|    Aug 21 Mon, 2017 9:31 pm
FLASH NEWS

റോഡ് ശോച്യാവസ്ഥയില്‍ : വിത്തുകാട് കോളനിക്കാര്‍ദുരിതംപേറുന്നു

Published : 13th August 2017 | Posted By: fsq

 

മേപ്പാടി: മലയാളം പ്ലാന്റേഷന്റെ വാഹനം കൊണ്ടുവരാന്‍ വേണ്ടി അവര്‍ നിര്‍മിച്ച സോളിങ് റോഡാണ് ഇന്നും വിത്തുകാട് താമസിക്കുന്ന 30ല്‍പരം പട്ടികജാതി കുടുംബങ്ങളുടെ ആശ്രയം. സ്വാതന്ത്ര്യത്തിനു ശേഷം കമ്പനി മാറി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് ആയി. റോഡ് കമ്പനി ഗ്രാമപ്പഞ്ചായത്തിന് വിട്ടുകൊടുത്തു. പക്ഷേ, ആ റോഡിന് പിന്നീടൊരു പുരോഗതിയും ഇന്നുവരെ ഉണ്ടായില്ല. ഇരു മുന്നണികളും മാറിമാറി സംസ്ഥാനവും പഞ്ചായത്തും ഭരിച്ചു. ബ്രിട്ടീഷുകാര്‍ അന്നിട്ട കല്ലുകളാണ് അവിടവിടെയായി റോഡില്‍ അവശേഷിക്കുന്നത്. മഴ പെയ്താല്‍ അര കിലോമീറ്ററോളം റോഡ് ചെളിക്കണ്ടം ഉഴുതിട്ടതുപോലെയാവും. ഒരു വാഹനവും ഇവിടേക്ക് വരില്ല. രോഗിയെ ആശുപത്രിയിലെത്തിക്കണമെങ്കില്‍ തലയിലേറ്റണം. വോട്ട് ചോദിക്കാനല്ലാതെ രാഷട്രീയക്കാരും ഇവിടേക്ക് തിരിഞ്ഞുനോക്കാറില്ലെന്നു പ്രദേശവാസികള്‍ പറയുന്നു. ഇതിനിടയില്‍ 2008ല്‍ ഭൂമി കൈയേറ്റ സമരത്തില്‍ പങ്കെടുത്ത് 90ഓളം കുടുംബങ്ങള്‍ കൂടി വിത്തുകാടെത്തി. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും യാതൊരുവിധ പുരോഗതിയും വിത്തുകാടിന് ഉണ്ടായിട്ടില്ല. ഇങ്ങനെ കുറേ പാവങ്ങള്‍ ഇവിടെ കഴിയുന്ന കാര്യം പോലും അധികൃതര്‍ മറക്കുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി. വാഹനമെത്തുന്ന ഒരു റോഡ് എന്നതാണിവരുടെ ചിരകാലാഭിലാഷം. സ്വാതന്ത്ര്യാനന്തരം ഉണ്ടായിട്ടുള്ള നേട്ടങ്ങളുടെ അവകാശം തങ്ങള്‍ക്കു കൂടിയില്ലേ, എന്നാണിവര്‍ ചോദിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക