊക്കെ ങ്ങള് മറന്നക്ക്‌ണോ? ഇപ്പോ ആ കുതിര ചത്താല്‍ പതിനഞ്ച്, പാഞ്ഞാല്‍ 21 എന്ന നിലയില്‍ മുസ്‌ലിം ലീഗ് ജയിക്കുമെന്നതില്‍ കുഞ്ഞാപ്പയ്‌ക്കോ ലീഗ് അണികള്‍ക്കോ ഒരു സംശയവുമില്ല. എങ്കിലും ലേസം പേടിണ്ട്‌ട്ടോ. അതുകൊണ്ടാണീ വെളിപ്പെടല്‍.
ഇതൊക്കെ പോരാഞ്ഞിട്ട് മ്പളെ കുമ്മനം ചേട്ടനും പുറപ്പെടാണത്രെ. കലാക്ഷേത്രം ഹരിഗോവിന്ദന്റെ കൊട്ടിപ്പാട്ടുണ്ടെങ്കില്‍ ഭേഷായി. അങ്ങനെയും റീബ്രാന്‍ഡിങാവാം. സോണിക്ക് ബ്രാന്‍ഡിങ് എന്നാണെെത്ര പരസ്യക്കാര്‍ അതിനെ വിളിക്കുക. ശകലം സംഗീതമങ്ങട് ചെന്നാല്‍… പിന്നൊരു ഹര ഹര ഹരോഹര. കുമ്മനംജിക്ക് ഇതൊരു പരീക്ഷണമാ. പുതിയ സോഷ്യല്‍ എന്‍ജിനീയറിങിന്റെ പരീക്ഷണച്ചുമതല അദ്ദേഹത്തിനാണ്. പക്ഷേ, എന്തുചെയ്യാന്‍. അദ്ദേഹം വളരെ വൈകിക്ക്ണു.
ശ്രീമാന്‍ കുമ്മനം രാജശേഖരന്‍ജി കാസര്‍കോട്ടെത്തുമ്പോഴേക്കും വിവരമുള്ള നടുക്കണ്ടം ഹിന്ദുക്കളെ സുധീരന്‍ജി തന്റെ കൂടെ കൂട്ടിയിരിക്കും. ബാക്കിയുള്ള മഹാഭൂരിപക്ഷം ഹിന്ദുക്കളെ മഹാഭാരതം വഴി നവകേരള ശില്‍പി പിണറായി സഖാവും കൂടെ കൂട്ടി. ന്നാലും യാത്ര തുടരട്ടെ. ഹിന്ദുക്കള്‍ക്ക് ഐക്യപ്പെടാന്‍ തോന്ന്യാല്‍… നമ്മുക്ക് സര്‍ക്കാരുണ്ടാക്കാന്നെയ്.
അതിനിടയില്‍ ഐഎന്‍എല്ലും ബിഎസ്പിയും ജാഥയ്ക്കിറങ്ങിയത് കോമഡിയില്‍ തന്നെയുള്ള കോമിക് ഇന്റര്‍ലുഡ്.

ശുഭം. $

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക